ഹംഗേറിയൻ വംശജനായ ഗണിതശാസ്ത്രജ്ഞൻ, എബ്രഹാം വാൾഡ് 1938-ൽ അമേരിക്കയിലെത്തിയ ശേഷം രണ്ടാം ലോകമഹായുദ്ധത്തിന്റെ ആവശ്യങ്ങൾക്കായി തന്റെ കഴിവുകൾ ചിലവഴിച്ചു. ശത്രുക്കളുടെ വെടിവയ്പിൽ നിന്ന് തങ്ങളുടെ വിമാനത്തെ സംരക്ഷിക്കാനുള്ള വഴികൾ സൈന്യം തേടുകയായിരുന്നു. അതിനാൽ, ശത്രുക്കളുടെ വെടിവയ്പിനെ പ്രതിരോധിക്കാൻ സൈനിക വിമാനങ്ങളെ എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാമെന്ന് മനസിലാക്കാൻ വാൾഡിനോടും സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഗ്രൂപ്പിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോടും ആവശ്യപ്പെട്ടു. തിരികെ വരുന്ന വിമാനങ്ങൾക്കു എവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചതെന്ന് പരിശോധിക്കാൻ അവർ തുടങ്ങി. എന്നാൽ തിരികെ വരുന്ന വിമാനത്തിലെ കേടുപാടുകൾ, ഒരു വിമാനത്തിലെ ഏത് ഭാഗത്ത് ഇടിച്ചാൽ അത് അതിനെ അതിജീവിക്കും എന്നുമാത്രമാണ് കാണിക്കുന്നത് എന്ന സൂക്ഷ്മമായ ഉൾക്കാഴ്ചയാണ് വാൾഡിന് ലഭിച്ചത്. കൂടുതൽ കവചങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ തകർന്ന വിമാനങ്ങളിൽ കണ്ടെത്താമെന്ന് അദ്ദേഹം മനസ്സിലാക്കി. ഏറ്റവും ദുർബല ഭാഗത്ത് – എഞ്ചിൻ ഉള്ളിടത്ത് – ഇടിച്ച വിമാനങ്ങൾ, താഴെ വീണിരുന്നതിനാൽ, അവ പരിശോധിക്കുവാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

നമ്മുടെ ഏറ്റവും ദുർബല ഭാഗത്തെ – നമ്മുടെ ഹൃദയത്തെ – സംരക്ഷിക്കുന്നതിനെക്കുറിച്ച് സോളമൻ നമ്മെ പഠിപ്പിക്കുന്നു. “[അവന്റെ] ഹൃദയം കാത്തുസൂക്ഷിക്കാൻ” അവൻ തന്റെ മകനോട് നിർദ്ദേശിക്കുന്നു, കാരണം ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത് (സദൃശവാക്യങ്ങൾ 4:23). ദൈവത്തിന്റെ നിർദേശങ്ങൾ ജീവിതത്തിൽ നമ്മെ നയിക്കുകയും മോശമായ തീരുമാനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും നമ്മുടെ ശ്രദ്ധ എവിടെ കേന്ദ്രീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

അവന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് നാം നമ്മുടെ ഹൃദയത്തെ സൂക്ഷിക്കുകയാണെങ്കിൽ, നാം “[നമ്മുടെ കാൽ] തിന്മയിൽ നിന്ന് വിട്ടകലുകയും” ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ ഉറച്ചുനിൽക്കുകയും ചെയ്യും (വാക്യം 27). നാം എല്ലാ ദിവസവും ശത്രുരാജ്യത്തിൽ സഞ്ചരിക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കുന്നതിനാൽ, ദൈവത്തിന്റെ മഹത്വത്തിനായി നന്നായി ജീവിക്കാനുള്ള നമ്മുടെ ദൗത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നമുക്ക് കഴിയും.