സ്പോർട്സ് ലേഖകൻ എന്ന നിലയിൽ തന്റെ ജോലിയിൽ ഹോൾ ഓഫ് ഫെയിം (സ്പോർട്സ് പോലുള്ള ഒരു പ്രത്യേക വിഭാഗത്തിൽ വിശിഷ്ടമായി തിരഞ്ഞെടുക്കപ്പെട്ടവർ) ലഭിച്ച ഡേവ് കിൻഡ്രഡ് നൂറ് കണക്കിന് പ്രധാന സ്പോർട്സ് പരിപാടികളെക്കുറിച്ചും മുഹമ്മദ് അലിയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചതിന്റെ വിരസത മാറ്റാനായി അടുത്തുള്ള സ്കൂളിൽ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ ഗെയിമിനെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതി ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഡേവിന്റെ അമ്മയും കൊച്ചു മകനും മരിക്കുകയും ഭാര്യക്ക് പക്ഷാഘാതം വരികയും ചെയ്തപ്പോൾ, തന്റെ ടീം നല്ലൊരു സമൂഹമായി കൂടെ നിന്ന് ജീവിതത്തിന് അർത്ഥം നല്കിയെന്ന് അയാൾ മനസ്സിലാക്കി. അവർക്ക് അയാളെ ആവശ്യമായതുപോലെ അവരെ അയാൾക്കും ആവശ്യമായിത്തീർന്നു. കിൻഡ്രഡ് പറഞ്ഞു: “ഈ ടീം എന്നെ രക്ഷിച്ചു. എന്റെ ജീവിതം ഇരുട്ടായി മാറിയിരുന്നു…. അവർ എനിക്ക് വെളിച്ചമായി.”
ഒരു ഐതിഹാസിക പത്രപ്രവർത്തകൻ എങ്ങനെയാണ് കൗമാരക്കാരുടെ സമൂഹത്തെ ആശ്രയിക്കാൻ ആരംഭിച്ചത്? ഇതുപോലെ ഒരു ഐതിഹാസിക അപ്പസ്തോലൻ തന്റെ മിഷണറി യാത്രയിൽ കണ്ടെത്തിയ ആളുകളുടെ കൂട്ടായ്മയിൽ ആശ്രയിക്കുന്നു. പൗലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ വന്ദനം ചെയ്യുന്ന ആളുകളുടെ പട്ടിക ശ്രദ്ധിച്ചോ? (റോമർ 16: 3 – 15 ). ” എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ” (വാ. 7). “കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ” (വാ. 8). ഇങ്ങനെ ഇരുപത്തിയഞ്ചിലധികം പേരുകൾ അദ്ദേഹം പറയുന്നുണ്ട്. തിരുവെഴുത്തിൽ മറ്റെവിടെയും ഇവർ പരാമർശിക്കപ്പെടുന്നില്ല; എന്നാൽ പൗലോസിന് അവർ വേണ്ടപ്പെട്ടവരായിരുന്നു.
നിങ്ങളുടെ സമൂഹം ആരൊക്കെയുള്ളതാണ്? നിങ്ങൾക്ക് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം നിങ്ങളുടെ സഭയാണ്. ജീവിതം ഇരുണ്ടതായ ആരെങ്കിലും അവിടെയുണ്ടോ? ദൈവം നയിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് അവരെ യേശുവിലേക്ക് നയിക്കുന്ന വെളിച്ചമായി മാറാം. എന്നെങ്കിലുമൊരിക്കൽ അവർ ഇതിനോട് നന്ദിയോടെ പ്രതികരിക്കും.
നിങ്ങൾക്ക് ആശ്രയിക്കാം എന്ന് നിങ്ങൾ കരുതുന്ന ആളുകൾ ആരൊക്കെയാണ്? അങ്ങനെയൊരു സുഹൃത്തിനെ നല്കാൻ ദൈവത്തോട് യാചിക്കുക. അപ്രകാരം ഒരു സുഹൃത്താകാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുക?
പിതാവേ, യേശുവിൽ എനിക്ക് എത്ര നല്ല സ്നേഹിതനാണുള്ളത് ! എന്നെയും മറ്റുളളവർക്ക് ഇപ്രകാരം സ്നേഹിതനായിത്തീരട്ടെ.