എട്ടു വയസ്സു മുതൽ, ലിസയ്ക്ക് വിക്ക് അനുഭവപ്പെടുകയും ആളുകളുമായി സംസാരിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യങ്ങളെ അവൾ ഭയപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട്, സ്പീച്ച് തെറാപ്പിയിലൂടെ അവളുടെ വെല്ലുവിളിയെ മറികടന്നതിനു ശേഷം, മറ്റുള്ളവരെ സഹായിക്കാൻ തന്റെ ശബ്ദം ഉപയോഗിക്കാൻ ലിസ തീരുമാനിച്ചു. ഒരു വൈകാരിക അസ്വസ്ഥത നേരിടുന്നവർക്കായുള്ള ഒരു ടെലിഫോൺ ഹോട്ട്‌ലൈനിന്റെ കൗൺസിലറായി അവൾ സന്നദ്ധസേവനം ആരംഭിച്ചു.

യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിനായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ മോശയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഫറവോനുമായി ആശയവിനിമയം നടത്താൻ ദൈവം അവനോട് ആവശ്യപ്പെട്ടു, എന്നാൽ തന്റെ സംസാരശേഷിയിൽ ആത്മവിശ്വാസം ഇല്ലാത്ത മോശെ പ്രതിഷേധിച്ചു (പുറപ്പാട് 4:10). ദൈവം അവനെ വെല്ലുവിളിച്ചു, “മനുഷ്യന്നു വായി കൊടുത്തതു ആർ?’’ എന്ന് അവനെ വെല്ലുവിളിച്ചശേഷം ദൈവം അവനെ ആശ്വസിപ്പിച്ചു, “ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും’’ (വാ. 11-12).

നമ്മുടെ പരിമിതികളിൽ പോലും നമ്മിലൂടെ ശക്തമായി പ്രവർത്തിക്കാൻ അവനു കഴിയുമെന്ന് ദൈവത്തിന്റെ പ്രതികരണം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇത് നമ്മുടെ ഹൃദയത്തിൽ അറിയുമ്പോൾ പോലും, അത് പ്രാവർത്തികമാക്കാൻ പ്രയാസമാണ്. മോശ എതിർപ്പു തുടരുകയും മറ്റൊരാളെ അയയ്ക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു (വാ. 13). അതുകൊണ്ട് മോശയുടെ സഹോദരൻ അഹരോനെ അവന്റെ കൂടെ കൂട്ടാൻ ദൈവം അനുവദിച്ചു (വാ. 14).

നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു ശബ്ദമുണ്ട്. നമ്മൾ ഭയപ്പെട്ടേക്കാം. നമുക്കു കഴിവില്ലെന്നു തോന്നിയേക്കാം. നമുക്ക് ശരിയായ വാക്കുകൾ ഇല്ലെന്നു തോന്നിയേക്കാം.

നമുക്ക് എങ്ങനെ തോന്നുന്നുവെന്ന് ദൈവത്തിനറിയാം. മറ്റുള്ളവരെ സേവിക്കുന്നതിനും അവന്റെ ജോലി പൂർത്തിയാക്കുന്നതിനും വാക്കുകളും നമുക്കാവശ്യമായ എല്ലാ കാര്യങ്ങളും നൽകാൻ അവനു കഴിയും.