Month: നവംബർ 2022

കുഴപ്പങ്ങളെയല്ല, ക്രിസ്തുവിനെ കേൾക്കുക

ഓരോ ദിവസവും മണിക്കൂറുകളോളം ടിവി വാർത്തകൾ കണ്ടതിന് ശേഷം, വൃദ്ധനായ മനുഷ്യൻ അസ്വസ്ഥനും ഉത്കണ്ഠാകുലനും ആയിത്തീർന്നു - ലോകം തകർന്നു തരിപ്പണമാകുകയും താനും അതിലകപ്പെട്ടുപോകുകയും ചെയ്യും എന്നയാൾ ആകുലപ്പെട്ടു. “ദയവായി ഇത് ഓഫ് ചെയ്യൂ,’’ അയാളുടെ പ്രായമായ മകൾ അപേക്ഷിച്ചു. “അതു കേൾക്കുന്നതു നിർത്തൂ.’’ എന്നാൽ ആ മനുഷ്യൻ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ ചാനലുകളിലും അമിതമായ സമയം ചെലവഴിക്കുന്നത് തുടർന്നു.

നാം എന്താണു കേൾക്കുന്നത് എന്നത് അതിപ്രധാനമാണ്. പൊന്തിയോസ് പീലാത്തൊസുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയിൽ നാം ഇത് കാണുന്നു. മതനേതാക്കൾ യേശുവിനെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ കേട്ട പീലാത്തൊസ് യേശുവിനെ വിളിച്ചുവരുത്തി, “നീ യെഹൂദന്മാരുടെ രാജാവാണോ?’’ (യോഹന്നാൻ 18:33) എന്ന് ചോദിച്ചു. അതിശയകരമായ ഒരു ചോദ്യത്തോടെ യേശു മറുപടി പറഞ്ഞു: “ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു’’ (വാ. 34). 

ഇതേ ചോദ്യം നമ്മോടും ചോദിക്കുന്നു. പരിഭ്രാന്തിയുടെ ലോകത്ത്, നാം കുഴപ്പങ്ങളെയോണോ അതോ ക്രിസ്തുവിനെയാണോ ശ്രദ്ധിക്കുന്നത്? തീർച്ചയായും, “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു,’’ അവൻ പറഞ്ഞു. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു’’ (10:27). സംശയിക്കുന്ന മതനേതാക്കന്മാർക്ക് തന്നെത്തന്നെ വിശദീകരിച്ചുകൊടുക്കാൻ യേശു “ഈ സാദൃശ്യം’’ ഉപയോഗിച്ചു (വാ. 6). ഒരു നല്ല ഇടയനെപ്പോലെ, അവൻ പറഞ്ഞു, “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും’’ (വാ. 4-5).

നമ്മുടെ നല്ല ഇടയൻ എന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി അവനെ കേൾക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. നമുക്ക് നന്നായി കേൾക്കുകയും അവന്റെ സമാധാനം കണ്ടെത്തുകയും ചെയ്യാം.

ദൈവവചനം ഗ്രഹിക്കുക

എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു. 

എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).

നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്‌നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

ഒരുമിച്ചായിരിക്കുന്നതാണു നല്ലത്

ഏകയായി ജോലി ചെയ്തു വീടു പുലർത്തുന്ന മാതാവായ മേരി സഭാരാധനയോ ബൈബിൾ പഠനമോ മുടക്കിയിരുന്നില്ല. ഓരോ ആഴ്ചയിലും അവൾ തന്റെ അഞ്ചു മക്കളുമായി പള്ളിയിലേക്കും തിരിച്ചും ബസിൽ പോകുകയും, ക്രമീകരണങ്ങൾ ചെയ്യുന്നതിലും വൃത്തിയാക്കലിലും സഹായിക്കുകയും ചെയ്തിരുന്നു.

ഒരു ഞായറാഴ്ച, ചില സഭാംഗങ്ങൾ ആ കുടുംബത്തിന് ചില സമ്മാനങ്ങൾ നൽകിയതായി പാസ്റ്റർ മേരിയോട് പറഞ്ഞു. ഒരു ദമ്പതികൾ അവർക്ക് കുറഞ്ഞ വാടകയ്ക്കു വീട് നൽകി. മറ്റൊരു ദമ്പതികൾ അവർക്ക് അവരുടെ കോഫി ഷോപ്പിൽ ആനുകൂല്യങ്ങളോടെ ജോലി വാഗ്ദാനം ചെയ്തു. ഒരു യുവാവ് അവൾക്ക് താൻ പണിതിറക്കിയ ഒരു പഴയ കാർ നൽകുകയും അവളുടെ സ്വകാര്യ മെക്കാനിക്കായി പ്രവർത്തിക്കാമെന്ന്  വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവത്തെയും പരസ്പരവും സേവിക്കുന്നതിനായി അർപ്പിതരായ ഒരു സമൂഹത്തിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിന് മേരി ദൈവത്തിനു നന്ദി പറഞ്ഞു.

മേരിയുടെ സഭാ കുടുംബത്തെപ്പോലെ ഉദാരമായി നൽകാൻ നമുക്കെല്ലാവർക്കും കഴിഞ്ഞേക്കില്ലെങ്കിലും, ദൈവജനം പരസ്പരം സഹായിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളവരാണ്. സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് യേശുവിലെ വിശ്വാസികളെ “അപ്പൊസ്തലന്മാരുടെ ഉപദേശം കേൾക്കുന്നതിനും കൂട്ടായ്മ ആചരിക്കുന്നതിനും’’ സമർപ്പണമുള്ളവർ എന്ന് വിശേഷിപ്പിച്ചു (പ്രവൃത്തികൾ 2:42). നമ്മുടെ വിഭവങ്ങൾ സംയോജിപ്പിക്കുമ്പോൾ, യേശുവിലെ ആദ്യ വിശ്വാസികൾ ചെയ്തതുപോലെ ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും (വാ. 44-45). ദൈവത്തോടും പരസ്പരവും നാം അടുക്കുംതോറും നമുക്ക് പരസ്പരം കരുതുവാൻ കഴിയും. ദൈവജനം തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ദൈവസ്‌നേഹം പ്രകടമാക്കുന്നത് കാണുന്നത് മറ്റുള്ളവരെ യേശുവുമായുള്ള രക്ഷാകരമായ ബന്ധത്തിലേക്ക് നയിക്കും (വാ. 46-47).

പുഞ്ചിരിയോടെയോ ഒരു ദയാ പ്രവൃത്തിയിലൂടെയോ നമുക്ക് മറ്റുള്ളവരെ സേവിക്കാൻ കഴിയും. ഒരു സാമ്പത്തിക സമ്മാനമോ പ്രാർത്ഥനയോ നൽകാൻ നമുക്കു കഴിയും. ദൈവം നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുന്നതിനാൽ, നാം ഒരുമിച്ചായിരുന്നതാണ് നല്ലത്.