ചിന്തകളും പ്രാർത്ഥനകളും
“എന്റെ ചിന്തകളിലും പ്രാർത്ഥനകളിലും നിങ്ങൾ ഉണ്ടായിരിക്കും.’’ ആ വാക്കുകൾ കേട്ടാൽ, ആ വ്യക്തി അത് ശരിക്കും അർത്ഥമാക്കുന്നുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ എഡ്ന ഡേവിസ് അതു പറയുമ്പോൾ നിങ്ങൾ ഒരിക്കലും അത്ഭുതപ്പെടേണ്ടതില്ല. ആ ചെറിയ പട്ടണത്തിലെ എല്ലാവർക്കും, “മിസ്. എഡ്നയുടെ’’ മഞ്ഞ എഴുത്തു പാഡിന്റെ ഓരോ പേജിലും പേരുകൾ നിറഞ്ഞിരിക്കുകയാണെന്ന് അറിയാം. എല്ലാ ദിവസവും അതിരാവിലെ വൃദ്ധയായ സ്ത്രീ ദൈവത്തോട് ഉറക്കെ പ്രാർത്ഥിച്ചു. അവളുടെ ലിസ്റ്റിലുള്ള എല്ലാവർക്കും അവർ ആഗ്രഹിച്ച പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ല എങ്കിലും എന്നാൽ അവരുടെ ജീവിതത്തിൽ ദൈവത്തോളം വലിപ്പമുള്ള എന്തെങ്കിലും സംഭവിച്ചുവെന്ന് അവളുടെ ശവസംസ്കാര ചടങ്ങിൽ പലരും സാക്ഷ്യപ്പെടുത്തി, അത് മിസ് എഡ്നയുടെ ആത്മാർത്ഥമായ പ്രാർത്ഥനയുടെ മറുപടിയാണെന്നു സമ്മതിച്ചു.
പത്രൊസിന്റെ കാരാഗൃഹ അനുഭവത്തിൽ പ്രാർത്ഥനയുടെ ശക്തി ദൈവം വെളിപ്പെടുത്തി. അപ്പൊസ്തലനെ ഹെരോദാവിന്റെ പടയാളികൾ പിടികൂടി തടവിലാക്കുകയും “അവനെ കാപ്പാൻ നന്നാലു ചേവകർ ഉള്ള നാലു കൂട്ടത്തിന്നു’’ (പ്രവൃത്തികൾ 12:4) ഏൽപ്പിക്കുകയും ചെയ്തപ്പോൾ, അവന്റെ പ്രതീക്ഷകൾ ഇരുളടഞ്ഞതായി കാണപ്പെട്ടു. എന്നാൽ “സഭ ശ്രദ്ധയോടെ അവന്നുവേണ്ടി ദൈവത്തോടു പ്രാർത്ഥന കഴിച്ചുപോന്നു’’ (വാ. 5). അവരുടെ ചിന്തകളിലും പ്രാർത്ഥനകളിലും പത്രൊസ് ഉണ്ടായിരുന്നു. ദൈവം ചെയ്തത് തികച്ചും അത്ഭുതകരമായിരുന്നു! കാരാഗൃഹത്തിൽ ഒരു ദൂതൻ പത്രൊസിനു പ്രത്യക്ഷനായി, അവനെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കുകയും കാരാഗൃഹ വാതിലുകൾക്കപ്പുറം സുരക്ഷിതത്വത്തിലേക്കു നയിക്കുകയും ചെയ്തു (വാ. 7-10).
