ഞാൻ എന്റെ പുതിയ കണ്ണടയും ധരിച്ചു ഇരിക്കുമ്പോൾ, ഇടനാഴിക്ക് കുറുകെ പള്ളിയുടെ മറുവശത്തു ഇരിക്കുന്ന എന്റെ ഒരു സുഹൃത്തിനെ ഞാൻ കണ്ടു. ഞാൻ അവളെ കൈകാണിച്ചപ്പോൾ അവൾ വളരെ അടുത്തും വ്യക്തമായും കാണപ്പെട്ടു. കുറെ ദൂരം അകലെയാണെങ്കിലും അവളെ കൈനീട്ടി തൊടാൻ കഴിയുമെന്ന് എനിക്ക് തോന്നി. പിന്നീട്, ശുശ്രൂഷയ്ക്ക് ശേഷം ഞങ്ങൾ സംസാരിച്ചപ്പോൾ, അവൾ എപ്പോഴും ഇരിക്കുന്ന അതേ സ്ഥാനത്തു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. എന്റെ കണ്ണട പുതുക്കിയത് കാരണം എനിക്ക് അവളെ വളരെ വ്യക്തമായും അടുത്തും കാണാൻ സാധിക്കുന്നു.
ബാബിലോണിയൻ അടിമത്തത്തിൽ അകപ്പെട്ട ഇസ്രായേല്യർക്ക് ഒരു പുതിയ നിർദ്ദേശം-ഒരു പുതിയ വീക്ഷണം ആവശ്യമാണെന്ന് യെശയ്യാ പ്രവാചകനിലൂടെ സംസാരിക്കുന്ന ദൈവത്തിന് അറിയാമായിരുന്നു. അവൻ അവരോട് പറഞ്ഞു. “ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. …….. ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും” (ഏശയ്യാ 43:19). അവൻ അവരെ “സൃഷ്ടിച്ചു”, “വീണ്ടെടുത്തു”, അവരോടൊപ്പം ഉണ്ടായിരിക്കും എന്ന ഓർമ്മപ്പെടുത്തലുകൾ അവന്റെ പ്രത്യാശയുടെ സന്ദേശത്തിൽ ഉൾപ്പെടുന്നു. “നിങ്ങൾ എന്റേതാണ്,” അവൻ അവരെ പ്രോത്സാഹിപ്പിച്ചു (വാക്യം 1).
ഇന്ന് നിങ്ങൾ അഭിമുഖീകരിക്കുന്ന ഏതു കാര്യത്തിലും, പഴയതിനെ മറന്ന് പുതിയത് അന്വേഷിക്കാൻ മികച്ച ദർശനം നൽകാൻ പരിശുദ്ധാത്മാവിന് കഴിയും. ദൈവസ്നേഹത്താൽ (വാക്യം 4), അത് നിങ്ങൾക്ക് ചുറ്റും പൊങ്ങിവരുന്നു. നിങ്ങളുടെ വേദനയ്ക്കും ബന്ധനത്തിനുമിടയിൽ അവൻ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമോ? നമ്മുടെ മരുഭൂമി നിമിഷങ്ങളിൽ പോലും ദൈവം ചെയ്യുന്ന പുതിയത് കാണാൻ നമുക്ക് നമ്മുടെ പുതിയ ആത്മീയ കണ്ണട ധരിക്കാം.
എന്തൊക്കെ പുതിയ കാര്യങ്ങളാണ് നിങ്ങൾ നിങ്ങളുടെ മരുഭൂമിയുടെ അവസ്ഥയിൽ പോലും കാണുന്നത്? നിങ്ങളുടെ വീക്ഷണത്തെ ക്രമീകരിക്കുന്നത് എങ്ങനെയാണു പഴയതിനേക്കാൾ പുതിയതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നത്?
പുതിയ തുടക്കങ്ങളുടെ ദൈവമേ, നിന്റെ എല്ലാ വാഗ്ദാനങ്ങൾക്കും നന്ദി. എന്റെ മരുഭൂമിയിൽ പോലും നീ കൊണ്ടുവരുന്ന പുതുമ കാണാൻ എന്നെ സഹായിക്കേണമേ.