ഏകയായി ജോലി ചെയ്തു വീടു പുലർത്തുന്ന മാതാവായ മേരി സഭാരാധനയോ ബൈബിൾ പഠനമോ മുടക്കിയിരുന്നില്ല. ഓരോ ആഴ്ചയിലും അവൾ തന്റെ അഞ്ചു മക്കളുമായി പള്ളിയിലേക്കും തിരിച്ചും ബസിൽ പോകുകയും, ക്രമീകരണങ്ങൾ ചെയ്യുന്നതിലും വൃത്തിയാക്കലിലും സഹായിക്കുകയും ചെയ്തിരുന്നു.
ഒരു ഞായറാഴ്ച, ചില സഭാംഗങ്ങൾ ആ കുടുംബത്തിന് ചില സമ്മാനങ്ങൾ നൽകിയതായി പാസ്റ്റർ മേരിയോട് പറഞ്ഞു. ഒരു ദമ്പതികൾ അവർക്ക് കുറഞ്ഞ വാടകയ്ക്കു വീട് നൽകി. മറ്റൊരു ദമ്പതികൾ അവർക്ക് അവരുടെ കോഫി ഷോപ്പിൽ ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തു. ഒരു യുവാവ് അവൾക്ക് താൻ പണിതിറക്കിയ ഒരു പഴയ കാർ നൽകുകയും അവളുടെ സ്വകാര്യ മെക്കാനിക്കായി പ്രവർത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവത്തെയും പരസ്പരവും സേവിക്കുന്നതിനായി അർപ്പിതരായ ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിന് മേരി ദൈവത്തിനു നന്ദി പറഞ്ഞു.
മേരിയുടെ സഭാ കുടുംബത്തെപ്പോലെ ഉദാരമായി നൽകാൻ നമുക്കെല്ലാവർക്കും കഴിഞ്ഞേക്കില്ലെങ്കിലും, ദൈവജനം പരസ്പരം സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവരാണ്. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് യേശുവിലെ വിശ്വാസികളെ “അപ്പൊസ്തലന്മാരുടെ ഉപദേശം കേൾക്കുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും’’ സമർപ്പണമുള്ളവർ എന്ന് വിശേഷിപ്പിച്ചു (പ്രവൃത്തികൾ 2:42). നമ്മുടെ വിഭവങ്ങൾ സംയോജിപ്പിക്കുമ്പോൾ, യേശുവിലെ ആദ്യ വിശ്വാസികൾ ചെയ്തതുപോലെ ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും (വാ. 44-45). ദൈവത്തോടും പരസ്പരവും നാം അടുക്കുംതോറും നമുക്ക് പരസ്പരം കരുതുവാൻ കഴിയും. ദൈവജനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവസ്നേഹം പ്രകടമാക്കുന്നത് കാണുന്നത് മറ്റുള്ളവരെ യേശുവുമായുള്ള രക്ഷാകരമായ ബന്ധത്തിലേക്ക് നയിക്കും (വാ. 46-47).
പുഞ്ചിരിയോടെയോ ഒരു ദയാ പ്രവൃത്തിയിലൂടെയോ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും. ഒരു സാമ്പത്തിക സമ്മാനമോ പ്രാർത്ഥനയോ നൽകാൻ നമുക്കു കഴിയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, നാം ഒരുമിച്ചായിരുന്നതാണ് നല്ലത്.
ദൈവത്തെയും പരസ്പരവും സേവിക്കുന്നതിൽ അർപ്പിതമായ ഒരു സമൂഹത്തെ അനുഭവിച്ചറിയേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ ഒരാളെ നിസ്വാർത്ഥമായും ഉദാരമായും സേവിക്കാൻ കഴിയും?
സ്നേഹമുള്ള പിതാവേ, ആവശ്യത്തിലിരിക്കുന്നവരെ കാണാനും മറ്റുള്ളവരെ സേവിച്ചുകൊണ്ട് അങ്ങയെ സേവിക്കാനും എന്നെ സഹായിക്കണമേ.