ആർട്ടിസ്റ്റ് അർമാൻഡ് കബ്രേര തന്റെ ലാൻഡ്‌സ്‌കേപ്പ് ഓയിൽ പെയിന്റിംഗുകളിൽ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ ഭംഗി പകർത്താൻ, ഒരു പ്രധാന കലാപരമായ തത്വം ഉപയോഗിക്കുന്നു: “പ്രതിഫലിക്കുന്ന പ്രകാശം ഒരിക്കലും അതിന്റെ ഉറവിട പ്രകാശത്തെപ്പോലെ ശക്തമല്ല.” തുടക്കക്കാരായ ചിത്രകാരന്മാർ പ്രതിഫലിക്കുന്ന പ്രകാശത്തെ പെരുപ്പിച്ചു കാണിക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. അദ്ദേഹം പറയുന്നു, “പ്രതിബിംബിക്കുന്ന പ്രകാശം നിഴലിന്റേതാണ്, അതിനാൽ അത് നിങ്ങളുടെ പെയിന്റിംഗിന്റെ നേരിട്ടുള്ള പ്രകാശ പ്രദേശങ്ങളെക്കാൾ തെളിച്ചമുള്ളതായിരിക്കരുത്.”

“എല്ലാ മനുഷ്യരുടെയും വെളിച്ചം” (യോഹന്നാൻ 1:4) എന്ന നിലയിൽ യേശുവിനെ കുറിച്ച് ബൈബിളിൽ സമാനമായ ഉൾക്കാഴ്ച നാം കേൾക്കുന്നു. യോഹന്നാൻ സ്നാപകൻ, “താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻതന്നെ വന്നു” (വാക്യം 7). സുവിശേഷത്തിന്റെ  എഴുത്തുകാരൻ നമ്മോട് പറയുന്നു, “അവൻ [യോഹന്നാൻ] വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ” (വാക്യം 8).

യോഹന്നാനെപ്പോലെ, ലോകത്തിന്റെ നിഴലിൽ ജീവിക്കുന്നവരിലേക്ക് ക്രിസ്തുവിന്റെ വെളിച്ചം പ്രതിഫലിപ്പിക്കാൻ ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. പ്രകാശത്തെ പ്രതിഫലിപ്പിക്കുക എന്നതാണ് നമ്മുടെ ചുമതല. ഒരാൾ പറഞ്ഞതുപോലെ, “ഒരുപക്ഷേ നമുക്ക് ആ ചുമതല നൽകിയിരിക്കുന്നു, കാരണം അവിശ്വാസികൾക്ക് അവന്റെ പ്രകാശത്തിന്റെ ജ്വലിക്കുന്ന മഹത്വം നേരിട്ട് വഹിക്കാൻ കഴിയില്ല.” 

“ഒരു സീനിൽ നേരിട്ട് പ്രകാശം പതിക്കുന്ന എന്തും സ്വയം പ്രകാശത്തിന്റെ ഉറവിടമായി മാറുന്നു” എന്ന് കബ്രേര തന്റെ കലാ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. അതുപോലെ, “ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചമായ” (വാക്യം 9) യേശുവിന്റെ സാക്ഷികളായി, നമുക്ക് പ്രകാശിക്കാം. നാം അവനെ പ്രതിഫലിപ്പിക്കുമ്പോൾ, അവന്റെ മഹത്വം നമ്മിലൂടെ പ്രകാശിക്കുന്നത് കണ്ട് ലോകം അത്ഭുതപ്പെടട്ടെ.