ചിലർ യഥാർത്ഥത്തിൽ അർത്ഥമാക്കാതെ “ചിന്തകളും പ്രാർത്ഥനകളും’’ ഉപയോഗിച്ചേക്കാം. എന്നാൽ നമ്മുടെ പിതാവ് നമ്മുടെ ചിന്തകൾ അറിയുന്നു, നമ്മുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുന്നു, അവന്റെ പൂർണ്ണമായ ഇഷ്ടപ്രകാരം നമുക്കുവേണ്ടി പ്രവർത്തിക്കുന്നു. മഹാനും ശക്തനുമായ ദൈവത്തെ നാം സേവിക്കുമ്പോൾ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രാർത്ഥന സ്വീകരിക്കുകയും ചെയ്യുന്നത് ചെറിയ കാര്യമല്ല.
അചഞ്ചലരായി മുന്നോട്ട്!
“വിശ്രമം’’ എന്ന കവിതയിൽ, “ഒഴിവു’’' സമയത്തെ “ജോലി’’യിൽ നിന്ന് വേർതിരിക്കുന്ന നമ്മുടെ പ്രവണതയെ കവി സൗമ്യമായി വെല്ലുവിളിക്കുന്നു, “യഥാർത്ഥ ഒഴിവു സമയം / യഥാർത്ഥ അധ്വാനമുള്ള ഒന്നല്ലേ?’’ നിങ്ങൾക്ക് യഥാർത്ഥ വിശ്രമം അനുഭവിക്കണമെങ്കിൽ, ജീവിതത്തിന്റെ കടമകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിനുപകരം, “ഇനിയും നിങ്ങളുടെ പരമാവധി ചെയ്യുക; അതുപയോഗിക്കുക, പാഴാക്കരുത് , / അല്ലെങ്കിൽ അതു വിശ്രമമല്ല. / സൗന്ദര്യം കാണുമോ / നിങ്ങളുടെ സമീപത്ത്? ചുറ്റും? / ജോലിയിൽ മാത്രമേ / അത്തരമൊരു കാഴ്ച കണ്ടെത്താനാവൂ’’ കവി ഉദ്ബോധിപ്പിക്കുന്നു.
യഥാർത്ഥ വിശ്രമവും സന്തോഷവും സ്നേഹത്തിലൂടെയും സേവനത്തിലൂടെയുമാണു കണ്ടെത്തുന്നതെന്നു കവി ഉപസംഹരിക്കുന്നു - അതാണ് തെസ്സലൊനീക്യർക്കുള്ള പൗലൊസിന്റെ പ്രോത്സാഹനം മനസ്സിൽ കൊണ്ടുവരുന്ന ആശയം. “ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം’’ (1 തെസ്സലൊനീക്യർ 2:12) വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ ആഹ്വാനത്തെ വിവരിച്ച ശേഷം, അപ്പൊസ്തലൻ കൂടുതൽ വിശദാംശങ്ങൾ നൽകുന്നു.
അത്തരമൊരു ജീവിതത്തെക്കുറിച്ച് അദ്ദേഹം വരച്ച ചിത്രം ശാന്തമായ സമഗ്രതയുടെയും സ്നേഹത്തിന്റെയും സേവനത്തിന്റെയും ഒന്നാണ്. “കർത്താവു നിങ്ങൾക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വർദ്ധിപ്പിച്ചു കവിയുമാറാക്കുകയും’’ (3:12) ചെയ്യട്ടെ എന്ന് പൗലൊസ് പ്രാർത്ഥിക്കുന്നു. കൂടാതെ, “അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്വാനും’’ (4:12) അവൻ യേശുവിൽ വിശ്വസിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ദൈവം നമ്മെ പ്രാപ്തമാക്കിയ എല്ലാ വഴികളിലും നിശബ്ദമായി സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന അത്തരത്തിലുള്ള ജീവിതമാണ്, വിശ്വാസ ജീവിതത്തിന്റെ സൗന്ദര്യം മറ്റുള്ളവർക്കു വെളിപ്പെടുത്തുന്നത് (വാ. 12).
