“എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടായിരിക്കും.’’ ആ വാക്കുകൾ കേട്ടാൽ, ആ വ്യക്തി അത് ശരിക്കും അർത്ഥമാക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എഡ്ന ഡേവിസ് അതു പറയുമ്പോൾ നിങ്ങൾ ഒരിക്കലും അത്ഭുതപ്പെടേണ്ടതില്ല. ആ ചെറിയ പട്ടണത്തിലെ എല്ലാവർക്കും, “മിസ്. എഡ്നയുടെ’’ മഞ്ഞ എഴുത്തു പാഡിന്റെ ഓരോ പേജിലും പേരുകൾ നിറഞ്ഞിരിക്കുകയാണെന്ന് അറിയാം. എല്ലാ ദിവസവും അതിരാവിലെ വൃദ്ധയായ സ്ത്രീ ദൈവത്തോട് ഉറക്കെ പ്രാർത്ഥിച്ചു. അവളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അവർ ആഗ്രഹിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ല എങ്കിലും എന്നാൽ അവരുടെ ജീവിതത്തിൽ ദൈവത്തോളം വലിപ്പമുള്ള എന്തെങ്കിലും സംഭവിച്ചുവെന്ന് അവളുടെ ശവസംസ്കാര ചടങ്ങിൽ പലരും സാക്ഷ്യപ്പെടുത്തി, അത് മിസ് എഡ്നയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ മറുപടിയാണെന്നു സമ്മതിച്ചു.
പത്രൊസിന്റെ കാരാഗൃഹ അനുഭവത്തിൽ പ്രാർത്ഥനയുടെ ശക്തി ദൈവം വെളിപ്പെടുത്തി. അപ്പൊസ്തലനെ ഹെരോദാവിന്റെ പടയാളികൾ പിടികൂടി തടവിലാക്കുകയും “അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു’’ (പ്രവൃത്തികൾ 12:4) ഏൽപ്പിക്കുകയും ചെയ്തപ്പോൾ, അവന്റെ പ്രതീക്ഷകൾ ഇരുളടഞ്ഞതായി കാണപ്പെട്ടു. എന്നാൽ “സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു’’ (വാ. 5). അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും പത്രൊസ് ഉണ്ടായിരുന്നു. ദൈവം ചെയ്തത് തികച്ചും അത്ഭുതകരമായിരുന്നു! കാരാഗൃഹത്തിൽ ഒരു ദൂതൻ പത്രൊസിനു പ്രത്യക്ഷനായി, അവനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുകയും കാരാഗൃഹ വാതിലുകൾക്കപ്പുറം സുരക്ഷിതത്വത്തിലേക്കു നയിക്കുകയും ചെയ്തു (വാ. 7-10).
ചിലർ യഥാർത്ഥത്തിൽ അർത്ഥമാക്കാതെ “ചിന്തകളും പ്രാർത്ഥനകളും’’ ഉപയോഗിച്ചേക്കാം. എന്നാൽ നമ്മുടെ പിതാവ് നമ്മുടെ ചിന്തകൾ അറിയുന്നു, നമ്മുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നു, അവന്റെ പൂർണ്ണമായ ഇഷ്ടപ്രകാരം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. മഹാനും ശക്തനുമായ ദൈവത്തെ നാം സേവിക്കുമ്പോൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല.
എപ്പോഴാണ് അവസാനമായി ഒരാൾ നിങ്ങളെ ഓർക്കുകയും നിങ്ങൾക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തതായി നിങ്ങൾ അറിഞ്ഞിട്ടുള്ളത്? ഇന്ന് നിങ്ങൾക്ക് അങ്ങനെ പ്രാർത്ഥിക്കാൻ കഴിയുന്ന ഒരാൾ ആരാണ്?
യേശുവേ, എല്ലാ ഉത്ക്കണ്ഠകളും അങ്ങയുടെ അടുക്കലേക്ക് കൊണ്ടുവരാൻ കഴിയുന്നതിനും അങ്ങ് കേൾക്കുന്നതിനും നന്ദി.