ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോഴാണ് ഹോസ്പിറ്റൽ നഴ്സറിയുടെ ജനാലയിലൂടെ നോക്കി ആദ്യമായി ഒരു നവജാത ശിശുവിനെ കാണുന്നത്. എന്റെ അറിവില്ലായ്മയിൽ, രോമമില്ലാത്ത, കോണാകൃതിയിലുള്ള തലയും ശരീരത്തു ചുളിവുകളുമുള്ള കുട്ടിയെ കണ്ട് ഞാൻ പരിഭ്രാന്തനായി. എന്നാൽ ഞങ്ങളുടെ അടുത്തു നിന്നിരുന്ന കുഞ്ഞിന്റെ അമ്മയ്ക്ക്, “അവൻ സുന്ദരനല്ലേ?’’ എന്ന് ചുറ്റും നില്ക്കുന്നവരോടു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒരു ചെറുപ്പക്കാരനായ പിതാവ് തന്റെ പെൺകുഞ്ഞിനോട് “നീ വളരെ സുന്ദരിയാണ്’’ എന്ന ഗാനം ആർദ്രമായി ആലപിക്കുന്ന വീഡിയോ കണ്ടപ്പോൾ ആ നിമിഷത്തെ ഞാൻ ഓർത്തു. അവളുടെ ആഹ്ലാദഭരിതനായ ഡാഡിക്ക് – ആ കൊച്ചു പെൺകുട്ടി ഇതുവരെ സൃഷ്ടിക്കപ്പെട്ടതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു.
അങ്ങനെയാണോ ദൈവം നമ്മെ നോക്കുന്നത്? നാം അവന്റെ “കൈപ്പണി’’—അവന്റെ മാസ്റ്റർപീസ് ആണെന്ന് എഫെസ്യർ 2:10 പറയുന്നു. നമ്മുടെ പരാജയങ്ങളെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, അവിടുന്നു നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്നത് അംഗീകരിക്കാനോ അവിടുത്തെ മുമ്പിൽ നമുക്കു മൂല്യമുള്ളവരാകാൻ കഴിയുമെന്നു വിശ്വസിക്കാനോ ബുദ്ധിമുട്ടായിരിക്കാം. എന്നാൽ നാം അവിടുത്തെ സ്നേഹത്തിന് അർഹരായതിനാലല്ല ദൈവം നമ്മെ സ്നേഹിക്കുന്നത് (വാ. 3-4); അവിടുന്നു സ്നേഹമായതുകൊണ്ടാണ് അവിടുന്നു നമ്മെ സ്നേഹിക്കുന്നത് (1 യോഹന്നാൻ 4:8). അവന്റെ സ്നേഹം കൃപയുടേതാണ്, നാം നമ്മുടെ പാപങ്ങളിൽ മരിച്ചവരായിരുന്നപ്പോൾ യേശുവിന്റെ മരണത്തിലൂടെ ദൈവം നമ്മെ അവനിൽ ജീവിപ്പിച്ചുകൊണ്ട് അതിന്റെ ആഴം കാണിച്ചുതന്നു (എഫെസ്യർ 2:5, 8).
ദൈവത്തിന്റെ സ്നേഹം ചഞ്ചലമല്ല – സ്ഥിരമാണ്. അവിടുന്ന് അപൂർണരെയും തകർന്നവരെയും ദുർബലരെയും കുഴപ്പക്കാരെയും സ്നേഹിക്കുന്നു. നാം വീഴുമ്പോൾ, നമ്മെ ഉയർത്താൻ അവിടുന്ന് അവിടെയുണ്ട്. നാം അവിടുത്തെ നിധിയാണ്, നാം അവന് വളരെ സുന്ദരന്മാരും സുന്ദരികളുമാണ്.
“ദൈവം സ്നേഹമാണ്’’ എന്നറിയുന്നതിന്റെ അർത്ഥമെന്താണ്? നിങ്ങളോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന്റെ സത്യം നിങ്ങൾക്ക് എങ്ങനെ അംഗീകരിക്കാനാകും?
വിലയേറിയ പിതാവേ, എന്നോടുള്ള അങ്ങയുടെ സ്നേഹത്തിനു നന്ദി.