എന്റെ മകന് ഏകദേശം മൂന്ന് വയസ്സുള്ളപ്പോൾ, എനിക്ക് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നു. അതു സുഖമാകാൻ ഒരു മാസമോ അതിലധികമോ ആവശ്യമായിരുന്നു. ശസ്ത്രക്രിയയ്ക്കുമുമ്പ്, ഞാൻ കിടക്കയിൽ തന്നെ കിടക്കുന്നതും സിങ്കിൽ വൃത്തിഹീനമായ പാത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതും ഞാൻ ഭാവനയിൽ കണ്ടു. ഊർജ്ജസ്വലനായ ഒരു പിഞ്ചുകുഞ്ഞിനെ ഞാൻ എങ്ങനെ പരിപാലിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാൻ സ്റ്റൗവിന് മുന്നിൽ നിൽക്കുന്നത് എനിക്ക് ചിന്തിക്കാൻപോലും കഴിഞ്ഞില്ല. എന്റെ ബലഹീനത, ഞങ്ങളുടെ ജീവിതത്തിന്റെ താളത്തിൽ ആഴത്തിൽ ചെലുത്താൻ പോകുന്ന ആഘാതത്തെ ഞാൻ ഭയന്നു.

മിദ്യാന്യരെ നേരിടുന്നതിനുമുമ്പ് ദൈവം മനഃപൂർവം ഗിദെയോന്റെ സൈന്യത്തെ ദുർബലപ്പെടുത്തി. ആദ്യം, ഭയമുള്ളവരെ പോകാൻ അനുവദിച്ചു-ഇരുപത്തീരായിരം പേർ വീട്ടിലേക്ക് പോയി (ന്യായാധിപന്മാർ 7:3). പിന്നെ, അവശേഷിച്ച പതിനായിരത്തിൽ, കുടിക്കാൻ വെള്ളം കൈയിൽ കോരി നക്കിക്കുടിച്ചവർ മാത്രം നിൽക്കട്ടെ എന്നു പറഞ്ഞു. മുന്നൂറ് പേർ മാത്രം അവശേഷിച്ചു. എന്നാൽ ഈ കുറവ്, യിസ്രായേല്യർ സ്വന്തശക്തിയിൽ ആശ്രയിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു (വാ. 5-6). “എന്റെ കൈ എന്നെ രക്ഷിച്ചു” (വാ. 2) എന്ന് അവർക്ക് പറയാൻ കഴിയുമായിരുന്നില്ല.

നമ്മിൽ പലരും, തളർന്നുപോകുന്നതും ശക്തിഹീനരാകുന്നതുമായ സമയങ്ങൾ അനുഭവിക്കാറുണ്ട്. ഇത് എനിക്ക് സംഭവിച്ചപ്പോൾ, എനിക്ക് ദൈവത്തെ എത്രമാത്രം ആവശ്യമാണെന്ന് ഞാൻ മനസ്സിലാക്കി. അവൻ തന്റെ ആത്മാവിലൂടെ ആന്തരികമായും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്താൽ ബാഹ്യമായും എന്നെ പ്രോത്സാഹിപ്പിച്ചു. കുറച്ച് സമയത്തേക്ക് എനിക്ക് എന്റെ സ്വാതന്ത്ര്യം ഉപേക്ഷിക്കേണ്ടിവന്നു, എന്നാൽ ഇത് ദൈവത്തിൽ കൂടുതൽ പൂർണ്ണമായി ആശ്രയിക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. കാരണം, ‘[അവന്റെ] ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” (2 കൊരിന്ത്യർ 12:9), നമ്മുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റാൻ കഴിയാതെ വരുമ്പോൾപോലും നമുക്ക് പ്രത്യാശിക്കുവാൻ കഴിയും.