അല്ലെങ്കിൽ, എഴുത്തുകാരൻ പറയുന്നതുപോലെ, യഥാർത്ഥ സന്തോഷം “സ്നേഹിക്കുന്നതും സേവിക്കുന്നതും / ഉന്നതവും മികച്ചതും; / അതു മുന്നേറുന്നതും അചഞ്ചലവുമാണ് / അതാണ് യഥാർത്ഥ വിശ്രമം.’’
നിങ്ങളെത്തന്നെ ജാഗ്രതയോടെ കാക്കുക
ഒരു മനുഷ്യനും നിരവധി സുഹൃത്തുക്കളും ഹിമപാത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച ഒരു സ്കീ റിസോർട്ട് ഗേറ്റിലൂടെ കടന്ന് സ്നോബോർഡിംഗ് ആരംഭിച്ചു. രണ്ടാമത്തെ യാത്രയിൽ, ആരോ വിളിച്ചുപറഞ്ഞു, “ഹിമപാതം!’’ എന്നാൽ ആ മനുഷ്യൻ രക്ഷപ്പെടാൻ കഴിയാതെ മഞ്ഞുവീഴ്ചയിൽ മരിച്ചു. ചിലർ അയാളെ തുടക്കക്കാരനെന്ന് വിളിച്ച് വിമർശിച്ചു. എന്നാൽ അങ്ങനെ ആയിരുന്നില്ല; അയാൾ ഒരു ഹിമപാത പരിശീലന സർട്ടിഫിക്കേറ്റുള്ള “ഗൈഡ്’’ ആയിരുന്നു. ഏറ്റവും കൂടുതൽ ഹിമപാത പരിശീലനമുള്ള സ്കീയർമാരും സ്നോബോർഡർമാരും തെറ്റായ കണക്കുകൂട്ടലിന് വഴങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു ഗവേഷകൻ പറഞ്ഞു. “[സ്നോബോർഡർ] തന്റെ ജാഗ്രത കൈവിട്ടതുകൊണ്ടാണ് മരിച്ചത്.’’
യിസ്രായേൽ വാഗ്ദത്ത ദേശത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ, തന്റെ ജനം തങ്ങളെത്തന്നേ ജാഗ്രതയോടെ കാത്തുകൊള്ളണമെന്ന് - ശ്രദ്ധാലുക്കളും ജാഗ്രത പുലർത്തുന്നവരും ആയിരിക്കണമെന്ന്് - ദൈവം ആഗ്രഹിച്ചു. അതുകൊണ്ട് അവന്റെ എല്ലാ “ചട്ടങ്ങളും വിധികളും’’ (ആവർത്തനം 4:1-2) അനുസരിക്കാനും അനുസരിക്കാത്തവരുടെമേൽ വന്ന മുൻകാല ന്യായവിധി ഓർക്കാനും അവൻ അവരോടു കൽപ്പിച്ചു (വാ. 3-4). അവർ സ്വയം പരിശോധിക്കാനും അവരുടെ ആന്തരിക ജീവിതത്തെ നിരീക്ഷിക്കാനും “ജാഗ്രതയുള്ളവരായിരിക്കണം’’ (വാ. 9). പുറത്തുനിന്നുള്ള ആത്മീയ അപകടങ്ങൾക്കെതിരെയും ഉള്ളിൽ നിന്നുള്ള ആത്മീയ നിസ്സംഗതക്കെതിരെയും ജാഗ്രത പുലർത്താൻ ഇത് അവരെ സഹായിക്കും.
നമ്മുടെ ജാഗ്രത ഉപേക്ഷിച്ച് നിസ്സംഗതയിലേക്കും ആത്മവഞ്ചനയിലേക്കും വീഴാൻ എളുപ്പമാണ്. എന്നാൽ ജീവിതത്തിൽ വീഴ്ച സംഭവിക്കാതിരിക്കാനുള്ള ശക്തിയും വീഴ്ച സംഭവിച്ചാൽ അവന്റെ കൃപയാൽ ക്ഷമയും നൽകാൻ ദൈവത്തിനു കഴിയും. അവനെ പിന്തുടരുകയും അവന്റെ ജ്ഞാനത്തിലും കരുതലിലും വിശ്രമിക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ജാഗ്രത പാലിക്കാനും നല്ല തീരുമാനങ്ങൾ എടുക്കാനും കഴിയും!
