എനിക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പലപ്പോഴും, അത്തരം കോളുകൾ വോയ്‌സ്‌മെയിലിലേക്ക് പോകാൻ അനുവദിക്കുകയാണു ഞാൻ ചെയ്യുന്നത്. എന്നാൽ ഇത്തവണ ഞാൻ അത് എടുത്തു. വിളിച്ച അപരിചിതനായ ആൾ, ഒരു ചെറിയ ബൈബിൾ ഭാഗം പങ്കിടാൻ എനിക്ക് ഒരു മിനിറ്റ് സമയമുണ്ടോ എന്ന് വിനീതമായി ചോദിച്ചു. ദൈവം എങ്ങനെ ”അവരുടെ കണ്ണിൽനിന്നു കണ്ണുനീർ തുടച്ചുനീക്കും” എന്ന വെളിപ്പാട് 21:3-5 ഭാഗം അദ്ദേഹം ഉദ്ധരിച്ചു. തുടർന്ന് യേശുവിനെക്കുറിച്ച് സംസാരിച്ചു, അവൻ നമ്മുടെ ഉറപ്പും പ്രത്യാശയും ആയിരിക്കുന്നു. എന്റെ വ്യക്തിപരമായ രക്ഷകനായി യേശുവിനെ എനിക്കറിയാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ വിളിച്ചയാളിന് എന്നോട് ‘സാക്ഷിക്കുക’ എന്ന ഉദ്ദേശ്യമായിരുന്നില്ല ഉണ്ടായിരുന്നത്്. പകരം, എന്നോടൊപ്പം പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. എനിക്ക് പ്രോത്സാഹനവും ശക്തിയും നൽകണമെന്ന് ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.
ആ വിളി എന്നെ തിരുവെഴുത്തിലെ മറ്റൊരു ‘വിളി’യെ ഓർമ്മിപ്പിച്ചു – ദൈവം അർദ്ധരാത്രിയിൽ ശമൂവേലിനെ വിളിച്ചു (1 ശമൂവേൽ 3:4-10).വൃദ്ധ പുരോഹിതനായ ഏലിയാണെന്ന് കരുതി ശമൂവേൽ മൂന്നു പ്രാവശ്യം അവന്റെയടുത്തക്ക് ടിച്ചെന്നു. അവസാനമായി, ഏലിയുടെ നിർദ്ദേശപ്രകാരം, ദൈവം തന്നെ വിളിക്കുകയാണെന്ന് ശമൂവേൽ മനസ്സിലാക്കി: “അരുളിച്ചെയ്യേണമേ; അടിയൻ കേൾക്കുന്നു” (വാക്യം 10) എന്ന് അവൻ പ്‌രതിവചിച്ചു. അതുപോലെ, നമ്മുടെ ദിനരാത്രങ്ങളിൽ ദൈവം നമ്മോട് സംസാരിച്ചുകൊണ്ടിരിക്കാം. നാം ‘ഫോണെടുക്കണം,’ അതിനർത്ഥം അവന്റെ സാന്നിധ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും ചെയ്യുക എന്നതാണ്.
തുടർന്ന് ഞാൻ മറ്റൊരു വിധത്തിൽ ‘വിളിയെ’ക്കുറിച്ച് ചിന്തിച്ചു. നമ്മൾ ചിലപ്പോൾ മറ്റൊരാൾക്കുള്ള ദൈവവചനങ്ങളുടെ സന്ദേശവാഹകരായാലോ? മറ്റുള്ളവരെ സഹായിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് ഒരു സുഹൃത്തിനെ ഫോൺ ചെയ്ത് ചോദിക്കാം, ”ഇന്ന് ഞാൻ താങ്കളോടൊപ്പം പ്രാർത്ഥിക്കട്ടെ?”
ഈയിടെ ഒരാൾ നിങ്ങളുമായി എന്ത് പ്രോത്സാഹന സന്ദേശമാണ് പങ്കിട്ടത്? നിങ്ങളിൽ നിന്നുള്ള ഒരു ഫോൺ കോൾ ആരെയാണ് പ്രോത്സാഹിപ്പിച്ചത്?
പ്രിയ ദൈവമേ, അങ്ങയുടെ ജ്ഞാനത്താൽ എനിക്ക് പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കണമേ.