പതിനാറുകാരനായ ബ്രസീലിയൻ സ്‌കേറ്റ്‌ബോർഡർ ഫെലിപ്പ് ഗുസ്താവോ ‘ഭൂമിയിലെ ഏറ്റവും ഐതിഹാസിക സ്‌കേറ്റ്‌ബോർഡർമാരിൽ ഒരാളായി’ മാറുമെന്ന് ആരും വിശ്വസിക്കുമായിരുന്നില്ല. ഗുസ്താവോയുടെ പിതാവ് തന്റെ മകൻ പ്രൊഫഷണൽ സ്‌കേറ്റിംഗ് സ്വപ്‌നം പിന്തുടരേണ്ടവനാണെന്ന് വിശ്വസിച്ചുവെങ്കിലും അതിനുള്ള പണം തന്റെ പക്കൽ ഇല്ലായിരുന്നു. അതിനാൽ പിതാവ് അവരുടെ കാർ വിറ്റ് മകനെ ഫ്‌ളോറിഡയിലെ ഒരു പ്രശസ്ത സ്‌കേറ്റിംഗ് മത്സരത്തിനു കൊണ്ടുപോയി. ഗുസ്താവോയെക്കുറിച്ച് ആരും കേട്ടിരുന്നില്ല. . . അവൻ ജയിക്കുന്നതുവരെ. വിജയം അവനെ ഒരു അത്ഭുതകരമായ കരിയറിൽ എത്തിച്ചു.

ഗുസ്താവോയുടെ പിതാവിന് മകന്റെ ഹൃദയവും അഭിനിവേശവും കാണാനുള്ള കഴിവുണ്ടായിരുന്നു. ഗുസ്താവോ പറഞ്ഞു, “ഞാൻ ഒരു പിതാവാകുമ്പോൾ, എന്റെ പിതാവ് എനിക്ക് ആയിരുന്നതിന്റെ 5 ശതമാനം പോലുമെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നു.’’

അവരുടെ ഹൃദയം, ഊർജം, വ്യക്തിത്വം എന്നിവ ദൈവം രൂപപ്പെടുത്തിയിരിക്കുന്ന അതുല്യമായ രീതി വിവേചിച്ചറിയുന്നതിനും എന്നിട്ട് അവർ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്ന പാതയിൽ അവർ എത്തിച്ചേരുന്നതിനും മക്കളെ സഹായിക്കാൻ മാതാപിതാക്കൾക്കു ലഭിച്ചിരിക്കുന്ന അവസരത്തെക്കുറിച്ചു സദൃശവാക്യങ്ങൾ വിവരിക്കുന്നു  “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല’’ (22:6) എഴുത്തുകാരൻ പറയുന്നു.

നമുക്ക് വിശാലമായ വിഭവങ്ങളോ അഗാധമായ അറിവോ ഇല്ലായിരിക്കാം. എന്നിരുന്നാലും, ദൈവത്തിന്റെ ജ്ഞാനവും (വാ. 17-21) നമ്മുടെ ശ്രദ്ധാപൂർവമായ സ്‌നേഹവും ഉപയോഗിച്ച്, നമ്മുടെ സ്വാധീനവലയത്തിനുള്ളിലെ നമ്മുടെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ഒരു വലിയ സമ്മാനം നൽകാൻ കഴിയും. ദൈവത്തിൽ ആശ്രയിക്കാനും ജീവിതകാലം മുഴുവൻ അവർക്ക് പിന്തുടരാനാകുന്ന പാതകൾ വിവേചിച്ചറിയാനും നമുക്ക് അവരെ സഹായിക്കാൻ കഴിയും (3:5-6).