നിങ്ങളുടെ ശബ്ദം ഉപയോഗിക്കുക
എട്ടു വയസ്സു മുതൽ, ലിസയ്ക്ക് വിക്ക് അനുഭവപ്പെടുകയും ആളുകളുമായി സംസാരിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യങ്ങളെ അവൾ ഭയപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട്, സ്പീച്ച് തെറാപ്പിയിലൂടെ അവളുടെ വെല്ലുവിളിയെ മറികടന്നതിനു ശേഷം, മറ്റുള്ളവരെ സഹായിക്കാൻ തന്റെ ശബ്ദം ഉപയോഗിക്കാൻ ലിസ തീരുമാനിച്ചു. ഒരു വൈകാരിക അസ്വസ്ഥത നേരിടുന്നവർക്കായുള്ള ഒരു ടെലിഫോൺ ഹോട്ട്ലൈനിന്റെ കൗൺസിലറായി അവൾ സന്നദ്ധസേവനം ആരംഭിച്ചു.
യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിനായി സംസാരിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ മോശയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഫറവോനുമായി ആശയവിനിമയം നടത്താൻ ദൈവം അവനോട് ആവശ്യപ്പെട്ടു, എന്നാൽ തന്റെ സംസാരശേഷിയിൽ ആത്മവിശ്വാസം ഇല്ലാത്ത മോശെ പ്രതിഷേധിച്ചു (പുറപ്പാട് 4:10). ദൈവം അവനെ വെല്ലുവിളിച്ചു, “മനുഷ്യന്നു വായി കൊടുത്തതു ആർ?’’ എന്ന് അവനെ വെല്ലുവിളിച്ചശേഷം ദൈവം അവനെ ആശ്വസിപ്പിച്ചു, “ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും’’ (വാ. 11-12).
നമ്മുടെ പരിമിതികളിൽ പോലും നമ്മിലൂടെ ശക്തമായി പ്രവർത്തിക്കാൻ അവനു കഴിയുമെന്ന് ദൈവത്തിന്റെ പ്രതികരണം നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇത് നമ്മുടെ ഹൃദയത്തിൽ അറിയുമ്പോൾ പോലും, അത് പ്രാവർത്തികമാക്കാൻ പ്രയാസമാണ്. മോശ എതിർപ്പു തുടരുകയും മറ്റൊരാളെ അയയ്ക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു (വാ. 13). അതുകൊണ്ട് മോശയുടെ സഹോദരൻ അഹരോനെ അവന്റെ കൂടെ കൂട്ടാൻ ദൈവം അനുവദിച്ചു (വാ. 14).
നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ഒരു ശബ്ദമുണ്ട്. നമ്മൾ ഭയപ്പെട്ടേക്കാം. നമുക്കു കഴിവില്ലെന്നു തോന്നിയേക്കാം. നമുക്ക് ശരിയായ വാക്കുകൾ ഇല്ലെന്നു തോന്നിയേക്കാം.
നമുക്ക് എങ്ങനെ തോന്നുന്നുവെന്ന് ദൈവത്തിനറിയാം. മറ്റുള്ളവരെ സേവിക്കുന്നതിനും അവന്റെ ജോലി പൂർത്തിയാക്കുന്നതിനും വാക്കുകളും നമുക്കാവശ്യമായ എല്ലാ കാര്യങ്ങളും നൽകാൻ അവനു കഴിയും.
