19 -ാം നൂറ്റാണ്ടിലാണ് ഇന്ത്യയിലെ ഏറ്റവും മോഹിപ്പിക്കുന്ന സ്വകാര്യ ഭവന നിർമ്മാണം നടന്നത്. 12 വർഷമെടുത്താണ് മഹാരാജാ സയാജിറാവു ഗെയ്ക് വാദ് മൂന്നാമന്റെ രാജകീയ ഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്. അതാണ് ഗുജറാത്തിലെ വഡോദരയിലെ ലക്ഷ്മിവിലാസ് കൊട്ടാരം. ബക്കിങ്ങ്ഹാം കൊട്ടാരത്തിന്റെ ഏതാണ്ട് നാലിരട്ടി വലിപ്പമുള്ള ഈ കൊട്ടാരമാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭവനം. 500 ഏക്കറിലായി 170 മുറികൾ ഉള്ള ഇതിന്റെ മനോഹരമായ മൊസൈക് തറയും ബഹുശാഖാ ദീപങ്ങളും കലാശില്പങ്ങളും ഗോവണികളും ആകർഷകങ്ങളാണ്.
മത്തായി 16 ൽ, യേശു തന്റെ ശിഷ്യന്മാരോട് പണിയുമെന്ന് പറഞ്ഞ നിർമ്മിതിയുമായി താരതമ്യപ്പെടുത്തിയാൽ ഈ ഗംഭീര ഭവനം ഒന്നുമല്ല. യേശു “ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്ന് പത്രോസ് സ്ഥിരീകരിച്ചതിനുശേഷം (വാ. 16), “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.” (വാ.18) എന്ന് യേശു പ്രഖ്യാപിച്ചു. ഈ പാറ എന്താണ് എന്ന കാര്യത്തിൽ വേദശാസ്ത്രികൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും യേശുവിന്റെ ഉദ്ദേശ്യം സംബന്ധിച്ച് യാതൊരു തർക്കവുമില്ല. ഭൂലോകത്തിൽ എങ്ങുമുള്ള സകല രാജ്യങ്ങളിൽ നിന്നുമുള്ള ജനതകളെ ഉൾപ്പെടുത്തിക്കൊണ്ട് (വെളിപ്പാട് 5 : 9),ലോകത്തിന്റെ അറ്റത്തോളം എത്തുവാൻ തന്റെ സഭയെ അവിടുന്ന് പണിയും (മത്തായി 28:19, 20).
ഈ നിർമ്മാണ പദ്ധതിയുടെ വില എന്താണ്? കുരിശിൽ യേശു യാഗമായി അർപ്പിച്ച സ്വന്തരക്തം (അപ്പ.പ്രവൃത്തി 20:28).അവിടുത്തെ മന്ദിരത്തിന്റെ അംഗങ്ങൾ (എഫെസ്യർ 2:21) എന്ന നിലയിൽ ഇത്ര വലിയ വില കൊടുത്ത് വാങ്ങിയ നമുക്ക് ഈ വലിയ സ്നേഹബലിയെ ആഘോഷിക്കുകയും ആ മഹാദൗത്യത്തിൽ പങ്കാളികളാകുകയും ചെയ്യാം.
സഭ ക്രിസ്തുവിനെ എങ്ങനെയാണ് പ്രതിഫലിപ്പിക്കേണ്ടത്? യേശുവിനെ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്നതിൽ നിന്നും നിങ്ങളെ തടയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
ദൈവ കുഞ്ഞാടേ, അവിടുത്തെ യാഗത്തിനായി നന്ദി. അങ്ങയെ എന്റെ ഹൃദയത്തിലും വിശ്വാസ കുടുംബത്തിലും ആഘോഷിക്കുവാൻ എന്നെ പ്രാപ്തനാക്കേണമേ .