ക്ലാർക്ക്‌സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം – മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം – ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).

എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).

പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു – സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.