Month: ജൂലൈ 2022

സഞ്ചരിക്കുന്ന ദൈവകൃപ

ഇന്ത്യയിലെ റോഡ് യാത്ര നിങ്ങളെ ചില അപകടകരമായ റോഡുകളിൽ എത്തിക്കും. ജമ്മു കാശ്മീരിലെ "കില്ലർ - കിഷ്ത്വാർ റോഡ് " ആണ് അതിൽ ഒന്നാമത്തേത്. വടക്കുപടിഞ്ഞാറേക്ക് നീങ്ങിയാൽ ഗുജറാത്തിലെ ദൂമാസ് ബീച്ച് അടുക്കുമ്പോൾ നിങ്ങൾ ഭീതിദമായ മനോനിലയിലാകും. മദ്ധ്യ ഭാരതത്തിലേക്ക് നീങ്ങിയാൽ, ചത്തീസ്ഗഡിലെ ബസ്തർ എന്ന അപകടകരമായ സ്ഥലത്ത് എത്തിയാൽ ഒന്ന് നിർത്താൻ പോലും നിങ്ങൾ ധൈര്യപ്പെടില്ല. തെക്കോട്ട് സഞ്ചരിച്ചാൽ തമിഴ്നാട്ടിലെ കൊല്ലി ഹിൽ റോഡ് നിങ്ങളെ ഒരു ഭൂതത്തെപ്പോലെ ഭയപ്പെടുത്തും. ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇന്ത്യയുടെ മണ്ണിൽ ഇങ്ങനെയുള്ള സ്ഥലങ്ങളും ഉണ്ടെന്ന് ഓർക്കണം.

ചിലപ്പോൾ ജീവിതയാത്രയും യഥാർത്ഥമായി ഇതുപോലെയാണ്. ഇസ്രായേലിന്റെ മരുഭൂമിയാത്ര നാം നമ്മുടെ ജീവിത യാത്രയോട് ചേർത്ത് ചിന്തിക്കാറുണ്ട്. (ആവർത്തനം 2:7). നമ്മുടെ ജീവിതവും അതുപോലെ പ്രയാസകരമാകാം. എന്നാൽ മറ്റ് ചില സാധർമ്യങ്ങളും നമുക്ക് കണ്ടെത്താനാകില്ലേ? നാം നമ്മുടെ ജീവിതയാത്രക്ക്, ദൈവത്തെ കൂടാതെ, സ്വന്തം കാര്യപരിപാടി തയ്യാറാക്കാറില്ലേ? (1:42-43) ഇസ്രായേൽമക്കളെ പോലെ, നാം നമ്മുടെ ആഗ്രഹപൂർത്തികരണത്തിനായി പിറുപിറുക്കുന്നു (സംഖ്യ 14:2). അനുദിന പ്രയാസങ്ങളിൽ നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നു (വാ.11). ഇസ്രായേലിന്റെ ചരിത്രം നമ്മുടെ ജീവിതത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്നു.

നാം അവിടുത്തെ പാതകൾ പിന്തുടർന്നാൽ, ഈ ലോകത്തിലെ അപകട വഴികൾ നമ്മെ  എത്തിക്കുന്നതിനേക്കാൾ നല്ലയിടങ്ങളിൽ എത്തിക്കാമെന്ന് ദൈവം ഉറപ്പ് തരുന്നു. ഒന്നിനും കുറവില്ലാത്ത വിധം അവൻ നമ്മെ കരുതും (ആവർത്തനം 2: 7; ഫിലിപ്പിയർ 4:19). ഇതൊക്കെയറിയാമെന്നിട്ടും അങ്ങനെ ചെയ്യുന്നതിൽ നാം പരാജയപ്പെടുന്നു. ദൈവത്തിന്റെ റോഡ്മാപ്പ് പ്രകാരം തന്നെ നാം സഞ്ചരിക്കണം.

