ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ, അവൾ ബീഫ് ഒരു വലിയ പാത്രത്തിൽ ഇടുന്നതിനുമുമ്പ് പകുതിയായി മുറിച്ചു. എന്തിനാണ് മാംസം രണ്ടായി മുറിച്ചതെന്ന് ഭർത്താവ് ചോദിച്ചു. അവൾ മറുപടി പറഞ്ഞു, “കാരണം എന്റെ അമ്മ അങ്ങനെയാണ് ചെയ്യുന്നത്.” 

എന്നിരുന്നാലും, അവളുടെ ഭർത്താവിന്റെ ചോദ്യം ആ സ്ത്രീയുടെ ജിജ്ഞാസ ഉണർത്തി. അതുകൊണ്ട് ആ പാരമ്പര്യത്തെക്കുറിച്ച് അവൾ അമ്മയോട് ചോദിച്ചു. അമ്മ മാംസം മുറിച്ചത് അതു താൻ ഉപയോഗിച്ച ഒരു ചെറിയ പാത്രത്തിൽ കൊള്ളാൻ ആണ് എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടിപ്പോയി. എന്നാൽ, മകൾക്ക് ധാരാളം വലിയ പാത്രങ്ങൾ ഉണ്ടായിരുന്നതിനാൽ, മാംസം രണ്ടായി മുറിക്കുന്ന പ്രവൃത്തി അനാവശ്യമായിരുന്നു.

പല പാരമ്പര്യങ്ങളും ഒരു ആവശ്യകതയിൽ നിന്നാണ് ആരംഭിക്കുന്നത്, എന്നാൽ ചോദ്യം ചെയ്യപ്പെടാതെ അത് തുടരുന്നു – “നാം അത് ചെയ്യുന്ന രീതി” ആയി മാറുന്നു. മാനുഷിക പാരമ്പര്യങ്ങൾ മുറുകെ പിടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പരീശന്മാർ അവരുടെ കാലത്ത് ചെയ്തുകൊണ്ടിരുന്ന ചിലത് അങ്ങനെയായിരുന്നു (മര്‍ക്കൊസ് 7:1-2). യേശുവിന്റെ പ്രവൃത്തികൾ തങ്ങളുടെ മതനിയമങ്ങളുടെ ലംഘനം പോലെ തോന്നിയതിനാൽ അവർ ഇടറി പോയി. 

യേശു പരീശന്മാരോട് പറഞ്ഞു, “നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു” (വാക്യം 8). പാരമ്പര്യങ്ങൾ ഒരിക്കലും തിരുവെഴുത്തുകളുടെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കരുതെന്ന് അദ്ദേഹം അരുളി. ദൈവത്തെ അനുഗമിക്കാനുള്ള യഥാർത്ഥ ആഗ്രഹം, ബാഹ്യപ്രവൃത്തികളേക്കാൾ നമ്മുടെ ഹൃദയത്തിന്റെ മനോഭാവത്തിൽ കാണപ്പെടും (വാ. 6-7).

നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതും മതപരമായി പിന്തുടരുന്നതും ആയ പാരമ്പര്യങ്ങളെ പലപ്പോഴും പുനഃപരിശോധിക്കുന്നത് നല്ലതാണ്. യഥാർത്ഥത്തിൽ പ്രാധാന്യമെന്ന് ദൈവം വെളിപ്പെടുത്തിയ കാര്യങ്ങൾ നമ്മുടെ എല്ലാ പാരമ്പര്യങ്ങളെയും മറികടക്കണം.