വീടുകളുടെ സ്ഥിരത പരിശോധിക്കുന്നതിനായി, എഞ്ചിനീയർമാർ മൂന്നു തരം കെട്ടിടങ്ങളിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ചു. കളിമൺ ഭിത്തികൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ പൂർണ്ണമായും നശിച്ചു. മറ്റുപയോഗിച്ച മേസ്തിരിമാർ നിർമ്മിച്ച ഇഷ്ടിക ചുവരുകൾ ഉള്ള കെട്ടിടങ്ങൾ കുലുങ്ങുകയും ഒടുവിൽ തകർന്നുവീഴുകയും ചെയ്തു. എന്നാൽ നല്ല സിമന്റ് ചാന്തുപയോഗിച്ച് നിർമ്മിച്ചവയ്ക്കു കനത്ത വിള്ളൽ മാത്രമാണുണ്ടായത്. എഞ്ചിനീയർമാരിൽ ഒരാൾ ഇങ്ങനെ ചോദിച്ചുകൊണ്ടു പഠനം സംഗ്രഹിച്ചു, “ഏതു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത്?’’

ദൈവരാജ്യജീവിതത്തിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള തന്റെ പഠിപ്പിക്കൽ ഉപസംഹരിച്ചുകൊണ്ട് യേശു പറഞ്ഞു, “എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു’’ (മത്തായി 7:24). ശക്തമായ കാറ്റ് വീശിയടിച്ചെങ്കിലും വീട് നിലനിന്നു. നേരെമറിച്ച്, കേട്ടിട്ടും അനുസരിക്കാത്ത വ്യക്തി, “മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു’’ (വാക്യം 26). ശക്തമായ കാറ്റു വീശി, കൊടുങ്കാറ്റിന്റെ തീവ്രതയിൽ വീട് തകർന്നു. യേശു തന്റെ ശ്രോതാക്കൾക്ക് രണ്ട് തിരഞ്ഞെടുപ്പുകൾ നൽകി: അവനോടുള്ള അനുസരണത്തിന്റെ ഉറച്ച അടിത്തറയിൽ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വഴികളുടെ അസ്ഥിരമായ മണലിൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുക.

നമുക്കും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. നാം നമ്മുടെ ജീവിതം യേശുവിൽ കെട്ടിപ്പടുക്കുമോ, അവന്റെ വാക്കുകൾ അനുസരിക്കുമോ അതോ അവന്റെ കല്പനകളെ അനുസരിക്കാതെ ജീവിക്കുമോ? പരിശുദ്ധാത്മാവിന്റെ സഹായത്താൽ, ക്രിസ്തുവിൽ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതു നമുക്കു തിരഞ്ഞെടുക്കാം.