തോമസ് അക്വിനാസ് (1225-1274) സഭയുടെ ഏറ്റവും പ്രശസ്തനായ വിശ്വാസ സംരക്ഷകരിൽ ഒരാളായിരുന്നു. എന്നിട്ടും മരിക്കുന്നതിന് മൂന്നു മാസം മുമ്പ്, എന്തോ കാരണത്താൽ അദ്ദേഹം തന്റെ ജീവിതദൗത്യത്തിന്റെ ബൃഹത്തായ പൈതൃകമായ സമ്മ തിയോളജിക്കാ എന്ന ദൈവശാസ്ത്ര ഗ്രന്ഥം പൂർത്തിയാക്കാതെ വിട്ടു. തന്റെ രക്ഷകന്റെ നുറുങ്ങിയ ശരീരത്തെയും ചൊരിയുന്ന രക്തത്തെയും കുറിച്ച് ധ്യാനിച്ചുകൊണ്ടിരിക്കുമ്പോൾ, തനിക്കൊരു ഒരു ദർശനം ഉണ്ടായതായി അക്വിനാസ് അവകാശപ്പെട്ടു. അദ്ദേഹത്തിനു ശബ്ദിക്കാൻ കഴിഞ്ഞില്ലത്രേ. അദ്ദേഹം പറഞ്ഞു, “എനിക്കിനി എഴുതാൻ കഴിയില്ല. എന്റെ രചനകൾ വൈക്കോൽ പോലെ തോന്നിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ കണ്ടു.”
അക്വിനാസിനുമുമ്പ്, പൗലൊസിനും ഒരു ദർശനം ഉണ്ടായി. 2 കൊരിന്ത്യരിൽ, അവൻ ആ അനുഭവം വിവരിച്ചു: “ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു” (2 കൊരിന്ത്യർ 12:3-4).
വാക്കുകൾക്കോ യുക്തിക്കോ പ്രകടിപ്പിക്കാൻ കഴിയാത്ത നന്മയുടെ ഒരു മഹാസമുദ്രത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ വിട്ടിട്ട് പൗലൊസും അക്വിനാസും പോയി. അക്വിനാസ് കണ്ട ദർശനത്തിന്റെ അനന്തരഫലങ്ങൾ, നമുക്കുവേണ്ടി ക്രൂശിക്കപ്പെടാൻ തന്റെ പുത്രനെ അയച്ച ദൈവത്തോട് നീതി പുലർത്തുന്ന വിധത്തിൽ തന്റെ ജോലി പൂർത്തിയാക്കാമെന്ന പ്രതീക്ഷയില്ലാത്ത നിലയിൽ അവനെ ആക്കി. നേരെമറിച്ച്, പൗലൊസ് എഴുതുന്നത് തുടർന്നു, പക്ഷേ സ്വന്തം ശക്തിയിൽ പ്രകടിപ്പിക്കാനോ പൂർത്തിയാക്കാനോ കഴിയാത്തതിനെക്കുറിച്ചുള്ള അവബോധത്തിലാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ക്രിസ്തുവിന്റെ ശുശ്രൂഷയിൽ പൗലൊസിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളിലും (2 കൊരിന്ത്യർ 11:16-33; 12:8-9), അവനു തന്റെ ബലഹീനതയിൽ തിരിഞ്ഞുനോക്കാനും വാക്കുകൾക്കും അത്ഭുതത്തിനും അതീതമായ കൃപയും നന്മയും കാണാനും കഴിഞ്ഞു.
ഒരു ശാപം പോലെ തോന്നിയ എന്തു പ്രശ്നമാണ് നിങ്ങൾക്ക് ഉണ്ടായത്? നിങ്ങൾക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ ദൈവം നിങ്ങളോട് നന്മ കാണിക്കുന്നത് നിങ്ങൾ എങ്ങനെയാണു കണ്ടത്?
സ്വർഗ്ഗസ്ഥനായ പിതാവേ, എന്റെ ബലഹീനതയിൽ അങ്ങയുടെ സാന്നിദ്ധ്യത്തിന്റെയും ശക്തിയുടെയും വിവരണാതീതമായ ബോധ്യത്തിനായി നോക്കാൻ ഇന്ന് എനിക്കു ധൈര്യം നൽകണമേ.