1998ൽ ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൊബൈൽ ഫോൺ കമ്പനിയായി നോക്കിയ മാറി, 1999 ൽ ലാഭം ഏകദേശം നാനൂറു കോടി ഡോളറായി ഉയർന്നു. എന്നാൽ 2011 ആയപ്പോഴേക്കും വിൽപ്പന കുറഞ്ഞു, വൈകാതെ തന്നെ പരാജയം നേരിട്ട ഫോൺ ബ്രാൻഡിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തു. നോക്കിയയുടെ മൊബൈൽ ഡിവിഷൻ പരാജയത്തിന്റെ ഒരു ഘടകം, വിനാശകരമായ തീരുമാനങ്ങളിലേക്ക് നയിച്ച ഭയത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ സംസ്‌കാരമാണ്. നോക്കിയ ഫോണിന്റെ നിലവാരമില്ലാത്ത ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കുറിച്ചും മറ്റ് ഡിസൈൻ പ്രശ്‌നങ്ങളെക്കുറിച്ചും ഉള്ള സത്യം തുറന്നു പറയാൻ മാനേജർമാർ മടിച്ചു – സത്യം പറഞ്ഞാൽ തങ്ങളെ പിരിച്ചുവിട്ടാലോ എന്നായിരുന്നു അവരുടെ ഭയം.

യെഹൂദയിലെ രാജാവായ ആഹാസും അവന്റെ ജനവും ഭയപ്പെട്ടു – അവരുടെ ഹൃദയം “കാട്ടിലെ വൃക്ഷങ്ങൾ കാറ്റുകൊണ്ടു ഉലയുമ്പോലെ ഉലഞ്ഞുപോയി.” (യെശയ്യാവ് 7:2). യിസ്രായേലിലെയും അരാമിലെയും (സിറിയ) രാജാക്കന്മാർ സഖ്യത്തിലേർപ്പെട്ടെന്നും അവരുടെ സംയുക്ത സൈന്യം തങ്ങൾക്കെതിരെ യെഹൂദയിലേക്ക് നീങ്ങുകയാണെന്നും അവർക്ക് അറിയാമായിരുന്നു (വാ. 5-6). ശത്രുക്കളുടെ ശത്രുതാപരമായ പദ്ധതികൾ ‘നടക്കുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ആഹാസിനെ പ്രോത്സാഹിപ്പിക്കാൻ ദൈവം യെശയ്യാവിനെ ഉപയോഗിച്ചെങ്കിലും (വാ. 7), വിഡ്ഢിയായ നേതാവ് ഭയത്തോടെ അശ്ശൂരുമായി സഖ്യമുണ്ടാക്കാനും മഹാശക്തനായ രാജാവിന് കീഴടങ്ങാനും തീരുമാനിച്ചു (2 രാജാക്കന്മാർ 16:7-8). “നിങ്ങൾക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല’’ (യെശയ്യാവ് 7:9) എന്നു പ്രഖ്യാപിച്ച ദൈവത്തിൽ അവൻ വിശ്വസിച്ചില്ല,

ഇന്ന് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നത് എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാൻ എബ്രായലേഖനത്തിന്റെ എഴുത്തുകാരൻ നമ്മെ സഹായിക്കുന്നു: “പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊൾക; വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ’’ (10:23). യേശുവിൽ ആശ്രയിക്കാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുന്നതുപോലെ നമുക്ക് “പിന്മാറാതെ” (വാ. 39) മുമ്പോട്ടു തന്നേ പോകാം.