പാബ്ലോ പിക്കാസോയുടെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പെയ്ന്റിംഗായ ഗേണിക്ക, ആ പേരിലുള്ള ഒരു ചെറിയ സ്പാനിഷ് നഗരം 1937 ൽ നശിപ്പിക്കപ്പെട്ടതിന്റെ ആധുനിക ചിത്രീകരണമായിരുന്നു. സ്പാനിഷ് വിപ്ലവത്തിലും രണ്ടാം ലോകമഹായുദ്ധത്തിലേക്കുള്ള കുതിപ്പിലും, നാസി ജർമ്മനിയുടെ വിമാനങ്ങൾ ബോംബിംഗ് പരിശീലനത്തിനായി നഗരം ഉപയോഗിക്കാൻ സ്പെയിനിലെ ദേശീയ ശക്തികൾ അനുവദിച്ചു. ഈ വിവാദ ബോംബാക്രമണങ്ങൾ നിരവധി ജീവനുകൾ അപഹരിച്ചു, സിവിലിയൻ ലക്ഷ്യങ്ങൾക്കു നേരെ ബോംബാക്രമണം നടത്തുന്നതിന്റെ അധാർമ്മികതയെക്കുറിച്ച് ആശങ്കയുള്ള ഒരു ആഗോള സമൂഹത്തിന്റെ ശ്രദ്ധ അവിടേക്കാകർഷിക്കപ്പെട്ടു. പിക്കാസോയുടെ പെയിന്റിംഗ് ലോകത്തിന്റെ ഭാവനകളെ ആകർഷിക്കുകയും പരസ്പരം നശിപ്പിക്കാനുള്ള മനുഷ്യരാശിയുടെ കഴിവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഉത്തേജനം പകരുകയും ചെയ്തു.
ഒരിക്കലും മനഃപൂർവം രക്തം ചൊരിയുകയില്ലെന്ന് ഉറപ്പുള്ള നാം, യേശുവിന്റെ വാക്കുകൾ നാം ഓർക്കണം, “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും” (മത്തായി 5:21-22). ഒരിക്കലും കൊലപാതകം യഥാർത്ഥ ചെയ്യാതെ തന്നെ ഹൃദയം കൊലപാതക ചിന്തയുള്ളതാകാം.
മറ്റുള്ളവരോടുള്ള അനിയന്ത്രിതമായ കോപം നമ്മെ വിഴുങ്ങിക്കളയുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ, നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നിയന്ത്രിക്കാനും നമുക്ക് പരിശുദ്ധാത്മാവ് അത്യന്താപേക്ഷിതമാണ്, അങ്ങനെ നമ്മുടെ മാനുഷിക പ്രവണതകളെ ആത്മാവിന്റെ ഫലം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ കഴിയും (ഗലാത്യർ 5:19-23). അപ്പോൾ, സ്നേഹവും സന്തോഷവും സമാധാനവും നമ്മുടെ ബന്ധങ്ങളുടെ അടയാളമാക്കാൻ കഴിയും.
നിങ്ങളുടെ ബന്ധങ്ങൾ എത്രത്തോളം ആരോഗ്യകരമാണ്? ആരോഗ്യകരമായ ബന്ധങ്ങൾക്കു കാരണമാകുന്ന ഫലം പുറപ്പെടുവിക്കാൻ നിങ്ങൾക്ക് എങ്ങനെ ആത്മാവിനെ അനുവദിക്കാനാകും?
പിതാവേ, എന്നെ വേദനിപ്പിക്കുന്നവരെ തിരിച്ചടിക്കാൻ ഞാൻ ആഗ്രഹിക്കുമ്പോൾ എന്നെ സഹായിക്കണമേ. സ്നേഹത്തോടെ പ്രതികരിക്കാൻ എന്നെ സഹായിക്കണമേ.