ഗുജറാത്തിൽ നിന്നുള്ള റോഗൻ ഫാബ്രിക് ആർട്ട് ഒറ്റനോട്ടത്തിൽ ലളിതമാണെന്നു തോന്നും. എന്നിരുന്നാലും, ഒരു ചെറിയ കഷണം പോലും പൂർത്തിയാക്കാൻ യഥാർത്ഥത്തിൽ രണ്ടു മാസത്തിലധികം സമയമെടുക്കുമെന്നു നിങ്ങൾ മനസ്സിലാക്കുമ്പോഴാണ് പെയിന്റിംഗിനു ജീവൻ കൈവരുന്നത്. “സാവധാന കല’’ എന്നു നിങ്ങൾ വിളിച്ചേക്കാവുന്ന ഈ ചിത്രങ്ങൾക്കാവശ്യമായ നിറങ്ങൾക്കുവേണ്ടി ചതച്ച മിനറൽ അധിഷ്ഠിത നിറങ്ങൾ ആവണക്കെണ്ണയുമായി സംയോജിപ്പിക്കുന്ന മടുപ്പിക്കുന്ന പ്രക്രിയ ആറ് മണിക്കൂറിലധികം സമയമെടുക്കുന്നതാണ്. സൂക്ഷ്മമായി നോക്കുമ്പോൾ അത്യധികം സങ്കീർണ്ണതയും സൗന്ദര്യവും വെളിപ്പെടുന്നു. ഈ സാങ്കേതികതയിൽ സുവിശേഷം പ്രതിധ്വനിക്കുന്നു, കാരണം യേശുവിന്റെ കഷ്ടപ്പാടുകൾ ലോകത്തിനു സമ്പൂർണ്ണതയും പ്രത്യാശയും കൊണ്ടുവന്നതുപോലെ ഇവിടെ “തകർച്ചയിൽ സൗന്ദര്യമുണ്ട്.’’
ചതയ്ക്കപ്പെട്ടതും തകർക്കപ്പെട്ടതുമായ നമ്മുടെ ജീവിതത്തിന്റെ വശങ്ങൾ എടുക്കാനും പുതിയതും മനോഹരവുമായ എന്തെങ്കിലും സൃഷ്ടിക്കാനും ദൈവം ഇഷ്ടപ്പെടുന്നു. ദാവീദ് രാജാവിന് തന്റെ വിനാശകരമായ പ്രവൃത്തികൾ മൂലം ജീവിതത്തിൽ സംഭവിച്ച തകർച്ച പരിഹരിക്കാൻ ദൈവത്തിന്റെ സഹായം ആവശ്യമായിരുന്നു. സങ്കീർത്തനം 51 ൽ, മറ്റൊരു പുരുഷന്റെ ഭാര്യയെ എടുക്കാനും അവളുടെ ഭർത്താവിനെ കൊലപ്പെടുത്താനും തന്റെ രാജകീയ അധികാരം ദുരുപയോഗം ചെയ്തതായി സമ്മതിച്ചതിനുശേഷം, ദാവീദ് ദൈവത്തിനു തന്റെ “തകർന്നതും നുറുങ്ങിയതുമായ ഹൃദയത്തെ” (വാ. 17) സമർപ്പിക്കുകയും കരുണയ്ക്കായി അപേക്ഷിക്കുകയും ചെയ്തു. “പശ്ചാത്തപിക്കുക’’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർത്ഥം “ചതച്ചത്’’ എന്നാണ് .
ദൈവം അവന്റെ ഹൃദയത്തെ പുതുക്കുന്നതിന് (വാ. 10), ദാവീദ് ആദ്യം ദൈവത്തിനു തകർന്ന കഷണങ്ങൾ സമർപ്പിക്കേണ്ടി വന്നു. അതു സങ്കടത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഏറ്റുപറച്ചിലായിരുന്നു. ചതഞ്ഞതിനെ സ്നേഹപൂർവം സ്വീകരിച്ച് അതിനെ മനോഹരമായ ഒന്നാക്കി മാറ്റുന്ന വിശ്വസ്തനും ക്ഷമിക്കുന്നവനുമായ ഒരു ദൈവത്തിന്റെ പക്കൽ ദാവീദ് തന്റെ ഹൃദയം ഭരമേൽപ്പിച്ചു.
നിങ്ങളുടെ ഹൃദയത്തിന്റെ ഏത് ഭാഗങ്ങളാണ് ചതഞ്ഞിരിക്കുന്നത്? നിങ്ങളുടെ തകർച്ച ദൈവത്തെ എങ്ങനെ ഭരമേൽപ്പിക്കും?
സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സമയത്ത് അങ്ങ് അതിനെ മനോഹരമായ ഒന്നാക്കി മാറ്റുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ തകർച്ചയെ അങ്ങയെ ഏൽപ്പിക്കുന്നു.