ചില രാജ്യങ്ങളിലെ ആളുകൾ ആഘോഷിക്കുന്ന അനൗദ്യോഗിക ദിവസങ്ങൾ എന്നെ പലപ്പോഴും രസിപ്പിക്കാറുണ്ട്. ഫെബ്രുവരിയിൽ മാത്രം ഒരു സ്റ്റിക്കി ബൺ ദിനമുണ്ട്, ഒരു വാൾ വിഴുങ്ങുന്ന ദിനം, ഒരു ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം പോലും! ഇന്ന് എളിമയുടെ ദിനം (Be Humble Day) ആയി ആഘോഷിക്കുന്നു. ഒരു പുണ്യമായി സാർവത്രികമായി അംഗീകരിക്കപ്പെട്ട എളിമ തീർച്ചയായും ആഘോഷിക്കേണ്ടതാണ്. എന്നാൽ രസകരമെന്നു പറയട്ടെ, അത് എല്ലായ്പ്പോഴും അങ്ങനെയായിരുന്നില്ല.

പുരാതന ലോകത്ത് എളിമ ഒരു ഗുണമല്ല, പക്ഷേ ഒരു ബലഹീനതയായി കണക്കാക്കപ്പെട്ടിരുന്നു. പകരം അവർ ബഹുമതിയെ വിലമതിച്ചു. ഒരാളുടെ നേട്ടങ്ങളെക്കുറിച്ച് വീമ്പിളക്കുന്നത് വലിയ കാര്യമായി അവർ പരിഗണിച്ചു. നിങ്ങൾ നിങ്ങളുടെ സ്ഥാനം ഉയർത്തണം, ഒരിക്കലും താഴ്ത്തരുത്. അവരെ സംബന്ധിച്ചിടത്തോളം, എളിമ ഒരു ദാസനു മാത്രം ചേർന്നതായിരുന്നു. എന്നാൽ യേശുവിന്റെ ക്രൂശീകരണത്തിൽ ഇതെല്ലാം മാറിയെന്ന് ചരിത്രകാരന്മാർ പറയുന്നു. അവിടെ, “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു… തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു” (ഫിലിപ്പിയർ 2:6-8). അത്തരമൊരു പ്രശംസനീയമായ പ്രവൃത്തി എളിമയെ പുനർനിർവചിക്കാൻ നിർബന്ധിതരാക്കി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ക്രിസ്‌തു ചെയ്‌ത കാര്യങ്ങൾ നിമിത്തം ലൗകിക എഴുത്തുകാർ പോലും എളിമയെ ഒരു പുണ്യമായി വിളിച്ചു.

ഇന്ന് ആരെങ്കിലും എളിമയുള്ളവരായി വാഴ്ത്തപ്പെടുമ്പോഴെല്ലാം, സുവിശേഷം പരോക്ഷമായി പ്രസംഗിക്കപ്പെടുന്നു. എന്തെന്നാൽ, യേശുവിനെ കൂടാതെ, എളിമ “നല്ലത്” എന്നോ, ഒരു എളിമയുടെ ദിനമോ ചിന്തിക്കാൻ പോലും കഴിയില്ല. ക്രിസ്തു നമുക്കായി തന്റെ പദവി ഉപേക്ഷിച്ചു, അങ്ങനെ ചരിത്രത്തിൽ ദൈവത്തിന്റെ എളിയ സ്വഭാവം വെളിപ്പെടുത്തി.