മിസ്സ് ഗ്ലെൻഡ  ചർച്ചിന്റെ പൊതുവായ ഏരിയയിലേക്ക് നടന്നപ്പോൾ, അവളുടെ മറ്റുള്ളവരിലേക്കും പകരുന്ന സന്തോഷം മുറിയിൽ നിറഞ്ഞു. കഠിനമായ ഒരു ചികിത്സയിൽ നിന്ന് അവൾ സുഖം പ്രാപിച്ചു വന്നതേ ഉണ്ടായിരുന്നുള്ളു. ആരാധനയ്ക്കു ശേഷമുള്ള ഞങ്ങളുടെ പതിവ് ആശംസകൾക്കായി അവൾ എന്നെ സമീപിച്ചപ്പോൾ, വർഷങ്ങളായി അവൾ എന്നോടൊപ്പം കരയുകയും എന്നെ സൗമ്യമായി തിരുത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്ത എല്ലാ സമയങ്ങളെക്കുറിച്ചും ഞാൻ ദൈവത്തിനു നന്ദി പറഞ്ഞു. അവൾ എന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അവൾക്കു തോന്നിയപ്പോൾ അവൾ ക്ഷമ ചോദിക്കുമായിരുന്നു. സാഹചര്യം എന്തുതന്നെയായാലും, എന്റെ പോരാട്ടങ്ങൾ സത്യസന്ധമായി പങ്കിടാൻ അവൾ എന്നെ എപ്പോഴും ക്ഷണിക്കുകയും ദൈവത്തെ സ്തുതിക്കാൻ ഞങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.

അമ്മ ഗ്ലെൻഡ-അങ്ങനെ വിളിക്കാൻ എന്നെ അനുവദിച്ചിരുന്നു – എന്നെ മൃദുവായി ആലിംഗനം ചെയ്തു. “ഹായ്, ബേബി,” അവൾ പറഞ്ഞു. ഞങ്ങൾ ഒരു ചെറിയ സംഭാഷണം ആസ്വദിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. എന്നിട്ട് അവൾ പോയി-എപ്പോഴും എന്നപോലെ മൂളിയും പാടിയും മറ്റാരെയെങ്കിലും അനുഗ്രഹിക്കാനുണ്ടോയെന്നു നോക്കി.

സങ്കീർത്തനം 64-ൽ, ദാവീദ് തന്റെ പരാതികളും ആശങ്കകളുമായി സധൈര്യം ദൈവത്തെ സമീപിച്ചു (വാ. 1). തനിക്കു ചുറ്റും കാണുന്ന ദുഷ്ടതയെക്കുറിച്ചുള്ള തന്റെ നിരാശകൾ അവൻ പറഞ്ഞു (വാ. 2-6). ദൈവത്തിന്റെ ശക്തിയിലോ അവന്റെ വാഗ്ദാനങ്ങളുടെ വിശ്വാസ്യതയിലോ അവന് ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല (വാ. 7-9). ഒരു ദിവസം, “നീതിമാൻ യഹോവയിൽ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാർത്ഥികൾ എല്ലാവരും പുകഴും” (വാ. 10) എന്ന് അവൻ അറിഞ്ഞിരുന്നു.

യേശുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുമ്പോൾ, നമുക്ക് പ്രയാസകരമായ സമയങ്ങൾ നേരിടേണ്ടിവരും. എന്നാൽ ദൈവം സൃഷ്ടിച്ച എല്ലാ ദിവസവും സന്തോഷിക്കാൻ നമുക്ക് എപ്പോഴും കാരണങ്ങളുണ്ടാകും.