ഒരു സായാഹ്നത്തിൽ, ഞങ്ങളുടെ അയൽപക്കത്തുള്ള ഒരു നിർമ്മാണ സ്ഥലത്തിനു സമീപം ഞാൻ ജോഗിംഗ് നടത്തുമ്പോൾ, മെലിഞ്ഞതും വൃത്തികെട്ടതുമായ ഒരു പൂച്ചക്കുട്ടി പ്രതീക്ഷയോടെ എന്നെ നോക്കി വീട്ടിലേക്ക് അനുഗമിച്ചു. ഇന്ന്, മിക്കി ആരോഗ്യമുള്ള, സുന്ദരനായ ഒരു മുതിർന്ന പൂച്ചയാണ്, ഞങ്ങളുടെ വീട്ടിൽ സുഖപ്രദമായ ജീവിതം ആസ്വദിക്കുകയും എന്റെ കുടുംബം അവനെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ അവനെ കണ്ടെത്തിയ വഴിയിൽ ജോഗ് ചെയ്യുമ്പോഴെല്ലാം, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്, ദൈവമേ നന്ദി. മിക്കിയെ തെരുവിൽ നിന്ന് മോചിപ്പിച്ച് ഒരു വീട് നൽകിയതിനാൽ.

സങ്കീർത്തനം 91, “അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും” (വാക്യം 1) ചെയ്യുന്നവരെക്കുറിച്ച് പറയുന്നു. ‘വസിക്കുന്നു’ എന്നതിന്റെ എബ്രായ പദത്തിന്റെ അർത്ഥം “നിലനിൽക്കുക, സ്ഥിരമായി താമസിക്കുക” എന്നാണ്. നാം അവനിൽ നിലനിൽക്കുമ്പോൾ, അവന്റെ ജ്ഞാനത്തിനനുസരിച്ച് ജീവിക്കാനും എല്ലാറ്റിനുമുപരിയായി അവനെ സ്നേഹിക്കാനും അവൻ നമ്മെ സഹായിക്കുന്നു (വാ. 14; യോഹന്നാൻ 15:10). നിത്യതയോളം തന്നോടുകൂടെ ആയിരിക്കുന്നതിന്റെ ആശ്വാസവും അതുപോലെ ഭൗമിക പ്രയാസങ്ങളിലൂടെ അവൻ നമ്മോടൊപ്പമുള്ളതിന്റെ സുരക്ഷിതത്വവും ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രശ്‌നങ്ങൾ വരാമെങ്കിലും, അവന്റെ പരമാധികാരത്തിലും പരിജ്ഞാനത്തിലും സ്‌നേഹത്തിലും നമ്മെ സംരക്ഷിക്കാനും വിടുവിക്കാനുമുള്ള അവന്റെ വാഗ്ദാനങ്ങളിൽ നമുക്ക് ആശ്രയിക്കാം.

നാം ദൈവത്തെ നമ്മുടെ സങ്കേതമാക്കുമ്പോൾ, നാം “സർവ്വശക്തന്റെ നിഴലിൽ” ജീവിക്കുന്നു (സങ്കീർത്തനം 91:1). അവന്റെ അനന്തമായ ജ്ഞാനവും സ്നേഹവും അനുവദിക്കുന്നതല്ലാതെ ഒരു കുഴപ്പവും നമ്മെ സ്പർശിക്കുകയില്ല. ഇതാണ് നമ്മുടെ വീടെന്ന നിലയിൽ ദൈവത്തിലുള്ള സുരക്ഷിതത്വം.