എന്റെ പിതാവിന്റെ അവസാന ദിവസങ്ങളിൽ, ഒരു നഴ്സ് ഞങ്ങളുടെ മുറിയിൽ വന്ന് അദ്ദേഹത്തിന്റെ മുഖം ഷേവ് ചെയ്യണോ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് റേസർ മെല്ലെ വലിച്ചപ്പോൾ, റേച്ചൽ വിശദീകരിച്ചു, “തന്റെ പ്രായത്തിലുള്ള മുതിർന്ന പുരുഷന്മാർ എല്ലാ ദിവസവും വൃത്തിയായി ഷേവ് ചെയ്യാൻ ഇഷ്ടപ്പെടുന്നു.” റേച്ചൽ ഒരു ആവശ്യം കാണുകയും മറ്റുള്ളവരോട് ദയയും മാന്യതയും ആദരവും കാണിക്കാനുള്ള അവളുടെ സഹജാവബോധത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്തു. അവൾ നൽകിയ ആർദ്രമായ പരിചരണം എന്റെ സുഹൃത്തായ ജൂലിയെ ഓർക്കാൻ ഇടയാക്കി. അവൾ ഇപ്പോഴും അവളുടെ പ്രായമായ അമ്മയുടെ നഖങ്ങൾ മിനുക്കിയെടുക്കുന്നു, കാരണം “സുന്ദരിയായി” കാണപ്പെടുന്നത് അമ്മയ്ക്ക് പ്രധാനമാണ്.
ദരിദ്രർക്ക് കൈകൊണ്ട് വസ്ത്രങ്ങൾ നിർമ്മിച്ചു നൽകി ദയ കാണിച്ച തബീഥാ എന്ന് അറിയപ്പെടുന്ന ഡോർക്കസിനെ പറ്റി അപ്പൊസ്തല പ്രവൃത്തികൾ 9 നമ്മോട് പറയുന്നു (വാ. 36, 39). അവൾ മരിച്ചപ്പോൾ, മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന ദയയുള്ള അവളുടെ മുറി കണ്ണീരോടെ വിലപിച്ച സുഹൃത്തുക്കളാൽ നിറഞ്ഞു.
എന്നാൽ ഡോർക്കസിന്റെ കഥ അവിടെ അവസാനിച്ചില്ല. അവളുടെ മൃതദേഹം കിടക്കുന്നിടത്തേക്ക് പത്രൊസിനെ കൊണ്ടുവന്നപ്പോൾ അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചു. ദൈവത്തിന്റെ ശക്തിയിൽ അവൻ അവളെ പേര് ചൊല്ലി വിളിച്ചു, “തബീഥായേ, എഴുന്നേല്ക്ക” (വാക്യം 40). അതിശയകരമെന്നു പറയട്ടെ, ഡോർക്കസ് അവളുടെ കണ്ണുകൾ തുറന്ന് കാലൂന്നി എഴുന്നേറ്റു. അവൾ ജീവൻ പ്രാപിച്ചു എന്ന് അവളുടെ സുഹൃത്തുക്കൾ മനസ്സിലാക്കിയപ്പോൾ, പട്ടണത്തിൽ പെട്ടെന്ന് വാർത്ത പരക്കുകയും “അനേകം ആളുകൾ കർത്താവിൽ വിശ്വസിക്കുകയും ചെയ്തു” (വാക്യം 42).
അവളുടെ ജീവിതത്തിന്റെ അടുത്ത ദിവസം ഡോർക്കസ് എങ്ങനെ ചെലവഴിച്ചിരിക്കാം? ഒരുപക്ഷേ അവൾ മുമ്പത്തെപ്പോലെ തന്നെ – ആളുകളുടെ ആവശ്യങ്ങൾ കാണുകയും അവയെ നിറവേറ്റുകയും ചെയ്തു.
മറ്റുള്ളവരെ സഹായിക്കാനുള്ള വഴികൾ എപ്പോഴും കണ്ടെത്തുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? മറ്റുള്ളവരുടെ ആവശ്യങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുവാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?
പിതാവേ, എനിക്ക് ചുറ്റുമുള്ള വേദനിക്കുന്നവരെയും ദരിദ്രരെയും കാണാൻ എല്ലാ ദിവസവും എന്റെ കണ്ണുകൾ തുറക്കേണമേ. ദൈവസ്നേഹം അവരെ കാണിക്കാൻ എന്നാൽ കഴിയുന്നത് ചെയ്യാൻ എന്റെ ഹൃദയം തുറക്കുക.