വീണ്ടും നമ്മുടെ യാത്ര തുടർന്ന്, ഭയാനകമായ കൊല്ലിഹില്ലിൽ നിന്നും ഏതാനും മണിക്കൂറുകൾ പിന്നിട്ടാൽ "ദൈവത്തിന്റെ സ്വന്തം നാടായ" കേരളത്തിലെ പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവുമായ വയനാട്ടിൽ എത്തിച്ചേരും. നമ്മുടെ പാതകളെ നിയന്ത്രിക്കുവാൻ നാം ദൈവത്തെ അനുവദിച്ചാൽ (സങ്കീർത്തനങ്ങൾ 119:35), നാം അവിടുത്തോടുകൂടെ ആനന്ദപൂർവ്വം യാത്ര ചെയ്യും; ഇതെത്ര അനുഗ്രഹകരമായ ഉറപ്പാണ്!

സ്നേഹമില്ലെങ്കിൽ നിഷ്പ്രയോജനം

ഞാൻ ഓർഡർ ചെയ്ത് ലഭിച്ച മേശയുടെ പെട്ടി ഞാൻ തുറന്നു. ഓരോ ഭാഗവും നിരത്തി വെച്ചപ്പോൾ എന്തോ ഒരു പന്തികേട് തോന്നി. മനോഹരമായ മേശയുടെ ഓരോ ഭാഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചപ്പോൾ ഒരു കാല് കുറവുളളതായി കണ്ടു. എല്ലാക്കാലുകളും ഇല്ലാതെ മേശ നിർത്താൻ പറ്റില്ല; അത് ഉപയോഗശൂന്യമായിത്തീർന്നു.

മേശ മാത്രമല്ല ഒരു പ്രധാന ഭാഗം ഇല്ലെങ്കിൽ പ്രയോജനരഹിതമാകുന്നത്. 1 കൊരിന്ത്യർ ലേഖനത്തിൽ പൗലോസ് വായനക്കാരോട് പറയുന്നത് അവരുടെ ജീവിതത്തിൽ ഒരു അനിവാര്യഘടകത്തിന്റെ കുറവുണ്ട് എന്നാണ്. വിശ്വാസികൾ നിരവധി ആത്മവരങ്ങൾ ഉള്ളവരായിരുന്നു, എന്നാൽ അവർക്ക് സ്നേഹത്തിന്റെ അഭാവമുണ്ടായിരുന്നു.

അല്പം അതിശയോക്തി ഉപയോഗിച്ചാണ് പൗലോസ് തന്റെ ആശയം അവതരിപ്പിക്കുന്നത്. അവർക്ക് സകല ജ്ഞാനവും ഉണ്ടായാലും, അവർക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, മനഃപൂർവ്വമായി കഷ്ടത സഹിച്ചാലും സ്നേഹത്തിന്റെ അടിസ്ഥാനത്തിലല്ലെങ്കിൽ ആ പ്രവൃത്തികളെല്ലാം നിഷ്ഫലമായിത്തീരും (1 കൊരിന്ത്യർ 13:1-3). എല്ലാ പ്രവൃത്തികളും സ്നേഹത്താൽ പ്രചോദിതമായിരിക്കണമെന്ന് പൗലോസ് ആഹ്വാനം ചെയ്യുന്നു; എല്ലാം പൊറുക്കുന്ന, എല്ലാം വിശ്വസിക്കുന്ന, എല്ലാം പ്രത്യാശിക്കുന്ന, എല്ലാം സഹിക്കുന്ന ആ സ്നേഹത്തിന്റെ മനോഹാരിത എത്ര ഹൃദയസ്പർശിയായാണ് താൻ വിവരിച്ചിരിക്കുന്നത് (വാ. 4-7).

നാം നമ്മുടെ വിശ്വാസ കൂട്ടായ്മയിൽ, പഠിപ്പിക്കാനോ ശുശ്രൂഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒക്കെ നമ്മുടെ ആത്മവരങ്ങൾ ഉപയോഗിക്കുമ്പോൾ അതെല്ലാം സ്നേഹത്തിൽ ചെയ്യണമെന്നാണ് ദൈവം ഉദ്ദേശിക്കുന്നത് എന്ന കാര്യം മറക്കരുത്. അല്ലെങ്കിൽ അത് ഒരു കാല് ഇല്ലാത്ത മേശ പോലെയാകും. അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം സാധ്യമാകാതെ പോകും.

