1524 ൽ, മാർട്ടിൻ ലൂഥർ ഇങ്ങനെ നിരീക്ഷിച്ചു: “വ്യാപാരികൾക്ക് തങ്ങൾക്കിടയിൽ ഒരു പൊതുനിയമമുണ്ട്, അത് അവരുടെ മുഖ്യ തത്വമാണ്. . . . എനിക്ക് എന്റെ ലാഭം ഉള്ളിടത്തോളവും എന്റെ അത്യാഗ്രഹം തൃപ്തിപ്പെടുത്തുന്നിടത്തോളവും ഞാൻ എന്റെ അയൽക്കാരനെ കാര്യമാക്കുന്നില്ല.’’ ഇരുനൂറിലേറെ വർഷങ്ങൾക്കുശേഷം, ന്യൂജേഴ്സിയിലെ മൗണ്ട് ഹോളിയിൽ നിന്നുള്ള ജോൺ വൂൾമാൻ, യേശുവിനോടുള്ള പ്രതിബദ്ധത തന്റെ തയ്യൽക്കട ഇടപാടുകളെ സ്വാധീനിക്കാൻ അനുവദിച്ചു. അടിമകളെ മോചിപ്പിക്കുന്നതിനുള്ള പിന്തുണയുടെ പേരിൽ, തൊഴിലാളികളെ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന കമ്പനികളിൽ നിന്ന് കോട്ടൺ അല്ലെങ്കിൽ ഡൈ വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. വ്യക്തമായ മനസ്സാക്ഷിയോടെ, അദ്ദേഹം തന്റെ അയൽക്കാരനെ സ്നേഹിക്കുകയും തന്റെ എല്ലാ ഇടപാടുകളിലും സത്യസന്ധതയും ആത്മാർത്ഥതയും പുലർത്തി ജീവിക്കുകയും ചെയ്തു.
അപ്പൊസ്തലനായ പൗലൊസ് “വിശുദ്ധിയിലും നിർമ്മലതയിലും’’ ജീവിക്കാൻ ശ്രമിച്ചു (2 കൊരിന്ത്യർ 1:12). കൊരിന്തിലെ ചിലർ യേശുവിന്റെ ഒരു അപ്പൊസ്തലൻ എന്ന നിലയിലുള്ള അവന്റെ അധികാരത്തെ തുരങ്കം വയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരുടെ ഇടയിൽ തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചു. തന്റെ വാക്കുകൾക്കും പ്രവൃത്തികൾക്കും ഏറ്റവും അടുത്ത സൂക്ഷ്മപരിശോധനയെ നേരിടാൻ കഴിയുമെന്ന് അവൻ എഴുതി (വാ. 13). ഫലപ്രാപ്തിക്കായി താൻ ആശ്രയിക്കുന്നത് സ്വസന്തശക്തിയിലല്ല, ദൈവത്തിന്റെ ശക്തിയിലും കൃപയിലാണെന്നും അവൻ കാണിച്ചു (വാ. 12). ചുരുക്കത്തിൽ, പൗലൊസിന്റെ ക്രിസ്തുവിലുള്ള വിശ്വാസം അവന്റെ എല്ലാ ഇടപാടുകളിലും വ്യാപിച്ചു.
നാം യേശുവിന്റെ സ്ഥാനപതികളായി ജീവിക്കുമ്പോൾ, നമ്മുടെ എല്ലാ ഇടപാടുകളിലും – കുടുംബം, ബിസിനസ്സ്, കൂടാതെ മറ്റു പലതിലും – സുവാർത്ത മുഴങ്ങാൻ നമുക്ക് ശ്രദ്ധിക്കാം. ദൈവത്തിന്റെ ശക്തിയാലും കൃപയാലും നാം അവന്റെ സ്നേഹം മറ്റുള്ളവർക്ക് വെളിപ്പെടുത്തുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ അയൽക്കാരെ സ്നേഹിക്കുകയും ആണു ചെയ്യുന്നത്.
നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും എങ്ങനെയാണ് യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ ചിത്രീകരണം ആയി കാണപ്പെടുന്നത്? അവനിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപാടുകളിൽ സമഗ്രതയും ആത്മാർത്ഥതയും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പ്രിയ ദൈവമേ, മറ്റുള്ളവരോടുള്ള എന്റെ സ്നേഹം പ്രകടമാകുന്ന വിധത്തിൽ വ്യക്തമായ മനസ്സാക്ഷിയോടെ മറ്റുള്ളവരെ സേവിക്കാൻ എന്നെ സഹായിക്കേണമേ.