തന്റെ ചെറിയ ബൈക്ക് അവളുടെ ചെറിയ കാലുകൾക്ക് പോകാൻ കഴിയുന്നത്ര വേഗത്തിൽ ചവിട്ടി നീങ്ങിയ മകളുടെ പിന്നാലെ ചെറുപ്പക്കാരിയായ അമ്മ നടന്നു. എന്നാൽ അവൾ ആഗ്രഹിച്ചതിലും കൂടുതൽ വേഗതയിൽ സൈക്കിൾ മുന്നോട്ടു നീങ്ങി മറിഞ്ഞു വീണു. തന്റെ കണങ്കാൽ വേദനിക്കുന്നുവെന്ന് പറഞ്ഞ് കുട്ടി കരഞ്ഞു. അവളുടെ അമ്മ നിശബ്ദമായി മുട്ടുകുത്തി, കുനിഞ്ഞ്, “വേദന മാറാൻ’’ കാലിനെ ചുംബിച്ചു. അത് പ്രവർത്തിച്ചു! കൊച്ചുപെൺകുട്ടി ചാടിയെഴുന്നേറ്റു, ബൈക്കിൽ തിരികെ കയറി, ചവിട്ടി. നമ്മുടെ എല്ലാ വേദനകളും അത്ര എളുപ്പത്തിൽ മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ!
അപ്പൊസ്തലനായ പൗലൊസ് തന്റെ നിരന്തരമായ പോരാട്ടങ്ങളിൽ ദൈവത്തിന്റെ ആശ്വാസം അനുഭവിച്ചറിഞ്ഞു, എന്നിട്ട് മുന്നോട്ടു പോയി. ആ പരിശോധനകളിൽ ചിലത് 2 കൊരിന്ത്യർ 11:23- 29 ൽ അദ്ദേഹം പട്ടികപ്പെടുത്തി: ചാട്ടവാറടി, അടി, കല്ലേറ്, ഉറക്കിളപ്പ്, വിശപ്പ്, സകല സഭകൾക്കും വേണ്ടിയുള്ള ചിന്താഭാരം. ദൈവം “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമാണ്” (1:3) അല്ലെങ്കിൽ മറ്റൊരു പതിപ്പ് അതിനെ വിവർത്തനം ചെയ്യുന്നതുപോലെ: “അവൻ ആർദ്രമായ സ്നേഹം നൽകുന്ന’’ പിതാവാണ് (NIrV). ഒരു അമ്മ തന്റെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ, നമ്മുടെ വേദനയിൽ നമ്മെ ആർദ്രമായി പരിപാലിക്കാൻ ദൈവം കുനിയുന്നു.
നമ്മെ ആശ്വസിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ സ്നേഹനിർഭരമായ വഴികൾ അനേകവും വ്യത്യസ്തവുമാണ്. തുടരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ഒരു തിരുവെഴുത്ത് വാക്യം അവൻ നമുക്ക് നൽകിയേക്കാം, അല്ലെങ്കിൽ ആരെങ്കിലും ഒരു പ്രത്യേക കുറിപ്പ് അയയ്ക്കുകയോ അല്ലെങ്കിൽ നമ്മുടെ ആത്മാവിനെ സ്പർശിക്കുന്ന ഒരു ഫോൺകോൾ നൽകാൻ ഒരു സുഹൃത്തിനെ പ്രേരിപ്പിക്കുകയോ ചെയ്തേക്കാം. പോരാട്ടം അവസാനിച്ചേക്കില്ലെങ്കിലും, നമ്മെ സഹായിക്കാൻ ദൈവം കുനിയുന്നതിനാൽ, നമുക്ക് എഴുന്നേറ്റു മുന്നോട്ടു നീങ്ങാൻ കഴിയും.
ഏതെല്ലാം വിധങ്ങളിലാണ് ദൈവം നിങ്ങളെ ആശ്വസിപ്പിച്ചിട്ടുള്ളത്? അത് കാരണം നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവർക്ക് ആശ്വാസമായിരിക്കുന്നത്?
മനസ്സലിവുള്ള പിതാവേ, എന്റെ അടുത്തേക്ക് വന്ന്, എനിക്ക് വിശ്രമവും പ്രോത്സാഹനവും കണ്ടെത്താൻ കഴിയുന്ന അങ്ങയുടെ കരങ്ങളാൽ എന്നെ പിടിക്കണമേ.