2020 ഈസ്റ്റർ ഞായറാഴ്ച, ബ്രസീലിലെ റിയോ ഡി ജനീറോയ്ക്ക് അഭിമുഖമായി നിൽക്കുന്ന പ്രസിദ്ധമായ ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ, ഒരു വൈദ്യന്റെ വസ്ത്രം ധരിച്ചു നിൽക്കുന്ന യേശുവിനെ ചിത്രീകരിക്കുന്ന നിലയിൽ ദീപാലംകൃതമായി പ്രദർശിപ്പിച്ചു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ക്രിസ്തുവിനെ ഒരു ഡോക്ടറായി ചിത്രീകരിച്ചത്. നമ്മുടെ മഹാവൈദ്യൻ (മർക്കൊസ് 2:17) എന്ന യേശുവിന്റെ പൊതുവായ വിവരണത്തിന് ഈ ചിത്രം ജീവൻ നൽകുന്നു.

യേശു തന്റെ ഭൗമിക ശുശ്രൂഷയിൽ അനേകം ആളുകളെ അവരുടെ ശാരീരിക ക്ലേശങ്ങളിൽ നിന്ന് സുഖപ്പെടുത്തി: അന്ധനായ ബർത്തിമായി (10:46-52), ഒരു കുഷ്ഠരോഗി (ലൂക്കൊസ് 5:12-16), ഒരു പക്ഷവാതരോഗി (മത്തായി 9:1-8) എന്നിങ്ങനെ. തന്നെ അനുഗമിക്കുന്നവരുടെ ആരോഗ്യത്തോടുള്ള അവന്റെ കരുതൽ, ജനത്തിനു ഭക്ഷണം നൽകുന്നതിനായി ഒരു ലഘുഭക്ഷണം വർദ്ധിപ്പിക്കുന്നതിലൂടെ അവരുടെ വിശപ്പിന് പ്രദാനം ചെയ്യുന്നതിൽ പ്രകടമായിരുന്നു (യോഹന്നാൻ 6:1-13). ഈ അത്ഭുതങ്ങൾ ഓരോന്നും യേശുവിന്റെ മഹത്തായ ശക്തിയും ആളുകളോടുള്ള അവന്റെ യഥാർത്ഥ സ്‌നേഹവും വെളിപ്പെടുത്തുന്നു.

എന്നിരുന്നാലും, യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവന്റെ ഏറ്റവും വലിയ രോഗശാന്തി പ്രവൃത്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സംഭവിച്ചു. നമ്മുടെ ഏറ്റവും മോശമായ കഷ്ടതകൾക്ക് – നമ്മുടെ പാപങ്ങളുടെ ഫലമായി ദൈവത്തിൽ നിന്നുള്ള നമ്മുടെ വേർപാടിന് – “അവന്റെ അടിപ്പിണരുകളാൽ … സൌഖ്യം വന്നുമിരിക്കുന്നു” (യെശയ്യാവ് 53:5). നമ്മുടെ ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം യേശു പരിഹരിക്കുന്നില്ലെങ്കിലും, നമ്മുടെ ആഴത്തിലുള്ള ആവശ്യത്തിനുള്ള ചികിത്സ അവൻ നടത്തുമെന്നു നമുക്ക് വിശ്വസിക്കാം: അതായത് ദൈവവുമായുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരുന്ന രോഗസൗഖ്യം.