1990 ൽ, ഫ്രഞ്ച് ഗവേഷകർക്ക് ഒരു കമ്പ്യൂട്ടർ പ്രശ്നമുണ്ടായി: ജീൻ കാൽമെന്റിന്റെ പ്രായം കണക്കുകൂട്ടിയപ്പോൾ ഉണ്ടായ ഒരു ഡാറ്റാ പിശക്. അവൾക്ക് 115 വയസ്സായിരുന്നു, സോഫ്റ്റ്വെയര് പ്രോഗ്രാമിന്റെ പാരാമീറ്ററുകൾക്കു പുറത്തുള്ള ഒരു പ്രായം! ആർക്കും ഇത്രയും കാലം ജീവിക്കാൻ കഴിയില്ലെന്ന് പ്രോഗ്രാമർമാർ ഊഹിച്ചു! വാസ്തവത്തിൽ, ജീൻ 122 വയസ്സു വരെ ജീവിച്ചു.
സങ്കീർത്തനക്കാരൻ എഴുതുന്നു, “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” (സങ്കീർത്തനം 90:10). നമ്മൾ ഏതു പ്രായം വരെ ജീവിച്ചാലും, ജീൻ കാൽമെന്റിന്റെ അത്രയും കാലം ജീവിച്ചാലും, ഭൂമിയിലെ നമ്മുടെ ജീവിതം തീർച്ചയായും പരിമിതമാണെന്ന് പറയുന്നതിനുള്ള ഒരു ആലങ്കാരിക മാർഗമാണിത്. നമ്മുടെ ജീവിതകാലം സ്നേഹവാനായ ഒരു ദൈവത്തിന്റെ പരമാധികാര കരങ്ങളിലാണ് (വാ. 5). എന്നിരുന്നാലും, ആത്മീയ മണ്ഡലത്തിൽ, “ദൈവത്തിന്റെ സമയം” യഥാർത്ഥത്തിൽ എന്താണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു: “ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെ… മാത്രം ഇരിക്കുന്നു” (വാ. 4).
യേശുക്രിസ്തുവിൽ “ആയുർദൈർഘ്യം” എന്നതിന് ഒരു പുതിയ അർത്ഥം നൽകപ്പെട്ടിരിക്കുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് ”(യോഹന്നാൻ 3:36). “ഉണ്ട് ”എന്നത് വർത്തമാനകാലത്തിലാണ്: ഇപ്പോൾ, നമ്മുടെ ശാരീരിക പ്രശ്നങ്ങളുടെയും കണ്ണീരിന്റെയുമായ ഈ നിമിഷത്തിൽ, നമ്മുടെ ഭാവി അനുഗ്രഹിക്കപ്പെട്ടതാണ്, നമ്മുടെ ആയുസ്സ് പരിധിയില്ലാത്തതാണ്.
ഇതിൽ ഞങ്ങൾ സന്തോഷിക്കുകയും സങ്കീർത്തനക്കാരനോടൊപ്പം ഇങ്ങനെ പ്രാർത്ഥിക്കുകയും ചെയ്യുന്നു, “കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും” (സങ്കീർത്തനം 90:14).
നിങ്ങളുടെ ജീവിതത്തെക്കുറിച്ചും അതിന്റെ പരിമിതികളെക്കുറിച്ചും നിങ്ങൾക്ക് എന്ത് ആശങ്കകളാണുള്ളത്? യേശുവിന്റെ സാന്നിദ്ധ്യം നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിക്കുന്നത്?
സ്നേഹവാനായ ദൈവമേ, ചിലപ്പോൾ ഈ ജീവിതം ദുഷ്കരമാണ്, എങ്കിലും എനിക്കുവേണ്ടിയുള്ള അങ്ങയുടെ കരുതലോർത്ത് ഞാൻ സന്തോഷത്തോടെ പാടുന്നു. അങ്ങയുടെ അചഞ്ചലമായ സ്നേഹത്താൽ ഇന്ന് എന്നെ തൃപ്തിപ്പെടുത്തണമേ.