മനഃശാസ്ത്രജ്ഞനായ റോബർട്ട് എമ്മൺസ് നടത്തിയ ഒരു പഠനത്തിൽ, സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ട് അവർ ഓരോ ഗ്രൂപ്പും ആഴ്ചതോറും ജേണലുകൾ എഴുതാൻ നിർദ്ദേശിച്ചു. ഒരു ഗ്രൂപ്പ് അവർ കൃതജ്ഞതയുള്ള അഞ്ച് കാര്യങ്ങൾ എഴുതി. ഒരു ഗ്രൂപ്പ് ദിവസേന നേരിട്ട അഞ്ച് ബുദ്ധിമുട്ടുകൾ വിവരിച്ചു. ഒരു നിയന്ത്രണ ഗ്രൂപ്പ് അവരെ ചെറിയ രീതിയിൽ സ്വാധീനിച്ച അഞ്ച് സംഭവങ്ങൾ രേഖപ്പെടുത്തി. കൃതജ്ഞതാ ഗ്രൂപ്പിലുള്ളവർക്ക് അവരുടെ ജീവിതം മൊത്തത്തിൽ മെച്ചമായി തോന്നുന്നുവെന്നും ഭാവിയെക്കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവരാണെന്നും ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും പഠന ഫലങ്ങൾ വെളിപ്പെടുത്തി.

നന്ദി പറയലിന് നമ്മുടെ ജീവിതത്തെ നാം വീക്ഷിക്കുന്ന രീതിയെ മാറ്റിമറിക്കാൻ കഴിവുണ്ട്. നന്ദികരേറ്റൽ നമ്മെ കൂടുതൽ സന്തോഷിപ്പിക്കും.

ദൈവത്തിനു നന്ദി പറയുന്നതിന്റെ പ്രയോജനങ്ങളെ ബൈബിൾ പണ്ടേ പ്രകീർത്തിച്ചിട്ടുണ്ട്, അങ്ങനെ ചെയ്യുന്നത് അവന്റെ സ്വഭാവത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു. “യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു” (സങ്കീർത്തനം 100:5) എന്നതിനാൽ ദൈവത്തിനു നന്ദി പറയാൻ സങ്കീർത്തനങ്ങൾ ദൈവജനത്തെ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നു (107:8, 15, 21, 31) .

അപ്പൊസ്തലനായ പൗലൊസ് ഫിലിപ്പിയർക്കുള്ള തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ – തന്നെ പിന്തുണച്ച ഒരു സഭയ്ക്കുള്ള ഒരുതരം നന്ദി കുറിപ്പ് ആയിരുന്നു ആ ലേഖനം – അവൻ നന്ദിയുള്ള പ്രാർത്ഥനകളെ “സകല ബുദ്ധിയെയും കവിയുന്ന” ദൈവത്തിന്റെ സമാധാനവുമായി ബന്ധിപ്പിച്ചു (4:7). നാം ദൈവത്തിലും അവന്റെ നന്മയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഉത്കണ്ഠയില്ലാതെ, എല്ലാ സാഹചര്യങ്ങളിലും, നന്ദിയോടെ പ്രാർത്ഥിക്കാൻ കഴിയുമെന്ന് നാം കണ്ടെത്തും. നന്ദി പ്രകടിപ്പിക്കുന്നത് നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും അതുല്യമായി കാത്തുസൂക്ഷിക്കുകയും ജീവിതത്തെ നോക്കുന്ന രീതിയെ മാറ്റുകയും ചെയ്യുന്ന ഒരു സമാധാനം നൽകുന്നു. നന്ദി നിറഞ്ഞ ഹൃദയം സന്തോഷത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.