ഓരോ ദിവസവും മണിക്കൂറുകളോളം ടിവി വാർത്തകൾ കണ്ടതിന് ശേഷം, വൃദ്ധനായ മനുഷ്യൻ അസ്വസ്ഥനും ഉത്കണ്ഠാകുലനും ആയിത്തീർന്നു – ലോകം തകർന്നു തരിപ്പണമാകുകയും താനും അതിലകപ്പെട്ടുപോകുകയും ചെയ്യും എന്നയാൾ ആകുലപ്പെട്ടു. “ദയവായി ഇത് ഓഫ് ചെയ്യൂ,’’ അയാളുടെ പ്രായമായ മകൾ അപേക്ഷിച്ചു. “അതു കേൾക്കുന്നതു നിർത്തൂ.’’ എന്നാൽ ആ മനുഷ്യൻ സോഷ്യൽ മീഡിയയിലും മറ്റ് വാർത്താ ചാനലുകളിലും അമിതമായ സമയം ചെലവഴിക്കുന്നത് തുടർന്നു.

നാം എന്താണു കേൾക്കുന്നത് എന്നത് അതിപ്രധാനമാണ്. പൊന്തിയോസ് പീലാത്തൊസുമായുള്ള യേശുവിന്റെ കൂടിക്കാഴ്ചയിൽ നാം ഇത് കാണുന്നു. മതനേതാക്കൾ യേശുവിനെതിരെ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ കേട്ട പീലാത്തൊസ് യേശുവിനെ വിളിച്ചുവരുത്തി, “നീ യെഹൂദന്മാരുടെ രാജാവാണോ?’’ (യോഹന്നാൻ 18:33) എന്ന് ചോദിച്ചു. അതിശയകരമായ ഒരു ചോദ്യത്തോടെ യേശു മറുപടി പറഞ്ഞു: “ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവർ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു’’ (വാ. 34). 

ഇതേ ചോദ്യം നമ്മോടും ചോദിക്കുന്നു. പരിഭ്രാന്തിയുടെ ലോകത്ത്, നാം കുഴപ്പങ്ങളെയാണോ അതോ ക്രിസ്തുവിനെയാണോ ശ്രദ്ധിക്കുന്നത്? തീർച്ചയായും, “എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു,’’ അവൻ പറഞ്ഞു. “ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു’’ (10:27). സംശയിക്കുന്ന മതനേതാക്കന്മാർക്ക് തന്നെത്തന്നെ വിശദീകരിച്ചുകൊടുക്കാൻ യേശു “ഈ സാദൃശ്യം’’ ഉപയോഗിച്ചു (വാ. 6). ഒരു നല്ല ഇടയനെപ്പോലെ, അവൻ പറഞ്ഞു, “ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു. അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും’’ (വാ. 4-5).

നമ്മുടെ നല്ല ഇടയൻ എന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി അവനെ കേൾക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. നമുക്ക് നന്നായി കേൾക്കുകയും അവന്റെ സമാധാനം കണ്ടെത്തുകയും ചെയ്യാം.