ഞങ്ങളുടെ സഭ ഞങ്ങളുടെ ആദ്യത്തെ കെട്ടിടം നിർമ്മിച്ചപ്പോൾ, കെട്ടിടത്തിന്റെ ഉൾവശം പൂർത്തിയാകുന്നതിന് മുമ്പ് ആളുകൾ മതിൽ തൂണുകളിലും (കെട്ടിടത്തിന്റെ ചോട്ടക്കൂടിനെ താങ്ങുന്ന ഭിത്തിക്കു പിന്നിലെ ലംബമായ ബീമുകൾ) കോൺക്രീറ്റ് തറകളിലും നന്ദിയുടെ ഓർമ്മപ്പെടുത്തലുകൾ എഴുതിവെച്ചു. തൂണികളിൽ നിന്ന് ഭിത്തി നീക്കിയാൽ നിങ്ങൾക്കവ അവിടെ കാണാൻ കഴിയും. ”അങ്ങു വളരെ നല്ലവനാണ്!” എന്നതുപോലുള്ള സ്തുതിവചനങ്ങളും പ്രാർത്ഥനകളും തിരുവെഴുത്തിൽ നിന്നുള്ള വാക്യങ്ങളും അവരെഴുതി. ഞങ്ങൾ നേരിട്ട വെല്ലുവിളികൾക്കപ്പുറമായി ദൈവം ദയയും കരുതലും കാണിച്ചിരുന്നു എന്നതിന് വരും തലമുറകൾക്ക് സാക്ഷിയായി ഞങ്ങൾ അതവിടെ രേഖപ്പെടുത്തി.
ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നാം ഓർക്കുകയും അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും വേണം. “യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീർത്തിക്കും” (യെശയ്യാവ് 63:7) എന്നു രേഖപ്പെടുത്തിയതിലൂടെ യെശയ്യാവ് ഇതിനു മാതൃക കാണിച്ചു. പിന്നീട്, ചരിത്രത്തിലുടനീളം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ദയയും പ്രവാചകൻ വിവരിക്കുന്നു, “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” (വാ. 9) എന്നു പോലും പറയുന്നു. എന്നാൽ നിങ്ങൾ അധ്യായം തുടർന്നും വായിക്കുകയാണെങ്കിൽ, യിസ്രായേൽ വീണ്ടും ഒരു പ്രശ്നത്തിലായെന്ന് നിങ്ങൾക്കു മനസ്സിലാകും, കൂടാതെ ദൈവത്തിന്റെ ഇടപെടലിനായി പ്രവാചകൻ ആഗ്രഹിക്കുന്നതായും കണാം.
ദൈവത്തിന്റെ മുൻകാല ദയകൾ ഓർക്കുന്നത് ബുദ്ധിമുട്ടുള്ള സമയങ്ങളിൽ സഹായകരമാണ്. വെല്ലുവിളി നിറഞ്ഞ ഋതുക്കൾ വരികയും പോകുകയും ചെയ്യുന്നു, എന്നാൽ അവന്റെ വിശ്വസ്ത സ്വഭാവം ഒരിക്കലും മാറുകയില്ല. അവൻ ചെയ്ത എല്ലാ കാര്യങ്ങളുടെയും സ്മരണയിൽ നന്ദിയുള്ള ഹൃദയത്തോടെ നാം അവങ്കലേക്ക് തിരിയുമ്പോൾ, അവൻ എപ്പോഴും നമ്മുടെ സ്തുതിക്ക് യോഗ്യനാണെന്ന് നാം വീണ്ടും കണ്ടെത്തുന്നു.
കഴിഞ്ഞ കാലങ്ങളിൽ ദൈവം നിങ്ങളോട് എന്ത് ദയയാണ് കാണിച്ചിട്ടുള്ളത്? നിങ്ങൾ വെല്ലുവിളി നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോകുമ്പോൾ അവയ്ക്കുവേണ്ടി അവനെ സ്തുതിക്കുന്നത് നിങ്ങളെ എങ്ങനെ സഹായിക്കും?
പിതാവേ, അങ്ങ് എല്ലാ സൃഷ്ടികളുടെയും മേൽ പരമാധികാരിയാണ്. അങ്ങയുടെ നന്മ മാറാത്തതിനാലും അങ്ങ് എപ്പോഴും എന്നോടൊപ്പമുള്ളതിനാലും ഞാൻ അങ്ങയെ സ്തുതിക്കുന്നു.