ശ്രീദേവി, കുട്ടിയായിരിക്കുമ്പോൾ മുതൽ കഴുത്തിനു താഴേയ്ക്ക് ശരീരം തളർന്ന അവസ്ഥയിലായിരുന്നു. മറ്റ് കുട്ടികൾ വെളിയിൽ കളിക്കുമ്പോൾ, അവൾ തന്റെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് അവളുടെ പിതാവിനെ, വളരെയധികം ആശ്രയിച്ചു. അവളുടെ ഗ്രാമത്തിൽ യാദൃത്ഥികമായി പ്രദർശിപ്പിക്കപ്പെട്ട ക്രിസ്തീയ ചലച്ചിത്രം “കരുണാമൂർത്തി’’ അവളുടെ ജീവിതത്തെ സ്പർശിച്ചു, അവൾ തന്റെ ഹൃദയം ക്രിസ്തുവിൽ സമർപ്പിച്ചു. പിന്നീട് അവളുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും പ്രോത്സാഹനത്തിന്റെ അംബാസഡറായി അവൾ മാറി.
കഷ്ടതകൾ കൂടെക്കൂടെ സംഭവിക്കാറുണ്ടെന്ന് അനുഭവത്തിൽ നിന്ന് അവൾക്കറിയാമായിരുന്നു, പക്ഷേ ദൈവം ഒരിക്കലും താൻ സ്നേഹിക്കുന്നവരെ ഉപേക്ഷിക്കുകയില്ല. നിരുത്സാഹത്തോടെ അവളുടെ അടുക്കൽ വന്ന എല്ലാവരോടും അവൾ ക്രിസ്തുവിന്റെ സ്നേഹം പങ്കിട്ടു. അവളുടെ ഓട്ടത്തിന്റെ അവസാനത്തിൽ, അവൾ 180-ലധികം ആളുകളെ കർത്താവിലേക്കു നയിച്ചു, അവൾ സ്പർശിച്ച പലരും മിഷനറിമാരും ശുശ്രൂഷകരും ആയിത്തീർന്നു.
മോശെയും കഷ്ടതകളും കലഹങ്ങളും നേരിട്ടു എങ്കിലും, ദൈവത്തിന്റെ സാന്നിധ്യം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു. അവൻ യിസ്രായേല്യരുടെ നേതൃത്വം യോശുവയ്ക്കു കൈമാറിയപ്പോൾ, ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കാൻ ആ യുവാവിനോടവൻ പറഞ്ഞു, കാരണം “നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു’’ (ആവർത്തനം 31:6). യിസ്രായേൽമക്കൾ വാഗ്ദത്തദേശത്തു പ്രവേശിച്ച് അതിനെ കീഴടക്കുമ്പോൾ ഭയാനകമായ ശത്രുക്കളെ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്ന മോശെ, യോശുവയോടു പറഞ്ഞു, “നീ പേടിക്കരുതു, ഭ്രമിക്കയുമരുതു’’ (വാ. 8).
വീണുപോയ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് പ്രയാസങ്ങളും കലഹങ്ങളും നേരിടേണ്ടിവരും, എന്നാൽ നമ്മെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മോടൊപ്പം ദൈവത്തിന്റെ ആത്മാവുണ്ട്. അവൻ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.
നിങ്ങൾ പരിശോധനകൾ സഹിക്കുമ്പോൾ, നിങ്ങൾ എങ്ങനെയാണ് ദൈവത്തിൽ ആശ്രയിക്കുന്നത്? ദൈവത്തിന്റെ വിശ്വസ്തതയുടെ കഥകൾ നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനാകും?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്ക് നിരുത്സാഹവും നിരാശയും അനുഭവപ്പെടുമ്പോൾ, അങ്ങ് എന്നെ ഒരിക്കലും കൈവിടുകയില്ലെന്ന് അങ്ങയുടെ ആത്മാവിലൂടെ ദയവായി എന്നെ ഓർമ്മിപ്പിക്കണമേ.