സുനിൽ തമാശക്കാരനും മിടുക്കനും എല്ലാവരുടെയും സ്‌നേഹഭാജനവുമായിരുന്നു. എന്നാൽ അവൻ രഹസ്യമായി വിഷാദരോഗത്തോടു പോരാടുകയായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അവൻ ആത്മഹത്യ ചെയ്തതിനുശേഷം, അവന്റെ അമ്മ പ്രതിഭ അവനെക്കുറിച്ച് പറഞ്ഞു, “അവനെപ്പോലെ ഇത്രയധികം മിടുക്കനും എല്ലാവരും ഇഷ്ടപ്പെടുന്നവനുമായ ഒരാൾ എങ്ങനെ ആ അവസ്ഥയിലേക്ക് വരുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. സുനിൽ. . . ആത്മഹത്യയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല.’’ പ്രതിഭയ്ക്ക് നിശ്ശബ്ദമായി തന്റെ സങ്കടം ദൈവത്തോട് പകരുന്ന നിമിഷങ്ങളുണ്ട്. ആത്മഹത്യയ്ക്കു ശേഷമുള്ള അഗാധമായ ദുഃഖം “തികച്ചും വ്യത്യസ്തമായ ദുഃഖത്തിന്റെ തലം’’ ആണെന്ന് അവൾ പറയുന്നു. എന്നിട്ടും അവളും അവളുടെ കുടുംബവും ശക്തിക്കായി ദൈവത്തിലും മറ്റുള്ളവരിലും ചാരുവാൻ പഠിച്ചു, ഇപ്പോൾ അവർ വിഷാദരോഗത്തിന്റെ പിടിയിലായിരിക്കുന്ന മറ്റുള്ളവരെ സ്‌നേഹിക്കാൻ അവരുടെ സമയം ഉപയോഗിക്കുന്നു.

പ്രതിഭയുടെ മുദ്രാവാക്യം “സ്‌നേഹിക്കുകയും ചാരുകയും’’ എന്നതായി മാറി. രൂത്തിന്റെ പഴയനിയമ കഥയിലും ഈ ആശയം കാണാം. നൊവൊമിക്ക് അവളുടെ ഭർത്താവിനെയും രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ടു – അവരിലൊരാൾ രൂത്തിനെയാണ് വിവാഹം കഴിച്ചത് (രൂത്ത് 1:3-5). കയ്പ്പും വിഷാദവും കൊണ്ടു നിറഞ്ഞ നൊവൊമി, അവളെ പരിപാലിക്കാൻ കഴിയുന്ന അമ്മയുടെ കുടുംബത്തിലേക്കു മടങ്ങാൻ രൂത്തിനെ പ്രേരിപ്പിച്ചു. രൂത്താകട്ടെ ദുഃഖിതയാണെങ്കിലും, അമ്മായിയമ്മയോടു “പറ്റിനിന്നു,’’ അവളോടൊപ്പം താമസിക്കാനും അവളെ പരിപാലിക്കാനും പ്രതിജ്ഞചെയ്തു (വാ. 14-17). അവർ നവോമിയുടെ മാതൃരാജ്യമായ ബെത്‌ലഹേമിലേക്കു മടങ്ങി, അവിടെ രൂത്ത് ഒരു വിദേശിയായിരുന്നു. എന്നാൽ അവർക്ക് സ്‌നേഹിക്കാനും ചാരുവാനും പരസ്പരം ഉണ്ടായിരുന്നു, ദൈവം അവർക്ക് വേണ്ടി കരുതി (2:11-12).

നമ്മുടെ ദുഃഖസമയത്ത്, ദൈവസ്‌നേഹം സ്ഥിരമായി നിലകൊള്ളുന്നു. നമുക്കു ചാരുവാൻ അവനെപ്പോഴും നമുക്കുവേണ്ടി ഉള്ളതുപോലെ നാം അവന്റെ ശക്തിയിൽ മറ്റുള്ളവരിൽ ആശ്രയിക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു.