അമേരിക്കയിലെ നോർത്ത് ഡക്കോട്ടയിൽ കാൻസർ ബാധിച്ച അഞ്ച് വയസ്സുകാരി ബെല്ലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ചികിത്സയുടെ ഭാഗമായി അവൾക്ക് മ്യൂസിക് തെറാപ്പി ലഭിച്ചു. എന്തുകൊണ്ടെന്ന് കൃത്യമായി അറിയില്ലങ്കിലും പല മാനസികാവസ്ഥയിൽ ഉള്ളവർക്കും സംഗീതത്തിന്റെ ശക്തമായ സ്വാധീനം ഗുണപ്രദമായി തീർന്നിട്ടുണ്ട് എന്ന് ക്ലിനിക്കൽ ഗവേഷകർ അടുത്തിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്ലയെ പോലുള്ള കാൻസർ രോഗികൾക്കും പാർക്കിൻസൺസ് രോഗം, ഡിമെൻഷ്യ, ആഘാതം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും സംഗീതം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്നത് സാധാരണമാണ്.

ശൗൽ രാജാവ് തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഒരു സംഗീത തെറാപ്പിക്കായി തിരഞ്ഞു. അവന്റെ പരിചാരകർ അവന്റെ സമാധാനമില്ലായ്മ കണ്ടു, അവനുവേണ്ടി കിന്നരം വായിക്കാൻ ആരെയെങ്കിലും കണ്ടെത്താമെന്ന് നിർദ്ദേശിച്ചു (1 ശമൂ. 16:16). അത് അവനെ “സുഖമാക്കും” എന്ന് പ്രതീക്ഷയിൽ അവർ യിശ്ശായിയുടെ മകനായ ദാവീദിനെ വിളിപ്പിച്ചു. ശൗൽ അവനിൽ സന്തുഷ്ടനാകുകയും “തന്റെ ശുശ്രൂഷയിൽ തുടരുവാൻ” അവനോട് ആവശ്യപ്പെടുകയും ചെയ്തു (വാ.22). ദാവീദ് ശൗലിന്റെ അശാന്തിയുടെ നിമിഷങ്ങളിൽ അവനുവേണ്ടി കിന്നരം വായിച്ചു, തന്റെ അസ്വസ്ഥതയിൽ അവന് ആശ്വാസം അരുളി.

സംഗീതം നമ്മെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ദൈവത്തിന് അറിയാമായിരുന്ന കാര്യങ്ങൾ ശാസ്ത്രീയമായി നാം കണ്ടെത്തുക മാത്രമായിരിക്കാം ചെയ്തിരിക്കുക. നമ്മുടെ ശരീരത്തിന്റെയും സംഗീതത്തിന്റെയും രചയിതാവും സ്രഷ്ടാവും എന്ന നിലയിൽ, നമ്മുടെ ആരോഗ്യത്തിനായി എല്ലാവർക്കും എളുപ്പത്തിൽ പ്രാപ്യമായ ഒരു കുറിപ്പടി അവിടുന്നു നൽകി. ആരും കേൾക്കുന്നിലെങ്കിലും, നമ്മുടെ സന്തോഷങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമിടയിൽ സ്വന്തമായി സംഗീതം സൃഷ്ടിച്ചുകൊണ്ട് നമുക്ക് ദൈവത്തെ വാഴ്ത്തി പാടാം. (സങ്കീ. 59:16; അപ്പൊ. പ്രവൃത്തി. 16:25).