1979 ൽ പുരാവസ്തു ഗവേഷകനായ ഗബ്രിയേൽ ബാർകെ രണ്ട് ചെറിയ വെള്ളിച്ചുരുളുകൾ കണ്ടെത്തി. ലോഹ ചുരുളുകൾ ശ്രദ്ധാപൂർവ്വം അഴിക്കാൻ വർഷങ്ങളെടുത്തു, ഓരോന്നിലും സംഖ്യാപുസ്തകം 6:24-26 ൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഒരു എബ്രായ കൊത്തുപണി അടങ്ങിയിരിക്കുന്നതായി കണ്ടെത്തി, “യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.’’ ബിസി ഏഴാം നൂറ്റാണ്ടിലേതാണ് ഈ ചുരുളുകൾ എന്ന് പണ്ഡിതന്മാർ കണക്കാക്കുന്നു. ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള തിരുവെഴുത്തുകളാണവ.

അവ എവിടെയാണ് കണ്ടെത്തിയത് എന്നതും ഒരുപോലെ താല്പര്യജനകമാണ്. ഹിന്നോം താഴ്‌വരയിലെ ഒരു ഗുഹയിൽ നിന്നാണ് ബാർക്കെ ഇതു കണ്ടെത്തിയത്. ഇവിടെയാണ് യെഹൂദാജനം തങ്ങളുടെ മക്കളെ ബലിയർപ്പിച്ചത്. അതിനു ശിക്ഷയായി അവിടെവെച്ചു തന്നേ ദൈവം അവരെ കൊല്ലുമെന്ന് യിരെമ്യാ പ്രവാചകൻ പ്രവചിച്ചിരുന്നു (യിരെമ്യാവ് 19:4-6). നരകത്തിന്റെ ചിത്രമായി യേശു “ഗെഹെന്ന’’ (“ഹിന്നോം താഴ്‌വര” എന്നതിന്റെ എബ്രായ നാമത്തിന്റെ ഗ്രീക്ക് രൂപം) എന്ന പദം ഉപയോഗിക്കത്തക്കവിധം അത്രയ്ക്കു ദുഷ്ടതനിറഞ്ഞ സ്ഥലമായിരുന്നു ഈ താഴ്‌വര (മത്തായി 23:33).

ഈ സ്ഥലത്ത്, യിരെമ്യാവ് തന്റെ ജനതയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധി പ്രഖ്യാപിക്കുന്ന സമയത്ത്, ആരോ അതിന്റെ ഭാവി അനുഗ്രഹം വെള്ളിച്ചുരുളുകളിൽ കൊത്തിവെക്കുകയായിരുന്നു. അവരുടെ ജീവിതകാലത്ത് അത് സംഭവിക്കില്ലായിരിക്കാം, എന്നാൽ ഒരു ദിവസം – ബാബിലോണിയൻ അധിനിവേശത്തിന്റെ അങ്ങേപ്പുറത്ത് – ദൈവം തന്റെ ജനത്തിന്റെ നേരെ മുഖം തിരിച്ച് അവർക്ക് സമാധാനം നൽകും.

നമുക്കുള്ള പാഠം വ്യക്തമാണ്. സംഭവിക്കാനുള്ള കാര്യങ്ങൾ നാം അർഹിക്കുന്നവയാണെങ്കിൽപ്പോലും നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തെ മുറുകെ പിടിക്കാൻ കഴിയും. അവിടുത്തെ ഹൃദയം എപ്പോഴും തന്റെ ജനത്തിനായി തുടിക്കുന്നു.