1917 ൽ, കാലിഫോർണിയയിലെ ഒരു ബിസിനസുകാരനായ ഫ്രെഡറിക് ലേമാൻ, സാമ്പത്തികത്തകർച്ച നേരിട്ട സമയത്ത് “ദൈവത്തിന്റെ സ്‌നേഹം’’ എന്ന ഗാനത്തിന്റെ വരികൾ എഴുതി. അദ്ദേഹത്തിന്റെ പ്രചോദനം, ആദ്യ രണ്ട് ചരണങ്ങൾ പെട്ടെന്ന് എഴുതാൻ പ്രേരിപ്പിച്ചു, പക്ഷേ മൂന്നാമത്തേതിൽ അദ്ദേഹം നിന്നുപോയി. വർഷങ്ങൾക്കുമുമ്പ് ജയിലിന്റെ ചുവരുകളിൽ എഴുതിയ ഒരു കവിത അദ്ദേഹം ഓർത്തു. ദൈവസ്‌നേഹത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം പ്രകടിപ്പിച്ചുകൊണ്ട് ഒരു തടവുകാരൻ അത് കല്ലിൽ കോറിവയ്ക്കുകയായിരുന്നു. ലേമാന്റെ സ്തുതിഗീതത്തിന്റെ അതേ വൃത്തത്തിലാണ് ആ കവിതയും എഴുതപ്പെട്ടത്. അദ്ദേഹം അത് തന്റെ മൂന്നാമത്തെ ചരണമാക്കി.
ലേമാനെയും ജയിലറയിലെ കവിയെയും പോലെ, പ്രയാസകരമായ തിരിച്ചടികൾ നാം നേരിടുന്ന സമയങ്ങളുണ്ട്. നിരാശയുടെ സമയങ്ങളിൽ, സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നതും “[ദൈവത്തിന്റെ] ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നതും’’ (സങ്കീർത്തനം 57:1) നമുക്കു നന്നായിരിക്കും. നമ്മുടെ പ്രശ്‌നങ്ങളിൽ “ദൈവത്തെ വിളിച്ചപേക്ഷിക്കുന്നത്’’ നല്ല കാര്യമാണ് (വാ. 2), “സിംഹങ്ങളുടെ ഇടയിൽ’’ ആയിരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയങ്ങളെയും നമ്മുടെ നിലവിലെ പരീക്ഷണങ്ങളെയും കുറിച്ച് അവനോട് സംസാരിക്കുക (വാ. 4). കഴിഞ്ഞ കാലങ്ങളിലെ ദൈവത്തിന്റെ കരുതലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് നാം പെട്ടെന്നുതന്നെ ഓർമ്മിക്കുകയും, “ഞാൻ പാടുകയും ഞാൻ കീർത്തനം ചെയ്യുകയും. … ഞാൻ അതികാലത്തെ ഉണരുകയും’’ (വാ. 7-8) ചെയ്യും.
“ദൈവത്തിന്റെ സ്‌നേഹം വളരെ വലുതാണ്,’’ ഈ ഗാനം ഉദ്‌ഘോഷിക്കുന്നു, “അത് അത്യുന്നത നക്ഷത്രത്തിനപ്പുറം പോകുന്നു’’ എന്ന് കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ സ്‌നേഹം യഥാർത്ഥത്തിൽ എത്ര മഹത്തായതാണെന്ന് – തീർച്ചയായും “സ്വർഗ്ഗത്തോളം എത്തുന്നതാണെന്ന്’’ – നാം ഉൾക്കൊള്ളേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമായ സമയത്താണ് (വാ. 10).
ഇന്ന് നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? കഴിഞ്ഞ കാലങ്ങളിൽ ദൈവം നിങ്ങൾക്ക് എങ്ങനെയാണ് നൽകിയിട്ടുള്ളത്?
സ്നേഹവാനായ ദൈവമേ, ഞാൻ പ്രയാസകരമായ കാര്യങ്ങളെ അഭിമുഖീകരിക്കുന്നു, പക്ഷേ എന്നോടുള്ള അങ്ങയുടെ സ്നേഹത്തെയും എന്റെ ജീവിതത്തിലുടനീളമുള്ള അങ്ങയുടെ കരുതലിനെയും ഞാൻ ഓർമ്മിക്കുന്നു. അങ്ങേയ്ക്കു നന്ദി.