“ടിം സഹോദരാ, താങ്കൾ അത് കാണുന്നുണ്ടോ?” എന്റെ സുഹൃത്ത്, ഒരു ഘാനക്കാരൻ പാസ്റ്റർ, ഒരു മൺകുടിലിലേക്ക് ചാഞ്ഞുകിടക്കുന്ന കൊത്തിയെടുത്ത ഒരു വസ്തുവിൽ ടോർച്ച് ലൈറ്റ് തെളിച്ചു. നിശബ്ദമായി അദ്ദേഹം പറഞ്ഞു, “അതാണ് ഗ്രാമവിഗ്രഹം.” എല്ലാ ചൊവ്വാ വൈകുന്നേരവും പാസ്റ്റർ സാം കുറ്റികാട്ടിലൂടെ ഈ വിദൂര ഗ്രാമത്തിൽ ബൈബിൾ പങ്കുവയ്ക്കാൻ പോകുമായിരുന്നു.
യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ, വിഗ്രഹാരാധന യഹൂദയിലെ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് നാം കാണുന്നു. യെരൂശലേമിലെ നേതാക്കൾ യെഹെസ്‌കേൽ പ്രവാചകനെ കാണാൻ വന്നപ്പോൾ ദൈവം അവനോട് പറഞ്ഞു, “ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു” (14:3). തടിയിലും കല്ലിലും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കെതിരെ ദൈവം കേവലം അവർക്ക് മുന്നറിയിപ്പ് നൽകുകയല്ലായിരുന്നു. വിഗ്രഹാരാധന ഹൃദയത്തിന്റെ പ്രശ്‌നമാണെന്ന് അവൻ അവരെ കാണിക്കുകയായിരുന്നു. നാമെല്ലാവരും അതിനോട് പോരാടുന്നു.
ബൈബിൾ അദ്ധ്യാപകനായ അലിസ്റ്റർ ബെഗ് വിഗ്രഹത്തെ വിവരിക്കുന്നത്, “നമ്മുടെ സമാധാനത്തിനും നമ്മുടെ പ്രതിച്ഛായയ്ക്കും നമ്മുടെ സംതൃപ്തിക്കും അല്ലെങ്കിൽ നമ്മുടെ സ്വീകാര്യതയ്ക്കും അത്യന്താപേക്ഷിതമായി നാം കരുതുന്ന ദൈവമല്ലാതെ മറ്റെന്തെങ്കിലും” എന്നാണ്. കുലീനമെന്നു തോന്നുന്ന കാര്യങ്ങൾ പോലും നമുക്ക് വിഗ്രഹങ്ങളായി മാറും. ജീവനുള്ള ദൈവത്തിൽ നിന്നല്ലാതെ മറ്റെന്തിൽ നിന്നും ആശ്വാസമോ ആത്മാഭിമാനമോ തേടുമ്പോൾ നാം വിഗ്രഹാരാധന ചെയ്യുന്നു.
“അനുതപിക്കുക!” ദൈവം പറഞ്ഞു. “നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ”! (വി. 6). അത് സാധ്യമല്ലെന്നു ഇസ്രായേൽ തെളിയിച്ചു. ഭാഗ്യവശാൽ, ദൈവത്തിന് പരിഹാരം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവും പരിശുദ്ധാത്മാവിന്റെ ദാനവും മുന്നിൽ കണ്ടുകൊണ്ടു അവൻ വാഗ്ദാനം ചെയ്തു, “ഞാൻ നിങ്ങൾക്ക് പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും.” (36:26). നമുക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല.
സമ്മർദ്ദം താങ്കളെ അടിച്ചമർത്തുമ്പോൾ ആശ്വാസത്തിനായി താങ്കൾ എങ്ങോട്ടാണ് തിരിയുന്നത്?
പിതാവേ എന്റെ ഹൃദയത്തിലെ വിഗ്രഹങ്ങളെ എനിക്ക് കാട്ടിത്തരേണമേ. അതിനെ നശിപ്പിക്കാനും പിന്നെ നിന്റെ സ്നേഹത്തിൽ ജീവിക്കാനും എന്നെ സഹായിക്കേണമേ.