ലേസി സ്‌കോട്ട് അവളുടെ പ്രദേശത്തെ പെറ്റ് സ്‌റ്റോറിൽ ഇരിക്കുമ്പോൾ, ടാങ്കിന്റെ അടിയിൽ ഒരു ദുഖിതനായ മത്സ്യം കിടക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു. അവന്റെ ചെതുമ്പലുകൾ കറുത്തതായി മാറുകയും ശരീരത്തിൽ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്തു. ലേസി പത്തു വയസ്സുള്ള ആ മത്സ്യത്തെ രക്ഷപ്പെടുത്തി, “മോൺസ്‌ട്രോ’’ എന്ന് പേരിട്ടു, ഒരു ‘ആശുപത്രി’ ടാങ്കിൽ അവനെ ഇട്ട് ദിവസവും വെള്ളം മാറ്റി. സാവധാനം, മോൺസ്‌ട്രോ സുഖപ്പെടുകയും നീന്താൻ തുടങ്ങുകയും വലിപ്പം വയ്ക്കുകയും ചെയ്തു. അവന്റെ കറുത്ത ചെതുമ്പലുകൾ സ്വർണ്ണനിറമായി രൂപാന്തരപ്പെട്ടു. ലേസിയുടെ സമർപ്പിത പരിചരണത്തിലൂടെ, മോൺസ്‌ട്രോ പുതിയതായി മാറി!

ലൂക്കൊസ് 10 ൽ, അടിയേൽക്കുകയും കൊള്ളയടിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു യാത്രക്കാരന്റെ കഥ യേശു പറയുന്നു. ഒരു പുരോഹിതനും ഒരു ലേവ്യനും ആ മനുഷ്യന്റെ കഷ്ടപ്പാടുകൾ അവഗണിച്ചുകൊണ്ട് കടന്നുപോയി. എന്നാൽ ഒരു ശമര്യക്കാരൻ – നിന്ദിക്കപ്പെട്ട സമൂഹത്തിലെ അംഗം – അവനെ പരിചരിക്കുകയും അവന്റെ ആവശ്യങ്ങൾക്ക് പണം നൽകുകയും ചെയ്തു. (ലൂക്കൊസ് 10:33-35). കഥയിൽ യഥാർത്ഥ “അയൽക്കാരൻ’’ ആയി ശമര്യക്കാരനെ പ്രഖ്യാപിച്ചുകൊണ്ട്, യേശു തന്റെ ശ്രോതാക്കളെയും അതുതന്നെ ചെയ്യാൻ പ്രോത്സാഹിപ്പിച്ചു.

മരണാസന്നനായ സ്വർണ്ണമത്സ്യത്തിനുവേണ്ടി ലേസി ചെയ്തത്, നമ്മുടെ ചുറ്റുമുള്ള ആളുകൾക്കു വേണ്ടി നമുക്കു ചെയ്യാം. ഭവനരഹിതരും തൊഴിൽരഹിതരും വികലാംഗരും ഏകാകികളുമായ “അയൽക്കാർ’’ നമ്മുടെ പാതയിൽ കിടക്കുന്നു. അവരുടെ ദുഃഖം നമ്മുടെ കണ്ണിൽ പെടാൻ അനുവദിക്കുകയും അയൽപക്കക്കാരന്റെ കരുതലോടെ പ്രതികരിക്കാൻ അടുത്തുചെല്ലുകയും ചെയ്യാം. അനുകമ്പാപൂർണ്ണമായ ഒരു വന്ദനം, ഒരു പങ്കിട്ട ഭക്ഷണം, കൈയിൽവെച്ചുകൊടുക്കുന്ന അല്പം പണം. എല്ലാറ്റിനെയും പുതുമയുള്ളതാക്കാൻ കഴിയുന്ന അവന്റെ സ്‌നേഹത്തെ മറ്റുള്ളവർക്കു നൽകാൻ എങ്ങനെയൊക്കെ ദൈവത്തിനു നമ്മെ ഉപയോഗിക്കുവാൻ കഴിയും?