കുടുംബം മുഴുവൻ

ജയിലിൽ ധരിക്കുന്ന വരകളുള്ള വസ്ത്രം ധരിച്ച്, ജെയിംസ് ജയിലിലെ ജിംനേഷ്യം കടന്ന്, താല്കാലികമായി ഉണ്ടാക്കിയ കുളത്തിൽ ഇറങ്ങി; ജയിൽ ചാപ്ലിൻ അയാളെ സ്നാനപ്പെടുത്തി. ജയിലിലെ തന്നെ അന്തേവാസിയായിരുന്ന തന്റെ മകൾ ബ്രിട്ടനിയും അതേ ദിവസം തന്നെ സ്നാനമേറ്റു എന്ന വാർത്ത ജെയിംസിന്റെ സന്തോഷം ഇരട്ടിയാക്കി. സംഭവിച്ചതറിഞ്ഞ ജയിൽ ജീവനക്കാരും വികാരഭരിതരായി. "കരയാത്ത ഒരു കണ്ണും ഇല്ലായിരുന്നു", ചാപ്ലിൻ പറഞ്ഞു. വർഷങ്ങളോളം, ജയിലിന്റെ അകത്തും പുറത്തുമായി, ബ്രിട്ടനിയും അവളുടെ പിതാവും ദൈവത്തിന്റെ പാപക്ഷമ കാത്തിരിക്കുകയായിരുന്നു. ദൈവം അവർക്ക് ഒരുമിച്ച് പുതുജീവിതം നല്കി.

തിരുവെഴുത്തിൽ മറ്റൊരു ജയിൽ സംഭവം വിവരിക്കുന്നുണ്ട്. യേശുവിന്റെ സ്നേഹം ഒരു കാരാഗൃഹ പ്രമാണിയുടെ മുഴുവൻ കുടുംബത്തെയും രൂപാന്തരപ്പെടുത്തി. "വലിയൊരു ഭൂകമ്പം "ഉണ്ടായി, ജയിൽ കുലുങ്ങി, " കാരാഗൃഹത്തിന്റെ വാതിൽ ഒക്കെയും തുറന്നു പോയി," പൗലോസും ശീലാസും ഓടിപ്പോകാതെ തടവറയിൽ തന്നെ കഴിഞ്ഞു (അപ്പൊ. പ്രവൃത്തി 16:26 - 28). ഇവർ ഓടിപ്പോകാത്തതിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ കാരാഗൃഹ പ്രമാണി അവരെ തന്റെ വീട്ടിൽ കൊണ്ടു പോയി. എന്നിട്ട് ജീവിതത്തെ മാറ്റിമറിച്ച ആ ചോദ്യം ചോദിച്ചു: "രക്ഷപ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യേണം?" (വാ.30)

"കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും..." (വാ.31) അവർ ഉത്തരം പറഞ്ഞു. വ്യക്തികളിൽ മാത്രമല്ല, മുഴുകുടുംബത്തിന്റെ മേലും കൃപ ചൊരിയാനുള്ള ദൈവത്തിന്റെ താല്പര്യമാണ് ഈ മറുപടിയിൽ കാണുന്നത്. ദൈവസ്നേഹത്തിന്റെ ഇടപെടലിൽ കാരാഗൃഹപ്രമാണിയുടെ കുടുംബം മുഴുവനും ദൈവത്തിൽ വിശ്വസിച്ചു (വാ. 34). നമുക്ക് പ്രിയപ്പെട്ടവരുടെ രക്ഷക്കായി നാം ആകാംഷയുള്ളവരായിരിക്കുമ്പോൾ അതിനെക്കാൾ അധികമായി ദൈവം അവരെ സ്നേഹിക്കുന്നു എന്നതിൽ നമുക്ക് ഉറച്ചിരിക്കാം. അവൻ നമ്മെയും നമ്മുടെ മുഴുകുടുംബത്തെയും രൂപാന്തരപ്പെടുത്താൻ താല്പര്യപ്പെടുന്നു.

