അന്താരാഷ്ട്ര സമൂഹത്തിൽ അസാധാരണമായ സമഭാവം നിലനിർത്താൻ പഠിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രത്തിന്റെ നേതാവിനെക്കുറിച്ച് പണ്ഡിതനായ കെന്നത്ത് ഇ. ബെയ്ലി പറഞ്ഞിട്ടുണ്ട്. ഇസ്രായേലുമായും അതിനു ചുറ്റുമുള്ള ജനതകളുമായും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ രാജ്യം എങ്ങനെയാണ് ഈ സന്തുലിതാവസ്ഥ നിലനിർത്തുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു, “ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു. ഞങ്ങളുടെ ശത്രുക്കളായി മാറുവാൻ ഞങ്ങൾ ഞങ്ങളുടെ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല.”
അത് ബുദ്ധിപരവും യഥാർത്ഥത്തിൽ പ്രായോഗികവുമായ തന്ത്രമാണ്. ആ ആഫ്രിക്കൻ രാജ്യം അന്താരാഷ്ട്ര തലത്തിൽ മാതൃകയാക്കിയത് വ്യക്തിപരമായ തലത്തിൽ ചെയ്യാൻ പൗലൊസ് തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ക്രിസ്തു മാറ്റം വരുത്തിയ ജീവിതത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ഒരു നീണ്ട വിവരണത്തിനിടയിൽ അദ്ദേഹം എഴുതി, “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ” (റോമർ 12:18). നമ്മുടെ ശത്രുക്കളോട് നാം പെരുമാറുന്ന രീതി പോലും (വാ.20-21) ദൈവത്തിലും അവിടുത്തെ ആത്യന്തികമായ കരുതലിലും ഉള്ള നമ്മുടെ വിശ്വാസത്തെയും ആശ്രയത്തെയും പ്രതിഫലിപ്പിക്കുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുന്നു.
എല്ലാവരുമായും സമാധാനത്തോടെ ജീവിക്കാൻ എല്ലായ്പ്പോഴും സാധ്യമായേക്കില്ല (എല്ലാത്തിനുമുപരി, “കഴിയുമെങ്കിൽ” എന്ന് പൗലൊസ് പറയുന്നു). എന്നാൽ യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തം, നമ്മുടെ ജീവിതത്തെ നയിക്കാൻ അവന്റെ ജ്ഞാനത്തെ അനുവദിക്കുക എന്നതാണ് (യാക്കോബ് 3:17-18). അങ്ങനെ നമുക്ക് ചുറ്റുമുള്ളവരോടു സമാധാനം ഉണ്ടാക്കുന്നവരായി നാം മാറുന്നു (മത്തായി 5:9). സമാധാനത്തിന്റെ രാജകുമാരനെ ആദരിക്കാൻ ഇതിലും നല്ല മാർഗം മറ്റെന്താണ്?
സമാധാനത്തോടെ ജീവിക്കുവാൻ നിങ്ങൾ എങ്ങനെയാണ് പാടുപെടുന്നത്? മനഃപൂർവം സമാധാനമുണ്ടാക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ആ ഘട്ടത്തിൽ കൃപ പകരാൻ കഴിയുക?
സ്നേഹവാനായ പിതാവേ, ഞാൻ അങ്ങയുടെ ശത്രുവായിരുന്നു, അങ്ങ് എന്നെ മിത്രം എന്ന് വിളിച്ചു. ഒരു സമാധാനപ്രേമിയാകുവാൻ എന്നെ പ്രാപ്തനാക്കുക, അങ്ങനെ നിന്റെ കൃപ മറ്റുള്ളവരോടും കാണിക്കുവാൻ എനിക്ക് ഇടയാകട്ടെ.