കുറച്ചു വർഷങ്ങളിലെ ജോലിക്കു ശേഷം അവളുടെ ഡിപ്പാർട്ട്‌മെന്റ് കൈകാര്യം ചെയ്യാൻ എന്റെ സുഹൃത്ത് ജാനിസിനോട് ആവശ്യപ്പെട്ടപ്പോൾ, അവൾക്കു സംഭ്രമം തോന്നി. അതിനായി പ്രാർത്ഥിക്കുമ്പോൾ, നിയമനം സ്വീകരിക്കാൻ ദൈവം തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്കു തോന്നി – എന്നിട്ടും, ഉത്തരവാദിത്തം നിർവഹിക്കാൻ തനിക്കു കഴിയുമോ എന്നവൾ ഭയപ്പെട്ടു. “ഇത്രയും കുറഞ്ഞ അനുഭവം കൊണ്ട് എനിക്കെങ്ങനെ നയിക്കാനാകും?” അവൾ ദൈവത്തോടു ചോദിച്ചു. “ഞാൻ പരാജയപ്പെടാൻ പോകുകയാണെങ്കിൽ എന്തിനാണ് എന്നെ ഈ ചുമതല ഏല്പിക്കുന്നത്?”

പിന്നീട്, ജാനീസ് ഉല്പത്തി 12-ൽ അബ്രാമിന്റെ ദൈവവിളിയെക്കുറിച്ച് വായിച്ചു: അവന്റെ ഭാഗം “ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക….അബ്രാം പുറപ്പെട്ടു” (വാ. 1, 4). ഇതൊരു വിപ്ലവകരമായ നീക്കമായിരുന്നു, കാരണം പുരാതന ലോകത്ത് ആരും ഇതുപോലെ വേരോടെ പിഴുതെറിയപ്പെട്ടിട്ടില്ല. എന്നാൽ തനിക്കറിയാവുന്നതെല്ലാം പുറകിൽ ഉപേക്ഷിച്ച് തന്നിൽ ആശ്രയിക്കാൻ ദൈവം അവനോട് ആവശ്യപ്പെടുകയായിരുന്നു, ബാക്കിയുള്ള കാര്യങ്ങൾ അവൻ ചെയ്യും. സ്വത്വം? നീ ഒരു വലിയ ജാതിയായിത്തീരും. കരുതൽ? ഞാൻ നിന്നെ അനുഗ്രഹിക്കും. സൽപ്പേര്? ഒരു വലിയ പേര്. ഉദ്ദേശ്യം? ഭൂമിയിലെ എല്ലാ ജനങ്ങൾക്കും നീ ഒരു അനുഗ്രഹമായിരിക്കും. വഴിയിൽ അവൻ ചില വലിയ തെറ്റുകൾ വരുത്തി, എങ്കിലും “വിശ്വാസത്താൽ അബ്രഹാം . . . എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു” (എബ്രായർ 11:8).

ഈ തിരിച്ചറിവ് ജാനീസിന്റെ ഹൃദയത്തിൽ നിന്ന് ഒരു വലിയ ഭാരം എടുത്തുമാറ്റി. “എന്റെ ജോലിയിൽ വിജയിക്കുന്നതിനെക്കുറിച്ച് ഞാൻ വിഷമിക്കേണ്ടതില്ല,” അവൾ പിന്നീട് എന്നോടു പറഞ്ഞു. “ജോലി ചെയ്യുന്നതിന് എന്നെ പ്രാപ്തയാക്കാൻ ദൈവത്തെ വിശ്വസിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി.” ദൈവം നമുക്കാവശ്യമായ വിശ്വാസം നൽകുന്നതിനാൽ, നമ്മുടെ ജീവിതകാലം മുഴുവൻ അവനിൽ ആശ്രയിക്കാം.