വിശ്വാസത്തിന്റെ പേശികൾ ചലിപ്പിക്കാം

ഒരിക്കൽ മൃഗശാല സന്ദർശിച്ചപ്പോൾ ഒരു തേവാങ്കിനെ കണ്ടു. അത് മരക്കൊമ്പിൽ തല കീഴായിട്ടാണ് കിടക്കുന്നത്. പൂർണ്ണമായും നിശ്ചലമായി കിടക്കുന്നത് അതിന് ഇഷ്ടമായി തോന്നി. ഞാൻ ദീർഘശ്വാസം വിട്ടു. എന്റെ ആരോഗ്യപ്രശ്നങ്ങൾ മൂലം അധികസമയവും വെറുതെയിരിക്കാനേ പറ്റൂ. വേഗത്തിൽ ചലിക്കാനോ എന്തെങ്കിലുമൊക്കെ ചെയ്യാനോ  വലിയ പ്രയാസമായിരുന്നു. എന്റെ പരിമിതികളിൽ എനിക്ക് നീരസം തോന്നി, എന്റെ ബലഹീനതയെക്കുറിച്ചുള്ള ചിന്ത ഒന്ന് മാറിയെങ്കിൽ എന്ന് ആശിച്ചു. എന്നാൽ ആ ജീവിയെ നിരീക്ഷിച്ചപ്പോൾ അത് കൈ നീട്ടി മരക്കൊമ്പിൽ പിടിക്കുന്നതും പിന്നീട് അനങ്ങാതിരിക്കുന്നതും കണ്ടു. നിശ്ചലമായിരിക്കുന്നതിനും ബലം ആവശ്യമാണ്. വളരെ മെല്ലെ മാത്രം ചലിക്കുന്നതിനും തേവാങ്കിനെപ്പോലെ നിശ്ചലമായിരിക്കുന്നതിനും ഒക്കെ വിവരണാതീതമായ പേശീബലം ആവശ്യമാണ്. ജീവിതത്തിലെ ഇഴഞ്ഞുനീങ്ങുന്ന അനുഭവങ്ങളിൽ ദൈവത്തെ ആശ്രയിക്കുന്നതിന് പ്രകൃത്യാതീതമായ ബലം ആവശ്യമാണ്.

സങ്കീർത്തനങ്ങൾ 46 ൽ എഴുത്തുകാരൻ പ്രഖ്യാപിക്കുന്നത് ദൈവം നമുക്ക് ബലം നല്കുന്നു എന്നല്ല ദൈവമാണ് നമ്മുടെ ബലം എന്നാണ്. (വാ.1) ചുറ്റും എന്തൊക്കെ സംഭവിച്ചാലും സാരമില്ല, "സൈന്യങ്ങളുടെ യഹോവ നമ്മോടു കൂടെയുണ്ട്" (വാ.7). സങ്കീർത്തകൻ ഇക്കാര്യം ആവർത്തിച്ച് ഉറപ്പിക്കുന്നു (വാ.11).

തേവാങ്കിനെപ്പോലെ, നമ്മുടെ അനുദിന സാഹസിക കൃത്യങ്ങളിലും മെല്ലെപ്പോക്കും അസാധ്യമെന്ന് തോന്നിക്കുന്ന നിശ്ചലാവസ്ഥയും ആവശ്യമാണ്. ദൈവത്തിന്റെ മാറ്റമില്ലാത്ത പ്രകൃതിയിൽ ആശ്രയിക്കുമ്പോൾ, നമുക്ക് ഏറ്റവും ഉചിതമായ വിധം പദ്ധതിയും വേഗതയും നിശ്ചയിക്കുന്ന ദൈവത്തിന്റെ ബലം മതിയായതായിരിക്കും.

നാം കഷ്ടതയുടെ പോരാട്ടത്തിലോ കാത്തിരിപ്പിന്റെ സംഘർഷത്തിലോ ആയാലും ദൈവം വിശ്വസ്തനായി നമ്മോടു കൂടെയിരിക്കും. നമുക്ക് തീരെ ബലമില്ല എന്ന് തോന്നുമ്പോഴും വിശ്വാസത്തിന്റെ പേശികളെ ചലിപ്പിക്കുവാൻ അവൻ നമ്മെ സഹായിക്കും.

