ഭാര്യയെയും മകനെയും മകളെയും നഷ്ടപ്പെട്ട ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്കു ശേഷം, 89 വയസ്സുള്ള ഫൗജ സിംഗ് തന്റെ ഓട്ടത്തോടുള്ള അഭിനിവേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. പഞ്ചാബി ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ സിംഗ് ടൊറന്റോ വാട്ടർഫ്രണ്ട് മാരത്തൺ പൂർത്തിയാക്കുന്ന ആദ്യത്തെ 100 വയസ്സുകാരനായി. ഒരുപക്ഷേ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരികവും മാനസികവുമായ അച്ചടക്കവും മത്സരാധിഷ്ഠിത നേട്ടം കൈവരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. തളർന്ന കാലുകൾ കാരണം 5 വയസ്സു വരെ സിംഗിന് നടക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ പലപ്പോഴും കളിയാക്കുകയും “വടി’’ എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നേട്ടങ്ങൾ കാരണം സിംഗ് ഇപ്പോൾ “തലപ്പാവു ധരിച്ച ടൊർണാഡോ’’ എന്നാണ് അറിയപ്പെടുന്നത്.
അപ്പൊസ്തലനായ പൗലൊസ് തന്റെ കാലഘട്ടത്തിൽ, സമാന രീതിയിൽ അച്ചടക്കം പ്രകടിപ്പിക്കുന്ന കായികതാരങ്ങളെ തിരിച്ചറിഞ്ഞു (1 കൊരിന്ത്യർ 9:24). എന്നാൽ അവർ എത്ര പരിശീലിച്ചാലും ആത്യന്തികമായി അവരുടെ മഹത്വം മങ്ങിപ്പോകുന്നതും അവൻ കണ്ടു. നേരെമറിച്ച്, നിത്യതയെ ബാധിക്കുന്ന വിധത്തിൽ യേശുവിനുവേണ്ടി ജീവിക്കാനുള്ള അവസരമാണ് നമുക്കുള്ളതെന്ന് അവൻ പറഞ്ഞു. നൈമിഷിക മഹത്വത്തിനായി പരിശ്രമിക്കുന്ന കായികതാരങ്ങൾക്ക് അതിനായി കഠിനാധ്വാനം ചെയ്യാൻ കഴിയുമെങ്കിൽ, എന്നേക്കും നിലനിൽക്കുന്ന ഒരു കിരീടത്തിനായി ജീവിക്കുന്നവർ എത്രയധികം പ്രവർത്തിക്കണമെന്ന് പൗലൊസ് സൂചിപ്പിക്കുന്നു (വാ. 25).
രക്ഷ നേടാൻ നാം പരിശീലിക്കുന്നില്ല. നേരെ മറിച്ചാണ്: നമ്മുടെ രക്ഷ എത്ര അത്ഭുതകരമാണെന്ന് നാം തിരിച്ചറിയുമ്പോൾ, അത് നമ്മുടെ മുൻഗണനകളെയും വീക്ഷണങ്ങളെയും നാം ജീവിക്കുന്ന കാര്യങ്ങളെയും പുനർരൂപകൽപ്പന ചെയ്യുന്നു. നാം ഓരോരുത്തരും ദൈവശക്തിയിൽ നമ്മുടെ വിശ്വാസത്തിന്റെ ഓട്ടം വിശ്വസ്തതയോടെ ഓടാനാരംഭിക്കുന്നു.
നിങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ നിങ്ങളുടെ വിശ്വാസം നിങ്ങളെ എങ്ങനെ പ്രേരിപ്പിക്കുന്നുവെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങൾ ആത്മീയ വിഷയങ്ങളിൽ വളരുമ്പോൾ എങ്ങനെ നിയമവാദം ഒഴിവാക്കാൻ കഴിയും?
പിതാവേ, അങ്ങ് എനിക്ക് ഇതിനകം തന്നിട്ടുള്ള എന്തെങ്കിലും നേടാനുള്ള ശ്രമമായിട്ടല്ല, അങ്ങയുടെ സ്നേഹത്തോടുള്ള പ്രതികരണമെന്ന നിലയിൽ അച്ചടക്കത്തിൽ വളരാൻ എന്നെ സഹായിക്കണമേ.