വേനൽക്കാല സൂര്യൻ ഉദിച്ചുയർന്നപ്പോൾ, മുറ്റത്തു നിൽക്കുന്ന എന്നെ കണ്ടു പുഞ്ചിരിച്ചുകൊണ്ട് എന്റെ അയൽക്കാരൻ വന്നു നോക്കാൻ എന്നോടു മന്ത്രിച്ചു. “എന്ത്?” കൗതുകത്തോടെ ഞാൻ തിരിച്ചു മന്ത്രിച്ചു. അവൾ അവളുടെ പൂമുഖത്തെ ഒരു കാറ്റ് മണി (വിൻഡ് ചൈം) ചൂണ്ടിക്കാണിച്ചു, അവിടെ ഒരു ചെറിയ ഒരു ലോഹ സ്റ്റാൻഡിന്മേൽ വൈക്കോൽകൊണ്ടുള്ള ഒരു കപ്പ് ഇരിപ്പുണ്ടായിരുന്നു. “ഒരു ഹമ്മിംഗ് ബേർഡിന്റെ കൂട്,” അവൾ മന്ത്രിച്ചു. “കുഞ്ഞുങ്ങളെ കണ്ടോ?” പല്ലുകുത്തികൾ പോലെ ചെറുതായ രണ്ട് കൊക്കുകൾ മുകളിലേക്ക് നീണ്ടിരിക്കുന്നത് സൂക്ഷിച്ചുനോക്കിയാൽ കാണാമായിരുന്നു. “അവർ അമ്മയെ കാത്തിരിക്കുന്നു.” ഞങ്ങൾ അത്ഭുതത്തോടെ അവിടെ നിന്നു. ഫോട്ടോ എടുക്കാൻ ഞാൻ മൊബൈൽ ഫോൺ ഉയർത്തി. “അടുത്തു ചെല്ലരുത്,” എന്റെ അയൽക്കാരി പറഞ്ഞു. “അമ്മയെ പേടിപ്പിച്ചോടിക്കരുത്.” അതോടുകൂടി, ഞങ്ങൾ ഒരു ഹമ്മിംഗ് ബേർഡ് കുടുംബത്തെ – അധികം അകലത്തുനിന്നല്ലാതെ – ദത്തെടുത്തു.
പക്ഷേ അധികനാളത്തേക്കായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ, അമ്മ പക്ഷിയും കുഞ്ഞുങ്ങളും പോയി – അവർ വന്നതുപോലെതന്നേ നിശബ്ദമായി. എന്നാൽ ആരാണ് അവരെ പരിപാലിക്കുക?
ബൈബിൾ മഹത്വകരമായ, എന്നാൽ പരിചിതമായ ഒരു ഉത്തരം നൽകുന്നു. ഇത് വളരെ പരിചിതമായതിനാൽ അത് വാഗ്ദാനം ചെയ്യുന്നതെല്ലാം നാം വേഗത്തിൽ മറന്നേക്കാം: “നിങ്ങളുടെ ജീവന്നായിക്കൊണ്ടും … വിചാരപ്പെടരുതു,” യേശു പറഞ്ഞു (മത്തായി 6:25). ലളിതവും എന്നാൽ മനോഹരവുമായ നിർദ്ദേശം. “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു” അവിടുന്നു കൂട്ടിച്ചേർത്തു (വാ. 26).
ദൈവം ചെറിയ പക്ഷികളെ പരിപാലിക്കുന്നതുപോലെ, അവൻ നമ്മെ പരിപാലിക്കുന്നു – മനസ്സിലും ശരീരത്തിലും ദേഹിയിലും ആത്മാവിലും നമ്മെ പരിപോഷിപ്പിക്കുന്നു. അതൊരു അതിമഹത്തായ വാഗ്ദത്തമാണ്. നമുക്ക് ദിവസേന അവങ്കലേക്കു നോക്കാം – ആകുലപ്പെടാതെ – എന്നിട്ട് ഉയരത്തിൽ പറക്കാം.
ആകുലചിന്തയും ആസൂത്രണവും തമ്മിലുള്ള വ്യത്യാസം എന്താണ് - അല്ലെങ്കിൽ ആകുലചിന്തയും കരുതലും? നിങ്ങളുടെ ജീവിതത്തിലേക്കു നോക്കുമ്പോൾ, ദൈവം ദിവസവും എങ്ങനെ കരുതുന്നു?
സ്നേഹവാനായ ദൈവമേ, അങ്ങ് എന്റെ ജീവിതത്തിന്റെ ആവശ്യങ്ങൾക്കായി കരുതുന്നുണ്ടെന്ന് അറിയുന്നത് എന്നെ താഴ്മയുള്ളവനാക്കുന്നു. ഓരോ ദിവസവും അങ്ങയെ കൂടുതൽ വിശ്വസിച്ചുകൊണ്ട് കരുതുമെന്ന അങ്ങയുടെ വാഗ്ദാനത്തെ മാനിക്കുവാൻ എന്നെ സഹായിക്കണമേ.