കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്‌സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.

മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.

നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ  ടെക്‌സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ  അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.