ലൈൻ ഓഫ് ഡ്യൂട്ടി എന്ന ബ്രിട്ടീഷ് ഡ്രാമ അവസാനിച്ചപ്പോൾ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടം എങ്ങനെ അവസാനിക്കുന്നു എന്ന് കാണാനുള്ള കാഴ്ചക്കാരുടെ എണ്ണം റെക്കോർഡ് സൃഷ്ടിച്ചു. ആത്യന്തികമായി തിന്മ ജയിക്കുന്നു എന്ന ധ്വനി കാരണം അനേകരും നിരാശയോടെയാണ് മടങ്ങിയത്. “ആ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് ഞാൻ കരുതിയത്”- ഒരു ആരാധകൻ പറഞ്ഞു. “അങ്ങനെയൊരു ധാർമ്മികമായ അവസാനമാണ് വേണ്ടത്.”
സാമൂഹ്യശാസ്ത്രജ്ഞനായ പീറ്റർ ബെർഗർ ഒരിക്കൽ പറഞ്ഞു, നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നവരാണ്- തിന്മയെ ഒരു നാൾ ജയിക്കുമെന്നും അതിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടും എന്ന പ്രത്യാശ. ദുഷ്ടന്മാരായവർ ജയിക്കുന്ന ലോകം, ലോകത്തെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷക്ക് വിപരീതമാണ്. എല്ലാം ശരിയായി നടക്കുന്ന ഒരു ലോകത്തിനായുള്ള മനുഷ്യരാശിയുടെ അദമ്യമായ ആഗ്രഹം അറിയാതെ തന്നെ പ്രകടിപ്പിക്കുകയായിരുന്നു ആ നാടകത്തിന്റെ നിരാശിതരായ ആരാധകർ.
കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തിന്മയെക്കുറിച്ച് യാഥാർത്ഥ്യബോധം പ്രകടിപ്പിച്ചു. അത് നമുക്കിടയിൽ മാത്രമുള്ള പാപക്ഷമ മാത്രമല്ല (മത്തായി 6:12), വിശാലമായ തലത്തിൽ വിമോചനവും (വാ.13) ആവശ്യപ്പെടുന്നു. ഈ യാഥാർത്ഥ്യബോധം പ്രത്യാശയുമായി ചേർന്ന് നില്ക്കുന്നു. തിന്മക്ക് ഇടമില്ലാത്ത ഒരിടമുണ്ട്-സ്വർഗ്ഗം-ആ സ്വർഗരാജ്യം ഭൂമിയിലേക്ക് വരുന്നു (വാ.10). ഒരു നാൾ ദൈവത്തിന്റെ നീതി നടപ്പിലാകും, അവിടുത്തെ “ധാർമ്മികമായ അന്ത്യം” വരും, നന്മയ്ക്കായ് തിന്മ നീക്കിക്കളയും (വെളിപ്പാട് 21:4).
ജീവിതത്തിൽ തെറ്റ് ചെയ്യുന്നവർ ജയിക്കുകയും നിരാശ നിറയുകയും ചെയ്യുമ്പോൾ ഓർക്കാം – ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും” ആകുന്നതുവരെ പ്രത്യാശയുണ്ട്; കാരണം, കഥ അവസാനിച്ചിട്ടില്ല.
നാം പ്രത്യാശക്കും നീതിക്കും വേണ്ടി വിശക്കുന്നു എന്ന് തോന്നുന്നത് എന്തുകൊണ്ട്? കർത്താവിന്റെ പ്രാർത്ഥന പ്രാർത്ഥിക്കുന്നത് തിന്മയെയും നിരാശയെയും അഭിമുഖീകരിക്കാൻ സഹായിക്കുന്നതെങ്ങനെയാണ്?
സ്വർഗീയ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇഷ്ടം സ്വർഗത്തിലേപ്പോലെ ഭൂമിയിലും ആകേണമേ.