കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സുവിശേഷ ഗായകസംഘം ആലപിച്ച “യേശു എന്നോടൊപ്പം നടക്കുന്നു’’ എന്ന ജനപ്രിയ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. ആ വരികൾക്കു പിന്നിൽ ശക്തമായ ഒരു കഥയുണ്ട്.

ജാസ് സംഗീതജ്ഞനായ കർട്ടിസ് ലുണ്ടി കൊക്കെയ്ൻ ആസക്തിക്കുള്ള ചികിത്സാ പരിപാടിയിൽ പ്രവേശിച്ചപ്പോഴാണ് ഗായകസംഘം ആരംഭിച്ചത്. ആസക്തിക്കടിമകളായ മറ്റുള്ളവരെ ഒരുമിച്ചു കൂട്ടി ഒരു പഴയ ഗാനത്തിൽ പ്രചോദനം ഉൾക്കൊണ്ട്, പുനരധിവാസത്തിലുള്ളവർക്ക് പ്രത്യാശയുടെ ഒരു ഗാനമായി അദ്ദേഹം ആ കോറസ് എഴുതി. “ഞങ്ങൾ ഞങ്ങളുടെ ജീവിതത്തിനായി പാടുകയായിരുന്നു,’’ ഒരു ഗായകസംഘാംഗം പാട്ടിനെക്കുറിച്ച് പറയുന്നു. “ഞങ്ങളെ രക്ഷിക്കാനും മയക്കുമരുന്നിൽ നിന്ന് പുറത്തുകടക്കാൻ സഹായിക്കാനും ഞങ്ങൾ യേശുവിനോട് ആവശ്യപ്പെടുകയായിരുന്നു.’’ താൻ പാട്ട് പാടിയപ്പോൾ തന്റെ അതികഠിനമായ വേദന ശമിച്ചതായി ഒരുവൾ സാക്ഷ്യപ്പെടുത്തി. ആ ഗായകസംഘം ഒരു കടലാസിലെ വാക്കുകൾ പാടുക മാത്രമായിരുന്നില്ല, വീണ്ടെടുപ്പിനായി ആശയറ്റവരുടെ പ്രാർത്ഥനകൾ അർപ്പിക്കുകയായിരുന്നു.

ഇന്നത്തെ വായനയ്ക്കുള്ള തിരുവെഴുത്ത്, അവരുടെ അനുഭവത്തെ നന്നായി വിവരിക്കുന്നു. ക്രിസ്തുവിൽ നമ്മുടെ ദൈവം, എല്ലാ മനുഷ്യർക്കും രക്ഷ നൽകുവാൻ അവതരിച്ചിരിക്കുന്നു (തീത്തൊസ് 2:11). നിത്യജീവൻ ഈ ദാനത്തിന്റെ ഭാഗമായിരിക്കുമ്പോൾ തന്നേ (വാ. 13), ആത്മനിയന്ത്രണം വീണ്ടെടുക്കാനും ലൗകിക ആസക്തികളോട് ഇല്ല എന്നു പറയാനും നമ്മെ ശക്തരാക്കിക്കൊണ്ട് അവനോടൊപ്പമുള്ള ജീവിതത്തിനായി നമ്മെ വീണ്ടെടുക്കാനും ദൈവം ഇപ്പോൾ നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു (വാ. 12, 14). ഗായകസംഘത്തിലെ അംഗങ്ങൾ കണ്ടെത്തിയതുപോലെ, യേശു നമ്മുടെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല, വിനാശകരമായ ജീവിതശൈലിയിൽ നിന്ന് നമ്മെ മോചിപ്പിക്കുകയും ചെയ്യുന്നു.

യേശു എന്നോടൊപ്പം നടക്കുന്നു. നിങ്ങളോടൊപ്പവും. സഹായത്തിനായി അവനോടു നിലവിളിക്കുന്ന ഏതൊരാൾക്കൊപ്പവും. ഭാവിയെക്കുറിച്ചും ഇപ്പോൾ രക്ഷയെക്കുറിച്ചും പ്രത്യാശ നൽകിക്കൊണ്ട് അവിടുന്നു നമ്മോടൊപ്പമുണ്ട്.