സൗത്ത് ലണ്ടനിലെ പ്രക്ഷുബ്ധമായ ഒരു വീട്ടിൽ വളർന്ന ക്ലോഡ് പതിനഞ്ചാം വയസ്സിൽ മരിജുവാനയും ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ ഹെറോയിനും വിൽക്കാൻ തുടങ്ങി. തന്റെ പ്രവർത്തനങ്ങൾക്ക് ഒരു മറ ആവശ്യമായിരുന്ന അയാൾ, യുവാക്കൾക്ക് ഒരു മാർഗദർശിയായി പ്രവർത്തിച്ചു. താമസിയാതെ, യേശുവിൽ വിശ്വസിക്കുന്ന തന്റെ മാനേജരിൽ കൗതുകം തോന്നിയ ആയൾ, കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്ന ഒരു കോഴ്‌സിൽ പങ്കെടുത്ത ശേഷം, തന്റെ ജീവിതത്തിലേക്ക് വരാൻ അവൻ ക്രിസ്തുവിനെ “വെല്ലുവിളിച്ചു.”  “എനിക്ക് സ്വാഗതാർഹമായ ഒരു സാന്നിധ്യം അനുഭവപ്പെട്ടു” അയാൾ പറഞ്ഞു. “ആളുകൾ പെട്ടെന്ന് എന്നിൽ ഒരു മാറ്റം കണ്ടു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മയക്കുമരുന്ന് വ്യാപാരി ഞാനായിരുന്നു!”

യേശു അവിടം കൊണ്ടവസാനിപ്പിച്ചില്ല.  അടുത്ത ദിവസം ക്ലോഡ് ഒരു ബാഗ് കൊക്കെയ്ൻ തൂക്കിനോക്കിയപ്പോൾ, അയാൾ ചിന്തിച്ചു, ഇത് ഭ്രാന്താണ്. ഞാൻ ആളുകൾക്ക് വിഷം കൊടുക്കുകയാണ്! മയക്കുമരുന്ന് വിൽപ്പന നിർത്തി ഒരു ജോലി നേടണമെന്ന് അയാൾ മനസ്സിലാക്കി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, അവൻ തന്റെ ഫോണുകൾ ഓഫ് ചെയ്തു, പിന്നെ ഒരിക്കലും തിരികെ പോയില്ല.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയപ്പോൾ പരാമർശിച്ചത് ഇത്തരത്തിലുള്ള മാറ്റമാണ്. ദൈവത്തിൽ നിന്ന് വേർപെട്ട് ജീവിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” (എഫെസ്യർ 4:22, 24) എന്നു പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു. പൗലൊസ് ഉപയോഗിച്ച ക്രിയാരൂപം സൂചിപ്പിക്കുന്നത് നാം പതിവായി പുതിയ മനുഷ്യനെ ധരിക്കണം എന്നാണ്.

ക്ലോഡിനെപ്പോലെ, നമ്മുടെ പുതുമനുഷ്യനെ പ്രദർശിപ്പിച്ചുകൊണ്ടു ജീവിക്കാനും കൂടുതൽ യേശുവിനെപ്പോലെ ആകുവാനും നമ്മെ സഹായിക്കുന്നതിൽ പരിശുദ്ധാത്മാവ് സന്തോഷിക്കുന്നു.