അടുത്തിടെ, ഞാനും ഭാര്യയും അതിഥികൾ വരുന്നതിന് മുമ്പ് ഞങ്ങളുടെ വീട് വൃത്തിയാക്കുകയായിരുന്നു. ഞങ്ങളുടെ അടുക്കളയിലെ വെളുത്ത ടൈൽ പതിച്ച തറയിൽ ചില ഇരുണ്ട പാടുകൾ ഞാൻ ശ്രദ്ധിച്ചു. അവ മുട്ടുകുത്തി നിന്ന് സ്‌ക്രബ് ചെയ്യാൻ ഞാൻ ശ്രമിച്ചു.
എന്നാൽ താമസിയാതെ എനിക്ക് ഒരു തിരിച്ചറിവുണ്ടായി: ഞാൻ കൂടുതൽ സ്‌ക്രബ് ചെയ്യുന്തോറും മറ്റ് കറകൾ തെളിഞ്ഞുവന്നു. ഞാൻ ഇല്ലാതാക്കിയ ഓരോ കറയും മറ്റുള്ളവയെ കൂടുതൽ വ്യക്തമായി വെളിപ്പെടുത്തി. ഞങ്ങളുടെ അടുക്കളയിലെ തറ പെട്ടെന്ന് വൃത്തികെട്ടതായി തോന്നി. ഓരോ നിമിഷവും, ഞാൻ മനസ്സിലാക്കി, ഞാൻ എത്ര കഠിനാധ്വാനം ചെയ്താലും, എനിക്ക് ഒരിക്കലും ഈ തറ പൂർണ്ണമായും വൃത്തിയാക്കാൻ കഴിയില്ല.
സ്വയശുദ്ധീകരണത്തെക്കുറിച്ച് തിരുവെഴുത്തുകൾ സമാനമായ ചിലത് പറയുന്നു-പാപത്തെ സ്വന്തമായി കൈകാര്യം ചെയ്യുന്നതിനുള്ള നമ്മുടെ ഏറ്റവും മികച്ച ശ്രമങ്ങൾ എല്ലായ്പ്പോഴും കുറവുള്ളതാണ്. അവന്റെ രക്ഷ അനുഭവിക്കുന്ന ദൈവജനമായ യിസ്രായേല്യരെക്കുറിച്ച് നിരാശ തോന്നുന്നതുപോലെ (യെശയ്യാവ് 64:5) പ്രവാചകനായ യെശയ്യാവ് എഴുതി, “ഞങ്ങൾ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീർന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ” (വാ. 6).
എന്നാൽ ദൈവത്തിന്റെ നന്മയിൽ എപ്പോഴും പ്രത്യാശ ഉണ്ടെന്ന് യെശയ്യാവ് അറിഞ്ഞു. അതുകൊണ്ട് അവൻ പ്രാർത്ഥിച്ചു: “എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ” (വാക്യം 8). നമുക്ക് ശുദ്ധീകരിക്കാൻ കഴിയാത്തത് “ഹിമംപോലെ വെളുപ്പിക്കാൻ” (1:18) ദൈവത്തിന് മാത്രമേ കഴിയൂ എന്ന് അവനറിയാമായിരുന്നു.
നമ്മുടെ ആത്മാവിലുള്ള പാപത്തിന്റെ കളങ്കങ്ങളും കറകളും നമുക്ക് തുടച്ചുനീക്കാനാവില്ല. ദൈവത്തിന് നന്ദി, അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹന്നാൻ 1:7).
ദൈവത്തിന്റെ ക്ഷമ സ്വീകരിക്കാൻ പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്? പാപത്തെ സ്വയമായി പരിഹരിക്കുവാൻ ശ്രമിക്കുവാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
പിതാവേ, നീ സൗജന്യമായി നൽകിയത് സ്വയമായി നേടുവാൻ കഠിനമായി പരിശ്രമിക്കുന്നതിനുപകരം, നിന്റെ ക്ഷമയിൽ വിശ്രമിക്കാൻ എന്നെ സഹായിക്കൂ.