യേശു ആരാണ്?

യേശു ആരാണെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്? ചിലർ പറയുന്നു ഒരു നല്ല അദ്ധ്യാപകനായ ഒരു മനുഷ്യൻ മാത്രമെന്ന്. എഴുത്തുകാരനായ സി എസ് ലൂയിസ് പറയുന്നു: "ഈ വ്യക്തി ഒന്നുകിൽ ദൈവപുത്രനാണ്, അല്ലെങ്കിൽ ഒരു ഭ്രാന്തനോ അതിലും മോശക്കാരനോ ആകാം. നിങ്ങൾക്കദ്ദേഹത്തെ ഒരു വിഡ്ഢി എന്ന് വിളിക്കാം, മുഖത്ത് തുപ്പുകയോ ഒരു ഉപദ്രവം എന്നു കരുതി കൊല്ലുകയോ ആകാം; അല്ലെങ്കിൽ അവന്റെ പാദങ്ങളിൽ വീണ് കർത്താവും ദൈവവുമായവനേ എന്ന് വിളിക്കാം. എന്നാൽ ഒരു കാരണവശാലും, പൊതുവെ പറഞ്ഞുകേൾക്കുന്ന വിധത്തിൽ, കേവലം മനുഷ്യനായ ഒരു മഹാഗുരു എന്ന ഭോഷത്വം പറയരുത്.” തന്റെ മിയർ ക്രിസ്റ്റ്യാനിറ്റി എന്ന ഗ്രന്ഥത്തിലുള്ളതും ഈയിടെ പ്രസിദ്ധമായിത്തീർന്നതുമായ ഈ വാക്കുകൾ പറയുന്നത് യേശു താൻ ദൈവമാണെന്ന് അവകാശപ്പെട്ടത് വ്യാജമാണെങ്കിൽ അദ്ദേഹം ഒരു പ്രവാചകൻ പോലും ആകുകയില്ല എന്നാണ്. അത് ഏറ്റവും വലിയ ദൈവനിന്ദ മാത്രമായിരിക്കും.

ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്നതിനിടയിൽ യേശു ശിഷ്യന്മാരോട് ചോദിച്ചു: "ജനങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" (മർക്കൊസ് 8:27). അവരുടെ ഉത്തരം യോഹന്നാൻ സ്നാപകൻ, ഏലിയാവ്, ആ പ്രവാചകരിൽ ഒരുവൻ എന്നൊക്കെയായിരുന്നു (വാ. 28). എന്നാൽ അവർ എന്താണ് വിശ്വസിക്കുന്നത് എന്ന് യേശുവിന് അറിയണമായിരുന്നു: "എന്നാൽ നിങ്ങൾ എന്നെ ആർ എന്ന് പറയുന്നു?" പത്രോസ് ഉടനെ പറഞ്ഞു: "നീ ക്രിസ്തു ആകുന്നു" (വാ.29) - അതായത് രക്ഷകൻ.

യേശു ആരാണെന്നാണ് നാം പറയുന്നത്? യേശു തന്നെക്കുറിച്ച് പറഞ്ഞ പ്രസ്താവന പ്രകാരം താൻ ഒരു നല്ല ഗുരുവോ പ്രവാചകനോ ആകാൻ കഴിയില്ല: ഞാനും പിതാവും "ഒന്നാകുന്നു" (യോഹന്നാൻ 10:30) എന്നാണത്. അവന്റെ ശിഷ്യന്മാരും, എന്തിനധികം ഭൂതങ്ങൾ പോലും, ദൈവപുത്രൻ എന്ന് വിളിച്ച് തന്റെ ദൈവത്വം പ്രഖ്യാപിച്ചിട്ടുണ്ട് (മത്തായി 8:29; 16:16; 1 യോഹന്നാൻ 5:20). നമുക്കും ദൈവകൃപയിൽ ആശ്രയിച്ച് ക്രിസ്തു ആരാണ് എന്ന യാഥാർത്ഥ്യം പ്രസിദ്ധപ്പെടുത്തുന്നവരാകാം.