ദൈവത്തിന്റെ സ്നേഹം
1917 ൽ, കാലിഫോർണിയയിലെ ഒരു ബിസിനസുകാരനായ ഫ്രെഡറിക് ലേമാൻ, സാമ്പത്തികത്തകർച്ച നേരിട്ട സമയത്ത് “ദൈവത്തിന്റെ സ്നേഹം’’ എന്ന ഗാനത്തിന്റെ വരികൾ എഴുതി. അദ്ദേഹത്തിന്റെ പ്രചോദനം, ആദ്യ രണ്ട് ചരണങ്ങൾ പെട്ടെന്ന് എഴുതാൻ പ്രേരിപ്പിച്ചു, പക്ഷേ മൂന്നാമത്തേതിൽ അദ്ദേഹം നിന്നുപോയി. വർഷങ്ങൾക്കുമുമ്പ് ജയിലിന്റെ ചുവരുകളിൽ എഴുതിയ ഒരു കവിത അദ്ദേഹം ഓർത്തു. ദൈവസ്നേഹത്തെക്കുറിച്ച് ആഴത്തിലുള്ള അവബോധം പ്രകടിപ്പിച്ചുകൊണ്ട് ഒരു തടവുകാരൻ അത് കല്ലിൽ കോറിവയ്ക്കുകയായിരുന്നു. ലേമാന്റെ സ്തുതിഗീതത്തിന്റെ അതേ വൃത്തത്തിലാണ് ആ കവിതയും എഴുതപ്പെട്ടത്. അദ്ദേഹം അത് തന്റെ മൂന്നാമത്തെ ചരണമാക്കി.
ലേമാനെയും ജയിലറയിലെ കവിയെയും പോലെ, പ്രയാസകരമായ തിരിച്ചടികൾ നാം നേരിടുന്ന സമയങ്ങളുണ്ട്. നിരാശയുടെ സമയങ്ങളിൽ, സങ്കീർത്തനക്കാരനായ ദാവീദിന്റെ വാക്കുകൾ പ്രതിധ്വനിപ്പിക്കുന്നതും “[ദൈവത്തിന്റെ] ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നതും’’ (സങ്കീർത്തനം 57:1) നമുക്കു നന്നായിരിക്കും. നമ്മുടെ പ്രശ്നങ്ങളിൽ “ദൈവത്തെ വിളിച്ചപേക്കുന്നത്’’ നല്ല കാര്യമാണ് (വാ. 2), “സിംഹങ്ങളുടെ ഇടയിൽ’’ ആയിരിക്കുമ്പോൾ നമുക്കുണ്ടാകുന്ന ഭയങ്ങളെയും നമ്മുടെ നിലവിലെ പരീക്ഷണങ്ങളെയും കുറിച്ച് അവനോട് സംസാരിക്കുക (വാ. 4). കഴിഞ്ഞ കാലങ്ങളിലെ ദൈവത്തിന്റെ കരുതലിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് നാം പെട്ടെന്നുതന്നെ ഓർമ്മിക്കുകയും, “ഞാൻ പാടുകയും ഞാൻ കീർത്തനം ചെയ്യുകയും. ... ഞാൻ അതികാലത്തെ ഉണരുകയും’’ (വാ. 7-8) ചെയ്യും.
“ദൈവത്തിന്റെ സ്നേഹം വളരെ വലുതാണ്,’’ ഈ ഗാനം ഉദ്ഘോഷിക്കുന്നു, “അത് അത്യുന്നത നക്ഷത്രത്തിനപ്പുറം പോകുന്നു’’ എന്ന് കൂട്ടിച്ചേർക്കുന്നു. ദൈവത്തിന്റെ സ്നേഹം യഥാർത്ഥത്തിൽ എത്ര മഹത്തായതാണെന്ന് - തീർച്ചയായും “സ്വർഗ്ഗത്തോളം എത്തുന്നതാണെന്ന്’’ - നാം ഉൾക്കൊള്ളേണ്ടത് നമ്മുടെ ഏറ്റവും വലിയ ആവശ്യമായ സമയത്താണ് (വാ. 10).