ഡൽഹിയിൽ താമസിച്ചിരുന്ന അമ്മയും ഭാര്യയുമായ ശീതൾ, മഹാമാരിയുടെ സമയത്ത് വരുമാനവും ഭക്ഷണവുമില്ലാതെ റോഡുകളിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ആശങ്കാകുലയായി. അവരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ ശീതൾ 10 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തു. വാർത്ത പരന്നു, ഏതാനും എൻജിഒകൾ ശീതളിനെ സഹായിക്കാൻ മുന്നോട്ടുവന്നു, ഇത് “പ്രോജക്റ്റ് അന്നപൂർണ്ണ”യുടെ പിറവിയിലേക്കു നയിച്ചു. ഒരു ദിവസം 10 പേർക്കു ഭക്ഷണം വിളമ്പുകയെന്ന ഒരു സ്ത്രീയുടെ ലക്ഷ്യം, പ്രതിദിനം 60,000ത്തിലധികം പ്രതിദിന വേതനക്കാരെ സേവിക്കുന്ന 50 സന്നദ്ധപ്രവർത്തകർ ഉള്ള ഒരു പ്രസ്ഥാനംഎന്ന നിലയിലേക്കു വളർന്നു.
കൊറോണ വൈറസ് മഹാമാരിയുടെ ഫലമായുണ്ടായ ഭീമാകാരമായ ആവശ്യങ്ങൾക്ക് പ്രതികരണമായി, സേവനത്തിനു യാതൊരു സാധ്യതയുമില്ലാത്ത പങ്കാളികളെ ഒരുമിച്ചു കൊണ്ടുവരികയും, യേശുവിൽ വിശ്വസിക്കുന്നവർക്ക് ക്രിസ്തുവിന്റെ വെളിച്ചം മറ്റുള്ളവരുമായി പങ്കിടാൻ പുതിയ അവസരങ്ങൾ നൽകുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്തായി 5:16) എന്നാണ്. സ്നേഹത്തിലും ദയയിലും നല്ല വാക്കുകളിലും പ്രവൃത്തികളിലും നമ്മെ നയിക്കാൻ ആത്മാവിനെ അനുവദിച്ചുകൊണ്ട് നാം ക്രിസ്തുവിന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നു (ഗലാത്യർ 5:22-23 കാണുക). യേശുവിൽ നിന്ന് നമുക്ക് ലഭിച്ച വെളിച്ചം നമ്മുടെ ദൈനംദിന ജീവിതത്തിൽ വ്യക്തമായി പ്രകാശിക്കാൻ അനുവദിക്കുമ്പോൾ, നാം ‘[നമ്മുടെ] സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയാണു’ ചെയ്യുന്നത് (മത്തായി 5:16).
ക്രിസ്തുവിനെ പരിതാപകരമായ നിലയിൽ ആവശ്യമുള്ള ഒരു ലോകത്ത് ഉപ്പും വെളിച്ചവുമാകാൻ അവൻ നമ്മെ സഹായിക്കുമ്പോൾ, ഈ ദിവസവും എല്ലാ ദിവസവും നമുക്ക് ക്രിസ്തുവിനുവേണ്ടി പ്രകാശിക്കാം.
ഇന്ന് മറ്റുള്ളവരുമായി പ്രത്യാശയും വെളിച്ചവും പങ്കിടാനുള്ള അവസരം നിങ്ങൾ എവിടെയാണ് കാണുന്നത്? പ്രയാസകരമായ സമയങ്ങളിൽ ഒരാൾ എപ്പോഴാണ് നിങ്ങൾക്ക് വെളിച്ചമായിത്തീർന്നിട്ടുള്ളത്?
യേശുവേ, ഞാൻ പറയുന്ന കാര്യങ്ങളിലും ചെയ്യുന്നകാര്യങ്ങളിലും അങ്ങയുടെ വെളിച്ചം പ്രകാശിപ്പിക്കാൻ എന്നെ സഹായിക്കണമേ.